Image

മേയര്‍ സജി ജോര്‍ജിന് സ്വീകരണവും സണ്ണി മാളിയേക്കലിന്റെ ജീവചരിത്ര പുസ്തക പ്രകാശനവും

പി പി ചെറിയാന്‍ Published on 04 June, 2018
മേയര്‍ സജി ജോര്‍ജിന് സ്വീകരണവും സണ്ണി മാളിയേക്കലിന്റെ ജീവചരിത്ര പുസ്തക പ്രകാശനവും
ഡാലസ്: ഡാലസ് കേരള അസോസിയേഷന്‍, സണ്ണി വെയ്ല്‍ സിറ്റി മേയര്‍ ഇലക്ട് സജി പി. ജോര്‍ജിന് വമ്പിച്ച സ്വീകരണം നല്‍കി.


ജൂണ്‍ 3 ഞായറാഴ്ച വൈകിട്ട് 4നു ഗാര്‍ലന്റ്  കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ പ്രസിഡന്റ് റോയ് കൊടുവത്ത് മേയറെ സദസിന് പരിചയപ്പെടുത്തി. 


സജി ജോര്‍ജിന്റെ വിജയത്തില്‍ കേരള അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും അസോസിയേഷന്റെ ദീര്‍ഘകാല മെംബറും അഭ്യുദയകാംഷിയുമായ സജി ജോര്‍ജിന്റെ വിജയത്തില്‍ മലയാളി സമൂഹത്തോടൊപ്പം ഞങ്ങളും ആഹ്ലാദം പങ്കിടുന്നുവെന്നു റോയ് പറഞ്ഞു.


ബാബു മാത്യു, ബോബന്‍ കൊടുവത്ത്, മാത്യു കോശി, രാജു തരകന്‍, സാം മാത്യു, വില്‍സന്‍ തരകന്‍, ഹരി പിള്ള, ജോസ് ഓച്ചാലില്‍ തുടങ്ങിയവരെ ആശംസകള്‍ അര്‍പ്പിക്കുന്നതിന് സെക്രട്ടറി പ്രത്യേകം ക്ഷണിച്ചു. 


പിന്നീട് യോഗത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ അവസരം നല്‍കി. ജെയ്‌സി, ചെറിയാന്‍ ചൂരനാട്, ജോര്‍ജ് ജോസഫ് എന്നിവര്‍ ഈ അവസരം  പ്രയോജനപ്പെടുത്തി.


രാഷ്ട്രീയ - സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ സാന്നിധ്യം അനിവാര്യമാണെന്നും പ്രത്യേകമായി നാം കാത്തു സൂക്ഷിക്കുന്ന സംസ്‌കാരവും മൂല്യങ്ങളും വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കാന്‍ നാം പ്രതിജ്ഞാബദ്ധരാവണമെന്നും സജി പറഞ്ഞു.  


കേരള അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളെ മേയര്‍ പ്രത്യേകം അഭിനന്ദിച്ചു. അസോസിയേഷന്‍ കരുത്തോടെ നിലനില്‍ക്കുന്നതില്‍ ഐ. വര്‍ഗീസ് വഹിക്കുന്ന പങ്കിനെ സജി പ്രത്യേകം എടുത്തുപറഞ്ഞു. 


എട്ടു വര്‍ഷം മുമ്പ് കൗണ്‍സിലിലേക്ക് ആദ്യമായി മത്സരിച്ചപ്പോള്‍ ആദ്യം സാമ്പത്തിക  സഹായം നല്‍കിയത് ഡാലസ് കേരള അസോസിയേഷനായിരുന്നുവെന്നത് നന്ദിയോടെ സ്മരിക്കുന്നതായി സജി പറഞ്ഞു. 


മേയറായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ജീവിതത്തില്‍ താന്‍ കാത്തുസൂക്ഷിക്കുന്ന ഫാമിലി വാല്യൂസ്, ഫെയ്ത്ത് എന്നിവക്ക് ക്ഷതം ഏല്‍ക്കുന്ന സാഹചര്യം  അഭിമുഖീകരിക്കേണ്ടി വന്നാല്‍ ആദ്യം ഉപേക്ഷിക്കുക മേയര്‍ സ്ഥാനമായിരിക്കുമെന്ന് സണ്ണി വെയല്‍ സിറ്റിയിലെ ഏഴായിരത്തോളം പൗരന്മാരുടെ നഗര പിതാവായി തിരഞ്ഞെടുക്കപ്പെട്ട സജി ജോര്‍ജ് മറ്റൊരു അഭിമുഖ സംഭാഷണത്തില്‍ വ്യക്തമാക്കി.


സണ്ണി വെയ്ല്‍ സിറ്റിയുടെ ഭാവി പ്രവര്‍ത്തനങ്ങളില്‍ കേരള അസോസിയേഷന്‍ പ്രവര്‍ത്തകരുടെ എല്ലാ പിന്തുണയും മേയര്‍ അഭ്യര്‍ത്ഥിച്ചു.


തുടര്‍ന്ന് ഡാലസിലെ പൗരമുഖ്യരും  വ്യവസായിയും എഴുത്തുകാരനുമായ സണ്ണി മാളിയേക്കലിന്റെ എന്റെ പുസ്തകം ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം അസോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്തിന് നല്‍കി നിര്‍വ്വഹിച്ചു. പുസ്തകത്തെക്കുറിച്ച് സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ നടത്തിയ നിരൂപണം ശ്രദ്ധേയമായി. 


ജീവിതത്തിന്റെ പരുപരുത്ത അനുഭവങ്ങളില്‍ നിന്നും കുടഞ്ഞെടുത്ത യാഥാര്‍ത്ഥ്യങ്ങളെ കോര്‍ത്തിണക്കി സണ്ണി മാളിയേക്കല്‍ രചിച്ച എന്റെ പുസ്‌കം മലയാള പരിഭാഷ ഇതിനകം  തന്നെ വായനക്കാരുടെ ഹൃദയത്തില്‍ സ്ഥിര പ്രതിഷ്ഠ നേടി കഴിഞ്ഞു. പുസ്തകം എഴുതുന്നതിന് പ്രേരിപ്പിച്ച സാഹചര്യങ്ങളെ വിശദമായി സണ്ണി പരാമര്‍ശിച്ചു. ഇരുനൂറോളം പേരാണ് ഞായറാഴ്ച വൈകിട്ട് നടന്ന സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരള അസോസിയേഷന്‍ ഓഫിസില്‍ എത്തിച്ചേര്‍ന്നത്.
മേയര്‍ സജി ജോര്‍ജിന് സ്വീകരണവും സണ്ണി മാളിയേക്കലിന്റെ ജീവചരിത്ര പുസ്തക പ്രകാശനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക