Image

പയ്യന്നൂരില്‍ ദേശീയ ചലച്ചിത്രോത്സവം

Published on 04 June, 2018
പയ്യന്നൂരില്‍  ദേശീയ ചലച്ചിത്രോത്സവം

ചലച്ചിത്ര അക്കാദമി പയ്യന്നൂരില്‍ സംഘടിപ്പിക്കുന്ന ദേശീയ ചലച്ചിത്രോത്സവം ഒമ്പതിന്‌ ആരംഭിക്കും. ലോക സിനിമാ ആസ്വാദനത്തിന്റെ സാധ്യതകള്‍ മെട്രോ നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിക്കാതെ മറ്റിടങ്ങളിലേക്കും പകര്‍ത്തണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ്‌ പയ്യന്നൂരില്‍ വിപുലമായ മേള സംഘടിപ്പിക്കുന്നത്‌. പയ്യന്നൂര്‍ രാജധാനി തിയേറ്റര്‍ കോംപ്ലക്‌സിലെ രണ്ടു തിയേറ്ററുകളില്‍ 13 വരെയാണ്‌ ചലച്ചിത്രോത്സവം. സമകാലിക ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ പുതിയ 12 സിനിമകളുണ്ട്‌. മൊത്തം 30 സിനിമ പ്രദര്‍ശിപ്പിക്കും. രണ്ടു തിയേറ്ററിലും കൂടി 30 പ്രദര്‍ശനമെങ്കിലും ഉണ്ടാകും.

മലയാള സിനിമയുടെ കരുത്തും സൗന്ദര്യവും ബോധ്യപ്പെടുത്തുന്ന ഒട്ടേറെ സിനിമകള്‍ മേളയിലുണ്ടാകും.സമകാലിക കന്നഡ സിനിമാ വിഭാഗം, ശശി കപൂറിന്‌ ആദരമര്‍പ്പിച്ച്‌ ശ്യാം ബനഗലിന്റെ ജുനൂന്‍, ഗോവന്‍ മേളയിലും തിരുവനന്തപുരം മേളയിലും സെന്‍സര്‍ ബോര്‍ഡ്‌ തടഞ്ഞ മറാത്തി ചിത്രം നൂഡ്‌ എന്നിവയും ലിപ്‌സ്‌റ്റിക്ക്‌ അണ്ടര്‍ മൈ ബുര്‍ക്ക തുടങ്ങിയ സിനിമകളും പ്രദര്‍ശിപ്പിക്കും. സംവിധായകരുമായി നേരിട്ട്‌ സംവദിക്കാനുള്ള അവസരവും ഒരുക്കും. ഓപ്പണ്‍ ഫോറങ്ങള്‍, സിനിമ എക്‌സിബിഷന്‍ എന്നിവയും ഒരുക്കും. മുന്‍ വര്‍ഷങ്ങളില്‍ ദേശീയ പുരസ്‌കാരം ലഭിച്ച മലയാള സിനിമാ പ്രവര്‍ത്തകരെ ഫെസ്റ്റിവലിന്റെ ഭാഗമായി ആദരിക്കും.

പയ്യന്നൂരിലെ രാജധാനി തിയേറ്റര്‍ കോംപ്ലക്‌സിലെ 2 തിയേറ്ററുകളിലുമായി 900 സീറ്റാണ്‌ ഉള്ളത്‌. 1200 മുതല്‍ 1500 ഡെലിഗേറ്റു പാസുകളേ വിതരണം ചെയ്യൂ. 200 രൂപയാണ്‌ രജിസ്‌ട്രേഷന്‍ ഫീ. വിദ്യാര്‍ഥികള്‍ക്ക്‌ 100 രൂപ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക