Image

ശാസ്ത്രത്തെ കെട്ടിപ്പിടിക്കുമ്പോള്‍ (മുരളി തുമ്മാരുകുടി)

Published on 03 June, 2018
ശാസ്ത്രത്തെ കെട്ടിപ്പിടിക്കുമ്പോള്‍ (മുരളി തുമ്മാരുകുടി)
നമ്മുടെ യുവ ഡോക്ടര്‍മാരുടെ സംഘം കേരളത്തിലെ മൊത്തം വാക്‌സിന്‍ വിരുദ്ധരും ആയി പടവെട്ടിയിട്ട് ഒരു വര്‍ഷം പോലും ആയിട്ടില്ല. അവരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ല മറിച്ചു നമ്മുടെ പുതിയ തലമുറയിലെ കുട്ടികള്‍ ആരോഗ്യത്തോടെ വളരാനും നമ്മുടെ പൊതുജനാരോഗ്യം സംരക്ഷിക്കാനും കേരളത്തെ ആരോഗ്യ രംഗത്ത് ഇന്ത്യയിലെ നമ്പര്‍ വണ്‍ ആയി നിലനിര്‍ത്താനും ലോക നിലവാരത്തോട് അടുപ്പിക്കാനും ഒക്കെയാണ്.

എന്തൊക്കെ പ്രതിബന്ധങ്ങള്‍ ആയിരുന്നു. ഫേസ്ബുക്കില്‍ കൂടെ ഗോഗ്വാ വിളി, മരുന്ന് കമ്പനിക്കാരുടെ ഏജന്റ് ആണെന്ന ആരോപണം, സ്വയം കുത്തിവയ്പ്പെടുത്തു തെളിയിക്കാന്‍ വെല്ലുവിളി, പോരാത്തതിന് ഉന്തും തള്ളും വരെ അവര്‍ നേരിട്ടൂ.

എതിര്‍പ്പ് വന്നത് ഒരുകൂട്ടരില്‍ നിന്നും മാത്രം ആയിരുന്നില്ല. ശാസ്ത്രത്തിന്റെ അടിസ്ഥാന ബോധം ഇല്ലാത്ത വൈദ്യ രംഗത്ത് നിന്ന്, പ്രാകൃത ചികിത്സക്കാരില്‍ നിന്ന്, മത തീവ്രവാദികളില്‍ നിന്ന്, കുറച്ചു ശാസ്ത്രവും കുറെ ഗൂഡാലോചന സിദ്ധാന്തവും കൂട്ടിക്കുഴച്ചവരില്‍ നിന്ന്. എന്നിട്ടും ശാസ്ത്രത്തെ അടിസ്ഥാനം ആക്കി വൈദ്യം പഠിച്ചവരും പ്രാക്ടീസ് ചെയ്യുന്നവരും പിടിച്ചു നിന്നു.

നിപ്പ വന്നപ്പോള്‍ കഥയാകെ മാറി. ആധുനിക വൈദ്യ ശാസ്ത്രം മാത്രമാണ് ഈ പ്രതിസന്ധി സമയത്ത് നമ്മുടെ സമൂഹത്തെ രക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്. രോഗം ബാധിച്ചാല്‍ മരിക്കാനുള്ള സാധ്യത പത്തില്‍ ഏഴില്‍ കൂടുതല്‍ ആയിട്ടും, വ്യക്തിസുരക്ഷക്കുള്ള സൗകര്യങ്ങള്‍ പരിമിതമായിട്ടും സ്വന്തം ജീവനിലും വലുത് രോഗിയുടെ സംരക്ഷണവും സമൂഹത്തിന്റെ ആരോഗ്യവും ആണെന്ന് ചിന്തിച്ച് നമ്മുടെ ഡോക്ടര്‍മാരും നേഴ്സുമാരും മറ്റു ആരോഗ്യ പ്രവര്‍ത്തകരും ഈ യുദ്ധം മുന്നില്‍ നിന്നും നയിക്കുകയാണ്. ആദ്യത്തെ വീരവാദത്തിന് ശേഷം ഒരു വാക്‌സിന്‍ വിരുദ്ധരും തൃശൂര് നിന്ന് വടക്കോട്ട് ട്രെയിന്‍ കയറുന്നില്ല.

ഇന്നിപ്പോള്‍ നിപ്പക്ക് ഒരു വാക്‌സിന്‍ ഉണ്ടെന്ന് ഇതേ ഡോക്ടര്‍മാര്‍ പറഞ്ഞു എന്ന് വക്കുക. നാളെ മുതല്‍ കേരളത്തിലെ ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യുന്ന ആശുപത്രികളുടെ മുന്നില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ പോലീസിനെ വക്കേണ്ടി വരും. പ്രാകൃത ചികിത്സക്കാര്‍ തൊട്ടു ഗൂഢാലോചന സിദ്ധാന്തക്കാര്‍ വരെ അവരുടെ സിദ്ധാന്തം ഒക്കെ മാറ്റി വച്ച് തലയില്‍ മുണ്ടിട്ട് വാക്‌സിന്‍ എടുക്കാന്‍ നോക്കും.

ഇപ്പോള്‍ തന്നെ സമൂഹത്തിന്റെ പെരുമാറ്റത്തില്‍ നിന്നും ഈ കാര്യം കാണാമല്ലോ. എല്ലാത്തരം ആരാധനാലയങ്ങളിലും ആളു കുറഞ്ഞു, കോഴിക്കോട് പ്രദേശത്ത് പേരുകേട്ട ആരാധനാലയങ്ങള്‍ വരെ വിജനം ആണ്. പ്രാര്‍ത്ഥിച്ചു രോഗം മാറ്റുന്നവരും ഓതിയും ചരടുകെട്ടിയും രോഗത്തെ പ്രതിരോധിക്കുന്നവരും തല്‍ക്കാലം അതൊക്കെ മാറ്റി വച്ചു.

വാസ്തവത്തില്‍ ഇതൊരു നല്ല കാര്യം ആണ്. ഇത്രയൊക്കെയേ ഉള്ളൂ നമ്മുടെ ശാസ്ത്ര വിരുദ്ധത. ഒരു നൂറു കൊല്ലം മുന്‍പായിരുന്നെങ്കില്‍ ഒരു മഹാമാരി ഉണ്ടാകുമ്പോള്‍ ആളുകള്‍ ആരാധനാലയങ്ങളിലേക്ക് ഇരച്ചു ചെന്നേനെ. ദൈവകോപം പോലെ എന്തെങ്കിലും മണ്ടത്തരം പറഞ്ഞു മതങ്ങളും ഒറ്റമൂലിയുടെ കഥപറഞ്ഞു വ്യാജന്മാരും ആളുകളുടെ കാശു പിടുങ്ങിനെയേനേ, പ്രശ്‌നം ഇതിലൊക്കെ എത്രയോ വഷളാക്കിയേനെ. കഴിഞ്ഞ നൂറ്റാണ്ടിലെ വസൂരിക്കലാവും ആയി ഇതിനെ ഒന്ന് താരതമ്യ പെടുത്തിയാല്‍ മതി.

അപ്പോള്‍ ഒരു കാര്യത്തില്‍ നമുക്ക് ആശ്വസിക്കാം. അന്ധവിശ്വാസത്തിന്റേയും അശാസ്ത്രീയതയുടെയും അതിനെ മുതലെടുക്കുന്നവരുടെയും കുറച്ചു തുരുത്തുകള്‍ നമ്മുടെ സമൂഹത്തില്‍ ബാക്കി ഉണ്ടെങ്കിലും പൊതുവില്‍ നമ്മുടെ ശാസ്ത്രബോധം മുന്നോട്ട് തന്നെ ആണ്. അല്പം ഒന്ന് പേടിച്ചാല്‍ മാത്രമേ അത് പുറത്തു വരൂ എന്നേ ഉള്ളൂ. ഈ പ്രശ്‌നം ഒക്കെ കഴിഞ്ഞാല്‍ ആരാധനാലയങ്ങള്‍ വീണ്ടും സജീവം ആകും 'ദൈവം രക്ഷിച്ചു' എന്നൊക്കെ വിശ്വാസികള്‍ പറയും, പ്രാകൃത ചികിത്സക്കാര്‍ പുതിയ സിദ്ധാന്തങ്ങളും ആയി എത്തും. എന്നാലും പൊതുസമൂഹത്തില്‍ അവരുടെ വിശ്വാസ്യത കുറയും, അടുത്ത വാക്‌സിന്‍ കാലം ആകുമ്പോള്‍ ഇവരുടെ പരിപ്പ് പഴയതു പോലെ വേവാതാകും.

സമൂഹത്തിലെ അശാസ്ത്രീയ ചിന്തകള്‍ക്കെതിരെ എഴുത്തുകൊണ്ടും, സമൂഹത്തെ നേരിടുന്ന രോഗത്തെ പ്രവര്‍ത്തികൊണ്ടും നേരിടുന്ന, ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ നമ്മുടെ അഭിമാനമാണ്. തലമുറകള്‍ ആയി സമൂഹത്തിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിച്ച ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രചാരകരുടെ അര്‍ഹത പെട്ട പിന്തലമുറക്കാരും ആണ്. കേരളത്തിന് ഒരു 'കേരള രത്‌ന' അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അത് ഈ വര്ഷം നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവകാശപ്പെട്ടതാണ്. അവരോടുള്ള എന്റെ സ്‌നേഹവും ബഹുമാനവും നിസ്സീമമാണ്. ജനീവയില്‍ ആണെങ്കിലും എന്റെ മനസ്സും ചിന്തയും അവരോടൊപ്പം മാത്രമാണ്.

ശാസ്ത്രത്തെ കെട്ടിപ്പിടിക്കുമ്പോള്‍ (മുരളി തുമ്മാരുകുടി)
Join WhatsApp News
FRANCIS THADATHIL 2018-06-04 10:53:46
Hi Murali
I love your writings. It is very informative and updated. just a curiosity are you related to Late leela menon who passed away yesterday. I read that her family name is also thummarukudy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക