Image

മലേഷ്യന്‍ ഗ്രാന്‍പ്രീ: അലോണ്‍സോയ്ക്ക് കിരീടം

Published on 25 March, 2012
മലേഷ്യന്‍ ഗ്രാന്‍പ്രീ: അലോണ്‍സോയ്ക്ക് കിരീടം
സെപാങ്: കോരിച്ചൊരിഞ്ഞ മഴയെയും റേസിങ് ആരാധകരുടെ കൂട്ടിക്കിഴിക്കലുകളെയും വേഗം കൊണ്ട് തോല്‍പിച്ച് ഫെരാരിയുടെ ഫെര്‍ണാണ്ടൊ അലോണ്‍സൊ മലേഷ്യന്‍ ഗ്രാന്‍പ്രീയില്‍ കിരീടം ചൂടി. മഴയുടെ ഇടവേള മാത്രമല്ല, അപകടങ്ങളും സോബറിന്റെ സെര്‍ജിയോ പെരസും ഉയര്‍ത്തിയ വെല്ലുവിളിയെയും മറികടന്നാണ് രണ്ടു വട്ടം ലോക കിരീടം ചൂടിയ അലോണ്‍സോ എട്ടു മാസത്തിനുശേഷം ഒരു കിരീടത്തില്‍ മുത്തമിട്ടത്. പോള്‍ പൊസിഷനില്‍ തുടങ്ങിയ മുന്‍ ലോകചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണിന് മെക്‌ലാറനില്‍ മൂന്നാമതായേ ഫിനിഷ് ചെയ്യാനായുള്ളൂ. ഓസ്‌ട്രേലിയന്‍ ഗ്രാന്‍പ്രീയിലും ഹാമില്‍ട്ടണ്‍ മൂന്നാമനായിരുന്നു. ഓസ്‌ട്രേലിയയില്‍ അഞ്ചാമതായാണ് അലോണ്‍സൊ ഫിനിഷ് ചെയ്തത്.

മുന്‍ ലോക ചാമ്പ്യനും ഓസ്‌ട്രേലിയയിലെ ജേതാവുമായ മെക്‌ലാറന്റെ ജെന്‍സന്‍ ബട്ടന്‍ എച്ച്.ആര്‍.ടി. കോസ്‌വേത്തിന്റെ ഇന്ത്യന്‍ െ്രെഡവര്‍ നരായന്‍ കാര്‍ത്തികേയനുമായി കൂട്ടിയിടിച്ച് ഇരുപത്തിയൊന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുപോയെങ്കിലും ഒടുവില്‍ ഒരുവിധം പതിനാലാം സ്ഥാനത്ത് ഓടിയെത്തുകയായിരുന്നു. ലീഡില്‍ ടീമംഗമായ ലൂയിസ് ഹാമില്‍ട്ടണിനു കനത്ത വെല്ലുവിളി ഉയര്‍ത്തിയശേഷമാണ് ബട്ടന്‍ കാര്‍ത്തികേയനുമായി കൂട്ടിയിടിച്ചത്.

പിന്‍ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിലവിലെ ജേതാവ് റെഡ് ബുള്ളിന്റെ സെബാസ്റ്റിയന്‍ വെറ്റലിന് പതിനൊന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വില്ലനായി എത്തിയ മഴ ആദ്യം ചതിച്ചത് മുന്‍ ചാമ്പ്യന്‍ മൈക്കല്‍ ഷുമാക്കറെയാണ്. മഴയില്‍ തെന്നി വിയര്‍ത്ത ഷുമാക്കര്‍ക്ക് മേഴ്‌സിഡസില്‍ പത്താമതാണ് എത്തിയത്. ഫെരാരിയുടെ തന്നെ ഫലിപ്പെ മാസയെയും ലോട്ടസിന്റെ റുമായ്ന്‍ ഗ്രേസ്ജനെയും മെഴ്‌സിഡസിന്റെ നിക്കൊ റോസ്ബര്‍ഗിനെയുമെല്ലാം മഴയാണ് ചതിച്ചത്. വലിയ പ്രതീക്ഷ ഉണ്ടായിരുന്ന മാസയ്ക്ക് പതിനഞ്ചാമതാണ് എത്താനായത്. ഷുമാക്കര്‍ക്ക് ഒരു പോയിന്റ് ലഭിച്ചപ്പോള്‍ വെറ്റലിനും ബട്ടനും പോയിന്റൊന്നും നേടാനായില്ല. ഫോഴ്‌സ് ഇന്ത്യയുടെ പോള്‍ ഡി റെസ്റ്റ ഏഴാമതായി ഫിനിഷ് ചെയ്ത് വിലപ്പെട്ട ആറു പോയിന്റ് സ്വന്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക