Image

പ്രായമായവരുടെ തോക്കിനോടുള്ള വേര്‍പിരിയാനാവാത്ത ബന്ധം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 04 June, 2018
പ്രായമായവരുടെ തോക്കിനോടുള്ള വേര്‍പിരിയാനാവാത്ത  ബന്ധം   (ഏബ്രഹാം തോമസ്)
അമേരിക്കയില്‍ പ്രായമായവര്‍, പ്രത്യേകിച്ച് പുരുഷന്മാര്‍ 33% വും സ്വന്തമായ തോക്കിനോട് വേര്‍പിരിയാനാവാത്ത ബന്ധവും ഉള്ളവരാണെന്ന് വിവിധ സര്‍വ്വേ ഫലങ്ങള്‍ പറയുന്നു. ഇതിന് പുറമെ 65 വയസു കഴിഞ്ഞവരില്‍ 12% ന് ഒപ്പം കഴിയുന്നവരുടെ കൈയിലും തോക്കുണ്ട്. പ്രായാധികം ബാധിച്ച ഇവരില്‍ ഒരു നല്ല ശതമാനത്തിന് ഡിമെന്‍ഷ്യ(ഓര്‍മ്മശക്തിക്ഷയം)യും ഉണ്ടെന്നാണ് കണ്ടെത്തല്‍. തോക്കും ഡിമെന്‍ഷ്യയും നല്ല ചേരുവകളല്ലെന്ന് മനഃശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അമേരിക്കയില്‍ ഡിമെന്‍ഷ്യ ഉള്ളവര്‍ കുറഞ്ഞുവരികയാണ്. എന്നാല്‍ പ്രായമായവര്‍ വര്‍ധിക്കുമ്പോള്‍ ഓര്‍മ്മശക്തി കുറവുള്ളവരും വര്‍ധിക്കുന്നു. ആത്മഹത്യാ നിരക്കുകളും വര്‍ധിക്കുകയാണ്. 1999 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 2016 ല്‍ 28% ആത്മഹത്യകള്‍ വര്‍ധിച്ചതായാണ് കണക്ക്. 2016 ല്‍ 8,200 ല്‍ അധികം പ്രായമായ മുതിര്‍ന്നവര്‍ സ്വയം ജീവനെടുത്തതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ പറയുന്നു. പുരുഷന്മാരില്‍ 65 വയസ് കഴിഞ്ഞവരാണ് കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്. ഇവരില്‍ മൂന്നിലൊന്ന് പേരും തോക്ക് ഉപയോഗിച്ചാണ് സ്വന്തം ജീവന്‍ എടുക്കുന്നത്.
യഥാര്‍ത്ഥത്തില്‍ മുതിര്‍ന്നവര്‍ ചെറുപ്പക്കാരെക്കാള്‍ കുറച്ച് ആത്മഹത്യാശ്രമങ്ങളേ നടത്താറുള്ളൂ. എന്നാല്‍ യുവാക്കള്‍ ഈ ശ്രമത്തില്‍ കൂടുതല്‍ പരാജയപ്പെടുമ്പോള്‍ പ്രായമായവരില്‍ ഇങ്ങനെ സംഭവിക്കാറില്ല. ഒരു കാരണം പ്രായമായവര്‍ ഉപയോഗിക്കുന്നത് കൂടുതല്‍ മാരകമായ മാര്‍ഗങ്ങളാണ്. ആരോഗ്യപരിരക്ഷാ വിദഗ്ധര്‍ പ്രായമായവരെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ അവരുടെ ദിനചര്യയെക്കുറിച്ചും എവിടെയൊക്കെ സ്വയം വണ്ടിയോടിച്ച് പോകും എന്നൊക്കെ ചോദിക്കാറുണ്ട്. എന്നാല്‍ കൈവശം തോക്കുണ്ടോ എന്ന് പലപ്പോഴും ചോദിക്കാറില്ല.

ഫ്‌ളോറിഡായിലെ പോക്ക് കൗണ്ടിയില്‍ വാര്‍ധക്യ സഹജരോഗങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്ന ബാര്‍ബറ ഹെറിംഗ്ടണ്‍ ഒരു ദിവസം തന്റെ 72 കഴിഞ്ഞ  രോഗിയെ സന്ദര്‍ശിപ്പിക്കുകയായിരുന്നു. രോഗി അവരുടെ ബെഡ്‌റൂമില്‍ നിന്ന് നടന്നുവന്നത് തന്റെ രണ്ടുകൈകളിലും ഒരു പിസ്റ്റള്‍ മുറുകെ പിടിച്ചുകൊണ്ടാണ്. ഭയചകിതയായ ഹെറിംഗ്ടണ്‍ ഓടി രക്ഷപ്പെടുകയും പോലീസിനും വൃദ്ധയുടെ മകള്‍ക്കും ഫോണ്‍ ചെയ്യുകയും ചെയ്തു. ഡിമെന്‍ഷ്യ രോഗിയായ വൃദ്ധയെ പ്രകോപിതയാക്കിയത് അവരുടെ മകള്‍ അവരുടെ കാര്‍ കൊണ്ടുപോയതാണ്. ഡിമെന്‍ഷ്യയ്‌ക്കൊപ്പം മദ്യപാനാസക്തിയുമുള്ള വൃദ്ധ കാര്‍ ഓടിക്കുവാന്‍ പാടില്ല എന്ന് അവരുടെ ന്യൂറോളജിസ്റ്റ് പറഞ്ഞതനുസരിച്ചാണ് മകള്‍ കാര്‍ മാറ്റിയത്.

തോക്കുകളോടുള്ള പ്രായമായവരുടെ ഉറ്റബന്ധം വിടുതല്‍ ചെയ്യിക്കുവാന്‍ പ്രയാസമാണെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. ഡിമെന്‍ഷ്യ ഉണ്ടായിക്കഴിഞ്ഞ് തോക്കുകള്‍ പ്രായാധിക്യം ബാധിച്ചവരില്‍ നിന്ന് മാറ്റുന്നത് അവര്‍ക്ക് അവരുടെ ശരീരത്തില്‍ നിന്ന് ഒരു അവയവം മുറിച്ച് മാറ്റുന്നത് പോലെയാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ സ്‌ക്കൂള്‍ ഓഫ് മെഡിസിനിലെ ഫാമിലി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ.മൈക്കേല്‍ വിക്ടറോഫ് പറഞ്ഞു. ഡോക്ടര്‍ തന്റെ രോഗിയായ ഒരു റിട്ടയര്‍ഡ് പോലീസ് ഓഫീസറുടെ കഥ പറഞ്ഞു. ഇയാള്‍ ഉറങ്ങുമ്പോള്‍ തന്റെ കിടക്കയില്‍ ഒരു .38 സര്‍വീസ് റിവോള്‍വര്‍ സൂക്ഷിക്കുക പതിവായിരുന്നു. എണ്‍പത് വയസിനോട് അടുത്തപ്പോള്‍ ഇയാളുടെ ഡിമെന്‍ഷ്യകടുത്തു. രാത്രിയില്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് തൊട്ടടുത്ത് കിടക്കുന്ന തന്റെ ഭാര്യയെ ഒരു അപരിചിതയായിക്കാണാന്‍ തുടങ്ങി.  ഒരിക്കല്‍ ആ .38 തോക്ക് അവരുടെ നേര്‍ക്ക് ചൂണ്ടി. അത് നിറതോക്കായിരുന്നു. അയാളെ പിന്‍തിരിപ്പിച്ച് അയാളുടെ കയ്യില്‍ നിന്ന് തോക്ക് വാങ്ങാന്‍ മുമ്പ് അയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ഉറ്റസുഹൃത്തിന് ഏറെ പണിപ്പെടേണ്ടിവന്നു.

 ഓര്‍മ്മശക്തി ക്ഷയിച്ച മുതിര്‍ന്നവരെ പരിചരിക്കുമ്പോള്‍ രോഗത്തില്‍ പരിജ്ഞാനം ഉള്ളവരെ വേണം ഹോം കെയര്‍ ഏജന്‍സികള്‍ അയയ്ക്കുവാന്‍ എന്ന് യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗന്‍ മെഡിക്കല്‍ സ്‌ക്കൂളിലെ സൈക്കാട്രിസ്റ്റ് ഡോനവന്‍ മൗസ്റ്റ് പറയുന്നു. കാരണം ഡിമെന്‍ഷ്യയുടെ പല ഘട്ടങ്ങളില്‍ തങ്ങളുടെ ഉറ്റവരെ രോഗികള്‍ തിരിച്ചറിയാറില്ല. ഇവര്‍ കടന്നു കയറ്റക്കാരോ അക്രമികളോ ആണെന്ന് കരുതും. സ്വയം തീരുമാനം എടുക്കുവാനുള്ള അവരുടെ കഴിവ് ഇല്ലാതെയാകുന്നു. ചിത്തഭ്രമം, മാനസിക വിഭ്രാന്തി ഇവയ്ക്ക് അടിപ്പെട്ടവരെപോലെ ഇവര്‍ അക്രമാസക്തരാവാം.
ഇവര്‍ക്ക് സഹായവും പരിരക്ഷയും ആവശ്യം ഉള്ളപ്പോള്‍ ചില ഹോം കെയര്‍ ഏജന്‍സികള്‍ തങ്ങളുടെ ജീവനക്കാരെ ഇവരുടെ അടുത്തേക്ക് അയയ്ക്കുകയില്ല. ഇവരുടെ കയ്യില്‍ തോക്കുകള്‍ ഉണ്ടെന്നാണ് കാരണമായി പറയുന്നത്.

ഡിമെന്‍ഷ്യ ബാധിച്ചവരില്‍ നിന്ന് തോക്കുകള്‍ വാങ്ങാന്‍ തന്ത്രപരമായ പരിശീലനം ആവശ്യമാണെന്ന് വിക്ടറോഫ് പറയുന്നു. തോക്കുകള്‍ ഭദ്രമായി  താഴിട്ട് പൂട്ടി സൂക്ഷിക്കണമെന്നും നിറതോക്കുകള്‍ സൂക്ഷിക്കുന്നവര്‍ ഒരു കീപാഡ് ഉപയോഗിച്ച് മാത്രം തുറക്കാവുന്ന അലമാറകളില്‍ ഇവ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ചിലപ്പോള്‍ ഡിമെന്‍ഷ്യ എത്ര മാത്രം മോശമാണെന്ന് സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ നിശ്ചയിക്കാവുകയില്ലെന്നും ഒരു ഡോക്ടറുടെ നിര്‍ദേശം  അനുസരിച്ച് തോക്കുകള്‍ എവിടെ, എങ്ങനെ സൂക്ഷിക്കണമെന്ന് തീരുമാനിക്കണമെന്നും മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു.

പ്രായമായവരുടെ തോക്കിനോടുള്ള വേര്‍പിരിയാനാവാത്ത  ബന്ധം   (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക