Image

നിങ്ങളും വൃദ്ധരാകുമെന്ന്‌ ഓര്‍ക്കണം'; കോണ്‍ഗ്രസ്‌ യുവ എംഎല്‍എമാരോട്‌ വയലാര്‍ രവി

Published on 04 June, 2018
നിങ്ങളും വൃദ്ധരാകുമെന്ന്‌ ഓര്‍ക്കണം'; കോണ്‍ഗ്രസ്‌ യുവ എംഎല്‍എമാരോട്‌ വയലാര്‍ രവി


കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ അഴിച്ചുവിട്ട കലാപത്തില്‍ അഭിപ്രായപ്രകടനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ വയലാര്‍ രവി. യുവാക്കള്‍ക്ക്‌ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍ അത്‌ അതിരു വിടരരുത്‌. ചെറുപ്പക്കാര്‍ ഓര്‍ക്കേണ്ടത്‌ അവരും വൃദ്ധരാകുമെന്നകാര്യമാണ്‌. ചെറുപ്പക്കാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കണം. പിജ കുര്യന്‌ താനാണ്‌ ആദ്യം സീറ്റ്‌ വാങ്ങി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

കെ മുരളീധരന്‍ വിഎം സുധീരന്‍ എന്നിവരുടെ ഗ്രൂപ്പിസമല്ല കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം. ഇതിലും വലിയ ഗ്രൂപ്പുകള്‍ 70 കളില്‍ ഉണ്ടായിട്ടുണ്ട്‌. മുതിര്‍ന്ന നേതാക്കളാണ്‌ പാര്‍ട്ടിയുടെ കരുത്ത്‌. സിപിഎമ്മിനെ പോലെ കേഡര്‍ പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും വയലാര്‍ രവി പറഞ്ഞു.

കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാരായ ഷാഫി പറമ്പില്‍, വി.ടി ബല്‍റാം, അനില്‍ അക്കര, ഹൈബി ഈഡന്‍ തുടങ്ങിയവരായിരുന്നു പി.പി തങ്കച്ചനും, പി.ജെ കുര്യനും മാറി നില്‍ക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌. പാര്‍ട്ടി പറഞ്ഞാല്‍ മാറാന്‍ തയ്യാറാണെന്നായിരുന്നു കുര്യന്റെ മറുപടി.
കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാര്‍ക്ക്‌ മറുപടിയായി യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ രംഗത്തെത്തിയിരുന്നു, താന്‍ ഇപ്പോള്‍ വഹിക്കുന്ന സ്ഥാനത്ത്‌ തുടരാന്‍ പ്രാപ്‌തനാണെന്നായിരുന്നു തങ്കച്ചന്റെ മറുപടി. യു.ഡി.എഫ്‌ കണ്‍വീനര്‍ സ്ഥാനത്ത്‌ നിന്ന്‌ മാറി നില്‍ക്കണമെന്ന കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാരുടെ ആവശ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസില്‍ അഴിച്ചു പണി അത്യാവശ്യമാണെന്നും രാജ്യസഭയിലേയ്‌ക്ക്‌ പുതുമുഖത്തെ അയക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു. ഹൈക്കമാന്‍ഡിന്‌ ഇക്കാര്യത്തില്‍ വ്യക്തമായ പദ്ധതിയുണ്ട്‌. അതേസമയം, യുവനേതാക്കള്‍ പാര്‍ട്ടി വിമര്‍ശനങ്ങളില്‍ നിന്ന്‌ പിന്‍മാറണമെന്നും അഭിപ്രായം രേഖപ്പെടുത്തേണ്ടതും പാര്‍ട്ടി ഫോറങ്ങളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക