Image

നവ ഉദാരവല്‍ക്കരണം അഴിമതി വര്‍ദ്ധിപ്പിക്കുന്നു: എസ്.ആര്‍.പി.

Published on 25 March, 2012
നവ ഉദാരവല്‍ക്കരണം അഴിമതി വര്‍ദ്ധിപ്പിക്കുന്നു: എസ്.ആര്‍.പി.
കോഴിക്കോട്: നവ ഉദാരവത്കരണനയങ്ങള്‍ അഴിമതി വര്‍ധിക്കുവാന്‍ കാരണമായെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കിയ രാജ്യങ്ങളിലെല്ലാം അഴിമതി വര്‍ധിച്ചതായാണ് കാണുന്നത്. പൊതുമുതല്‍ സ്വകാര്യവത്കരിച്ചതാണ് ഇതിനു കാരണം. പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് നടന്ന 'നവഉദാരവത്കരണനയങ്ങള്‍പിന്നിട്ട ഇരുപതുവര്‍ഷങ്ങള്‍' സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ കൊള്ളയടിക്കുവാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവസരമൊരുക്കുകയാണ് നവഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍. ഭൂമി, ജലസേചനം, വൈദ്യുതി, ശാസ്ത്രസാങ്കേതികരംഗം തുടങ്ങി സ്‌പെക്ട്രം വരെ സ്വകാര്യവത്കരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഉദാരവത്കരണ നയങ്ങളെ അനുകൂലിക്കുന്നവര്‍ മൊത്ത ആഭ്യന്തര ഉല്പാദനത്തിലെ വര്‍ധനവ് ചൂണ്ടിക്കാട്ടി ഇതിനെ ഇന്ത്യയുടെ വളര്‍ച്ചയായി പ്രചരിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ ഈ സമ്പത്ത് എങ്ങനെ വിതരണം ചെയ്യുന്നു എന്നതും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. 

ന്യൂനപക്ഷമായ കോര്‍പ്പറേറ്റുകളുടെ കൈയിലാണ് ഇപ്പോള്‍ ഈ സമ്പത്തെന്നും ഉദാരവത്കരണ ചൂഷണങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി ചെറുത്ത് നില്‍പ് സമരങ്ങള്‍ നടത്തുകയും, പ്രത്യയശാസ്ത്ര സമീപനങ്ങള്‍ സ്വീകരിക്കുകയും മാത്രമേ വഴിയുള്ളൂവെന്നും എസ്.ആര്‍.പി. വ്യക്തമാക്കി. തുടര്‍ന്ന് പ്രമുഖ നയതന്ത്ര വിദഗ്ദ്ധന്‍ എം.കെ. ഭദ്രകുമാര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ വെങ്കിടേഷ് ആത്രേയ, ഡോ. ബി. ഇക്ബാല്‍, എളമരം കരീം എന്നിവരും സംസാരിച്ചു. കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.ടി. കുഞ്ഞിക്കണ്ണന്‍, ടി.പി. രാമകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക