Image

ജൂണ്‍ 5 : ലോക പരിസ്ഥിതി ദിനം: കൊതുകുകളെ കുപ്പിയിലാക്കാം... (മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 05 June, 2018
ജൂണ്‍ 5 : ലോക പരിസ്ഥിതി ദിനം:  കൊതുകുകളെ കുപ്പിയിലാക്കാം... (മീട്ടു റഹ്മത്ത് കലാം)
ഫോട്ടോ : ഗിരീഷ് അമ്പാടി


ജൂണ്‍ 5 : ലോക പരിസ്ഥിതി ദിനം

പനിയും അനുബന്ധ സാംക്രമിക രോഗങ്ങളും മനുഷ്യജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്ന സമകാലിക സാഹചര്യത്തില്‍ രോഗവാഹിനിയായ കൊതുകുകളെ ഉന്മൂലനം ചെയ്യുന്നത് സംബന്ധിച്ച് തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍ ഇ.എം.ജോര്‍ജിന്റെ കണ്ടെത്തലുകള്‍ പുതിയ സാദ്ധ്യതകളിലേക്കുളള വാതില്‍ തുറക്കുന്നു.

വൈദ്യശാസ്ത്രത്തിനു പോലും മരുന്ന് കണ്ടുപിടിക്കാനാവാത്ത രോഗങ്ങളാണ് നമുക്ക് ചുറ്റും. യുദ്ധവും അപകടമരണങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നിട്ടുള്ളത് പകര്‍ച്ചവ്യാധികള്‍ മൂലമാണ്. ഭീതിജനകമായ ഡെങ്കിപ്പനി, മലമ്പനി, ജപ്പാന്‍ ജ്വരം, വെസ്റ്റ് നൈല്‍ ഫീവര്‍, മന്ത് ,മഞ്ഞപ്പനി, ചിക്കുന്‍ഗുനിയ എന്നിവയുടെ രോഗാണുവാഹകര്‍ കൊതുകുകളാണെന്ന് തെളിഞ്ഞതോടെയാണ് അതുവരെ നിസ്സാരനെന്നു കരുതിയിരുന്ന ജീവിയെ ഭയപ്പാടോടെ മനുഷ്യന്‍ കാണാന്‍ തുടങ്ങിയത്. ഇവയില്‍ നിന്നുള്ള രക്ഷയ്ക്കായി ലോകരാഷ്ട്രങ്ങളില്‍ പല ഗവേഷണങ്ങളും നടക്കുന്നുണ്ടെങ്കിലും ഫലപ്രദമായ പോംവഴി കണ്ടെത്താന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. ഈ സന്ദര്‍ഭത്തിലാണ് കൊതുകുകളുടെ വംശവര്‍ദ്ധനവുണ്ടാക്കി, ഒടുവില്‍ അവയെ ഒന്നാകെ ഉന്മൂലനം ചെയ്യുന്ന സംവിധാനത്തെക്കുറിച്ച് തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് മിലിറ്ററിയിലെ കേണലിനു തത്തുല്യമായ ഗ്രേഡോടെ വിരമിച്ച ശാസ്ത്രജ്ഞന്‍ ഇ.എം.ജോര്‍ജ് കണ്ടെത്തിയിരിക്കുന്നത്.

മകള്‍ക്കായി

''വര്‍ഷം 1978.
അന്ന് ഞാന്‍ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തില്‍ പ്രോഗ്രാമറാണ്. മൂത്തമകള്‍ പ്രിയയ്ക്ക് ഒരുവയസ്സ് തികഞ്ഞിട്ടില്ല. കൊച്ചുകുടപോലെയുള്ള കൊതുകുവലയ്ക്കുള്ളില്‍ കുഞ്ഞ് സുരക്ഷിതയാണെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഞാനും ഭാര്യ മോളിയും കിടന്നത്. നേരം വെളുത്തപ്പോള്‍ വലയ്ക്കുള്ളില്‍, എന്റെ കുഞ്ഞിന്റെ ചോര കുടിച്ചുവീര്‍ത്ത കൊതുകുകളെക്കണ്ട് സമനിലതെറ്റി. വലയില്‍ ചെറിയവിടവുണ്ടാക്കിയാണ് അവ ഉള്ളില്‍കയറിയതെന്ന് മനസിലായി. മോളുടെ കുഞ്ഞുശരീരത്തിലെ പാടുകള്‍ എന്നെയും മോളിയേയും അസ്വസ്ഥരാക്കി. ഞാനവളെ നെഞ്ചോടണച്ചുപിടിച്ചു. ഓഫീസില്‍ ഇരിക്കുമ്പോഴും ഈ ചിന്ത അലട്ടിക്കൊണ്ടിരുന്നു. കൂടെ ജോലി ചെയ്തിരുന്നവരൊക്കെ സമപ്രായക്കാരും എന്നെപ്പോലെ കുഞ്ഞുമക്കളുള്ളവരുമാണ്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ വലയേക്കാള്‍ ഫലപ്രദം ആമത്തിരി കത്തിച്ചുവെക്കുന്നതാണെന്ന് കൂട്ടുകാര്‍ ഉപദേശിച്ചു, ഓഫീസ് വിട്ട് വീട്ടിലേക്കുള്ള വഴിയില്‍ ഒരു കടയില്‍ കയറി ആമത്തിരി വാങ്ങി. ഏതു സാധനം വാങ്ങുമ്പോഴും അതിന്റെ കവറില്‍ നിര്‍മാതാക്കള്‍ എഴുതിവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ വായിച്ചു നോക്കുന്ന ശീലമെനിക്കുണ്ട്. അവര്‍ പറഞ്ഞിരുന്നതുപോലെ വൈകുന്നേരം വാതിലുകളും ജനലുകളും തുറന്നിട്ട് തിരി കത്തിച്ചശേഷം രാത്രി മുറി അടച്ച് കിടന്നു. കൊതുകിന്റെ ശല്യം ഉണ്ടായില്ലെങ്കിലും പിറ്റേന്ന് എഴുന്നേറ്റപ്പോള്‍ മുതല്‍, വല്ലാത്തൊരു അസ്വസ്ഥതയും ഉന്മേഷക്കുറവും തോന്നി. ദിവസങ്ങളോളം ഇതേ അവസ്ഥ തുടര്‍ന്നപ്പോള്‍ എന്തായിരിക്കും കാരണമെന്ന് ചിന്തിച്ചു. ആമത്തിരി കത്തിച്ചുവെക്കാന്‍ തുടങ്ങിയതുമുതലുള്ള ദിവസങ്ങളിലാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടതെന്ന് മനസ്സിലായി. തിരിയുടെ പുക ഉണ്ടാക്കുന്ന അസ്വസ്ഥതയാണ് കൊതുകുകളെ പുറത്തേക്ക് തുരത്തുന്നത്. മനുഷ്യനും ഒരു ജീവിയായതുകൊണ്ട് എന്തായാലും ആ പുക ശ്വസിക്കുന്നത് ഹാനികരമായിരിക്കുമെന്ന് സാമാന്യ യുക്തിക്ക് ബോധ്യപ്പെട്ടു. താത്കാലികമായി കൊതുകിനെ ഓടിക്കാന്‍ എന്റെ മോളെപ്പോലുള്ള കുഞ്ഞുങ്ങള്‍ക്കു പോലും ഈ വിഷപ്പുക ശ്വസിക്കേണ്ടി വരുന്നല്ലോ എന്ന ചിന്ത ഉറക്കം കെടുത്തി. ഓഫീസ് ജോലി കഴിഞ്ഞുള്ള സമയം മുഴുവന്‍ കൊതുകുകളെക്കുറിച്ചുള്ള പഠനത്തിനായി മാറ്റിവെച്ചു.

കൗതുകം ഉണര്‍ന്ന കൊതുകറിവുകള്‍

എന്തിനെക്കുറിച്ചും കൂടുതലായി അറിയാനും പഠിക്കാനുമുള്ള ഗവേഷണത്വരയാണ് കൊതുകുകള്‍ക്ക് പിന്നാലെ എന്നെ നടത്തിയത്. രസകരമായ പലതും അതിലൂടെ അറിയാന്‍ കഴിഞ്ഞു.
ലോകമെമ്പാടുമായി ഇതുവരെ 3500 ഇനം കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ജീവിതത്തില്‍ മുട്ട, കൂത്താടി, സമാധി, മുതിര്‍ന്ന കൊതുക് എന്നിങ്ങനെ നാലു വ്യത്യസ്ത ദശകളുണ്ട്. ആദ്യത്തെ മൂന്നു ദശകള്‍ക്ക് വെള്ളത്തിന്റെ സാന്നിധ്യം ആവശ്യമാണ്. ശുദ്ധ ജലം, മഴവെള്ളം, മലിനമായ വെള്ളം, ഒഴുകുന്ന വെള്ളം, കുള വാഴയുടെ സാന്നിധ്യം എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ നിര്‍ബന്ധ ലഭ്യത ജീവചക്രം പൂര്‍ത്തിയാക്കാന്‍ ആവശ്യമാണ്. പൂര്‍ണ വളര്‍ച്ച എത്തിയതിനു ശേഷം, കൊതുകുകള്‍ പൂന്തേനും സസ്യങ്ങളുടെ നീരുമാണ് ഭക്ഷിക്കുന്നത്. പെണ്‍ കൊതുകുകള്‍ മുട്ട ഇടാനുള്ള പോഷണത്തിന് വേണ്ടി മാത്രമാണ് ഉഷ്ണരക്തമുള്ള ജീവികളുടെ രക്തം കുടിക്കുന്നത്. വായയുടെ സ്ഥാനത്തുള്ള നീണ്ട കുഴലാണ് കൊതുകുകള്‍ ഇതിനായി ഉപയോഗിക്കുന്നത്. ജീവജാലങ്ങളില്‍ ഏറ്റവും തീവ്രമായ വികാരങ്ങള്‍ പ്രത്യുത്പാദനവും വിശപ്പുമായി ബന്ധപ്പെട്ടതാണ്. ഇവ രണ്ടും പെണ്‍കൊതുകുകളില്‍ തീവ്രമായിരിക്കുന്ന സമയത്താണവ രക്തം കുടിക്കുന്നത്. കടിക്കുന്ന ആളില്‍ ആദ്യം തന്നെ കൊതുക് അതിന്റെ ഉമിനീര് ഇന്‍ജെക്റ്റ് ചെയ്യും. രക്തം കട്ടപിടിക്കാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്. ഉറങ്ങിക്കിടക്കുമ്പോള്‍ കൊതുകു ചെവിയില്‍ വന്ന് മൂളിപ്പാട്ട് പാടുന്നതായി പലര്‍ക്കും പരാതി കാണും. സത്യത്തില്‍ അത് അവയുടെ ചിറകടിശബ്ദമാണ്. ഇത്തരത്തില്‍ സെക്കന്‍ഡില്‍ അറുനൂറ് തവണ ചിറകിട്ടടിക്കുന്നത് ശത്രുക്കളില്‍ നിന്ന് രക്ഷ നേടാന്‍ വേഗത്തില്‍ പറക്കുന്നതിനാണ്. എതിര്‍ദിശയില്‍ പറക്കാനുള്ള കഴിവാണ് കൊതുകുകളെ കയ്യില്‍ കിട്ടാത്തതിന്റെ കാരണം. മുകളില്‍ നിന്നടിച്ചാല്‍ താഴേക്കും മുന്‍പില്‍ നിന്നടിച്ചാല്‍ പുറകോട്ടും പറന്ന് രക്ഷപ്പെടാന്‍ കൊതുകിന് കഴിയും.
ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ എന്നീ രോഗങ്ങള്‍ പരത്തുന്നത് ഈഡിസ് ആല്‍ബോപിക്ടസ് കൊതുകുകളാണ്. ഇവയുടെ വക്ഷസ്സിനു മുകളിലായി കുന്തത്തിന്റെ ആകൃതിയില്‍ ഒരു വെള്ള വര ഉണ്ടായിരിക്കും. അനോഫിലിസ് ഇനത്തില്‍പ്പെട്ട കൊതുകാണ് മലമ്പനി പരത്തുന്നത്.
ആണ്‍കൊതുകുകള്‍ക്ക് താരതമ്യേന ആയുസ്സ് കുറവാണ്. വിരിഞ്ഞ് പുറത്തിറങ്ങിയ ഉടന്‍ പെണ്‍കൊതുകുമായി ഇണചേരും. ഒരായുസ്സില്‍ ഒരിക്കല്‍ മാത്രമേ ഈ പ്രക്രിയ നടക്കൂ. അതിനുശേഷം പരമാവധി രണ്ടാഴ്ചത്തെ ആയുസ്സേ കാണൂ. പെണ്‍കൊതുകുകള്‍ 21 ദിവസം വരെ ജീവിക്കും.ഇരുട്ടിലായിരുന്നാലും കൃത്യമായി പെണ്‍കൊതുക് മനുഷ്യനെ തേടിപ്പിടിക്കുന്നത് ഊഷ്മാവിലെ വ്യത്യാസം മനസിലാക്കിയാണ്

കൊതുകുകളെ ഉന്മൂലനം ചെയ്യാം

പലരും കരുതുന്നപോലെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മാത്രമല്ല കൊതുക് മുട്ടയിടുന്നത്. പൂര്‍ണ്ണഗര്‍ഭിണിയായ സ്ത്രീ വിമാനത്തില്‍വെച്ചോ ഓട്ടോറിക്ഷയില്‍വെച്ചോ പ്രസവിക്കാമെന്നതുപോലെ അതിന്റേതായ സമയത്ത് ഒഴുക്കുള്ളതോ ശുദ്ധമായ ജലത്തിലോ അവ മുട്ടയിട്ടെന്ന് വരാം.
കൂത്താടികളെ വിരിയാന്‍ അനുവദിക്കാതിരിക്കുന്നതാണ് കൊതുകുകളെ ഉന്മൂലനം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് നിരന്തര പരീക്ഷണങ്ങളിലൂടെ എനിക്ക് മനസ്സിലായി.
എണ്‍പതുകളിലായിരുന്നു ആദ്യ പരീക്ഷണം. ഒരു പാത്രത്തില്‍ വെള്ളം നിറച്ചുവെച്ചു , മുട്ടയിടാന്‍ കൊതുകിന് സ്ഥലം ഒരുക്കുക എന്നതായിരുന്നു ആശയം. നമ്മള്‍ വെക്കുന്ന പാത്രത്തിലേ കൊതുക് മുട്ടയിടുകയുള്ളു എന്ന് ഉറപ്പില്ലായിരുന്നു. ഞാന്‍ വെച്ച പാത്രത്തില്‍ കൂത്താടിയെ കണ്ടതോടെ സംഭവം വിജയിച്ചെന്നു പിടികിട്ടി. 
.രക്തം കുടിച്ച് മത്തുപിടിക്കുമ്പോള്‍ അധികം പറക്കാതെ ഏറ്റവും അടുത്ത് ഈര്‍പ്പമുള്ള സ്ഥലം കണ്ടെത്തി വിശ്രമിക്കാനാണ് കൊതുക് താല്‍പര്യപ്പെടുന്നത്. അങ്ങനൊരു സ്ഥലം നമ്മള്‍ ഒരുക്കുമ്പോള്‍ അവ അവിടെ തന്നെ എത്തിയിരിക്കും.
കൂത്താടികളെ കൊല്ലുന്നതിനായി മണ്ണെണ്ണ തളിച്ചത് ഫലം കണ്ടു. മയങ്ങിവീണ കൂത്താടികളെ ഉറുമ്പ് ഭക്ഷണമാക്കുന്നത് കണ്ടതോടെ കൂത്താടിയെ ഭക്ഷണമാക്കുന്ന ജീവികളെക്കുറിച്ചായി അന്വേഷണം. 
ആയിടയ്ക്ക് മലമ്പനി നിവാരണവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന എന്‍എംഇപി(നാഷണല്‍ മലേറിയ ഇറാഡിക്കേഷന്‍ പ്രോഗ്രാം)എന്നൊരു പ്രോജക്ട് നടത്തിയിരുന്നു. കൂത്താടികളെ ഭക്ഷിക്കുന്ന മത്സ്യയിനങ്ങളെക്കുറിച്ച് അതിലൂടെ അറിഞ്ഞു. ജ്യുവല്‍ ഫിഷ്, ഗ്യാംഭൂഷിതാ അഫിനിസ് തുടങ്ങിയ മത്സ്യങ്ങളെ അവര്‍ സപ്ലൈ ചെയ്തിരുന്നു. അത്തരം മത്സ്യങ്ങളെ വളര്‍ത്തി കൂത്താടികളെ അവയുടെ ഭക്ഷണമാക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. ആ ശ്രമവും ഫലംകണ്ടതോടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. എന്റെ കണക്കുകൂട്ടല്‍ ഇങ്ങനെ ആയിരുന്നു: മുട്ട വിരിയാന്‍ 23 ദിവസം വേണ്ടി വരും. കൂത്താടി ആകാന്‍ പരമാവധി 14 ദിവസം. മൂന്നാഴ്ചത്തെ ആയുസ്സുകൊണ്ട് ഒരു കൊതുകിന് 100300 മുട്ടകള്‍ ഇടാം. ആദ്യ ആഴ്ചയില്‍ കൂത്താടികളെ നശിപ്പിക്കുന്നതിലൂടെ കൊതുകിന്റെ വരും തലമുറയെയാണ് ഉന്മൂലനം ചെയ്യുന്നത്. അതായത് ഉദ്ദേശം 125000 കൊതുകുകളുടെ ജനനം തടയുന്നു.

അംഗീകരിക്കാന്‍ മടിയുള്ളവരാണ് നമുക്ക് ചുറ്റും

പരീക്ഷിച്ച് മൂന്നുമാസം കൊണ്ടുതന്നെ വീട്ടില്‍ കൊതുക് ഇല്ലാതായി. അതിഥികള്‍ എത്തുമ്പോള്‍ ഇതെന്താ ഇവിടെ മാത്രം കൊതുകില്ലാത്തത് എന്ന് ചോദിക്കുന്ന സ്ഥിതി വന്നു. സന്തോഷത്തോടെ അവര്‍ക്കും ഉപകാരപ്പെടട്ടെ എന്നുകരുതി പണച്ചെലവില്ലാത്ത കണ്ടെത്തല്‍ വിശദീകരിക്കുമ്പോള്‍ പുച്ഛിച്ചു തള്ളുന്നതായിരുന്നു പതിവ്. ക്രിസ്ത്യന്‍ സംഘടനകളുടെയും റെസിഡെന്‍ഷ്യല്‍ അസോസിയേഷന്റെയും ഭാഗമായി ഞാനെടുത്ത കഌസ്സുകളില്‍ പങ്കെടുത്തവര്‍ എന്റെ ഉദ്യമം പിന്തുടര്‍ന്ന് വിജയിച്ചിട്ടുണ്ട്. ഇത്ര എളുപ്പമുള്ള പോംവഴി ഉണ്ടെങ്കില്‍ അത് അമേരിക്കക്കാരന്‍ കണ്ടുപിടിക്കില്ലായിരുന്നോ എന്നാണ് പലരുടെയും സംശയം. മൂഢ സ്വര്‍ഗ്ഗത്തിലാണ് നമ്മള്‍. ദൈവമായിട്ട് തരുമ്പോള്‍ ഒന്നിനും വിലയില്ല. കണ്ണും വൃക്കയും ഹൃദയവും കരളും ഒന്നും കാശുകൊടുത്ത് വാങ്ങേണ്ട അവസ്ഥ വരും വരെ നമ്മുടെ മുന്നില്‍ വിലയില്ലാത്തവയാണ്. ചിലപ്പോള്‍ ഒരു മാരകരോഗത്തിന് പാഴ്‌ച്ചെടിയില്‍ മരുന്നുകാണും. എന്നാലും ലക്ഷങ്ങള്‍ മുടക്കി ചികിത്സിച്ചാലേ സമാധാനമാകൂ. അങ്ങനെ രോഗി മരിച്ചാലും സാരമാക്കില്ല.

വന്‍കിട ലോബികള്‍ക്കു മുന്നില്‍ മനുഷ്യ ജീവന് എന്തുവില?

കൊതുക് ഇല്ലാതാകുന്നതിനോട് എതിര്‍പ്പുള്ള ഒരുപാട് ആളുകള്‍ പല 
രംഗത്തായുണ്ട്.മുനിസിപ്പാലിറ്റിയില്‍ മരുന്ന് തളിക്കുന്നവന്റെയും കൊതുകുവല വില്‍ക്കുന്നവന്റെയും ഉപജീവനം കൊതുക് ഇല്ലാതാകുന്നതോടെ തീരും. കൊതുകുതിരി നിര്‍മ്മാതാക്കള്‍ മുതല്‍ ഗുഡ്‌നൈറ്റ്ഓള്‍ ഔട്ട് ഓടോമോസ് പോലുള്ള വന്‍കിട കമ്പനികളുടെ നിലനില്‍പ്പും കൊതുകു പെരുപ്പത്തിലാണ്. സാംക്രമിക രോഗങ്ങള്‍ പടര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന കൊതുക് ഇല്ലാതാകുന്നത് രോഗങ്ങളുടെയും രോഗികളുടെയും എണ്ണം കുറയ്ക്കും. അത് മരുന്നുകമ്പനികള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, ആശുപത്രികള്‍, സ്‌കാനിംഗ് സെന്ററുകള്‍, കച്ചവടക്കണ്ണുള്ള ഡോക്ടര്‍മാര്‍ തുടങ്ങി പലര്‍ക്കും താല്പര്യമുള്ള കാര്യമല്ല. ഏതുവിധേനയും അത്തരം സംരംഭങ്ങള്‍ മുളയിലേ നുള്ളിക്കളയാനുള്ള ശ്രമം പല ഭാഗത്തുനിന്നും ഉണ്ടാകും.

തിക്താനുഭവങ്ങളാണ് ആ പ്രോജക്ടില്‍ നിന്ന് പിന്തിരിപ്പിച്ചത്

തൊണ്ണൂറുകളില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഡോ.വല്യത്താനെ പരിചയപ്പെട്ടു. അദ്ദേഹം അന്ന് ടെക്കിന്റെ ചെയര്‍മാനാണ്. ഞാന്‍ എന്റെ കണ്ടെത്തലുകളെക്കുറിച്ചും കൊതുക് നിവാരണവുമായി ബന്ധപ്പെട്ട് ഒരു പ്രൊജക്റ്റ് നടപ്പാക്കുന്നതിന്റെ താല്പര്യവും അദ്ദേഹത്തെ അറിയിച്ചു. താന്‍ മുഴുവന്‍ നേരവും ഡല്‍ഹിയിലായിരിക്കും വൈസ് ചെയര്‍മാനെ കാണുന്നതാകും അഭികാമ്യമെന്നും ഡോക്ടര്‍ പറഞ്ഞു. എന്റെ വ്യക്തിപരമായ പല കാര്യങ്ങളും മാറ്റിവെച്ച് സമയംകണ്ടെത്തി വൈസ് ചെയര്‍മാനെ ചെന്നുകാണുമ്പോള്‍ മനസ്സില്‍ നിറയെ പ്രതീക്ഷകളായിരുന്നു. എന്റെ കുടുംബം സുഖമായുറങ്ങും പോലെ ജില്ലയിലും പിന്നീട് സംസ്ഥാനവ്യാപകമായും ഒക്കെ കൊതുക് ശല്യം ഇല്ലാതാകുന്നതും രോഗങ്ങള്‍ കുറയുന്നതുമെല്ലാം മനസ്സില്‍ കണ്ടു. മലര്‍പ്പൊടിക്കാരന്റെ സ്വപ്നംപോലെ വെറുതെ ആയി അതെല്ലാം. തീരെ താല്പര്യമില്ലാതെ ഒന്ന് മുഖത്തുപോലും നോക്കാതെ സമര്‍പ്പിച്ച പേപ്പറുകള്‍ നോക്കിയെന്നുവരുത്തി എന്നെ പിരിച്ചുവിടാനാണ് അയാള്‍ ശ്രമിച്ചത്. ''ശാസ്ത്രത്തിന്റെയോ സാങ്കേതിക വിദ്യയുടെയോ പിന്‍ബലമില്ലാത്ത പ്രോജക്ട് നടപ്പാക്കുക സാധ്യമല്ല'' എന്നയാള്‍ പറഞ്ഞപ്പോള്‍ നിഷ്ഫലമായത് ഏറെക്കാലത്തെ എന്റെ ശ്രമമാണ്.
ആ അനുഭവം കൊണ്ടും ഞാന്‍ പിന്മാറിയില്ല. കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടു. മേയറെ കണ്ട് വിശദമായി സംസാരിച്ചു. അദ്ദേഹം ഹെല്‍ത്ത് ഓഫീസറെ കാണാന്‍ നിര്‍ദ്ദേശിച്ചു. പേപ്പറുകള്‍ പരിശോധിച്ച് ബന്ധപ്പെടാമെന്നറിയിച്ചെങ്കിലും അവരെന്നെ വിളിച്ചില്ല. അവരുടേതായ രീതിയില്‍ കൊതുകുനിവാരണത്തിനു ഗുഡ്‌ബൈ മസ്‌ക്വിറ്റോ എന്നൊരു പ്രോജക്ട് നടപ്പാക്കി. 29 ലക്ഷം രൂപ ചിലവാക്കിയ ആ പദ്ധതി പരാജയപ്പെടുകയും ചെയ്തു.
ഇപ്പോള്‍ ഞാനൊരു ബ്‌ളോഗ് നടത്തുന്നുണ്ട്. 'കൊതുകുകളെ കുപ്പിയിലാക്കാം'എന്നാണ് പേര്. ഞാന്‍ ഇടുന്ന പോസ്റ്റുകള്‍ പരീക്ഷിച്ച് പലരും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതൊക്കെ എന്റെ ചെറിയ വലിയ സന്തോഷങ്ങളാണ്. ഇതിനിടയില്‍ പ്രമുഖ പ്രസാധകര്‍ക്കു വേണ്ടി 'കൊതുകു നശീകരണ മാര്‍ഗ്ഗങ്ങള്‍' എന്നൊരു പുസ്തകം എഴുതി. അതുവായിച്ച ആളുകളുടെ ഭാഗത്തുനിന്നും നല്ല പ്രതികരണമാണുണ്ടായത്. ഇതൊക്കെ ആണെങ്കിലും അല്പം വലിയ രീതിയില്‍ എന്റെ ആശയം ഉള്‍ക്കൊണ്ട് കൊതുകുനിവാരണത്തിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു കാല്‍വെപ്പുണ്ടാകണമെന്നതാണ് ആഗ്രഹം.

സമീപ ഭാവിയെക്കുറിച്ചുള്ള ആശങ്ക

ബ്രസീലില്‍ കൊതുകകളിലൂടെ പടരുന്ന സിക്ക പനി ഏറെ ആശങ്ക പരത്തി. ഇതിനോടകം ഡല്‍ഹിയിലും രണ്ട് പേര്‍ക്ക് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഗര്‍ഭിണികളെ ഈ പനി ബാധിച്ചാല്‍ 'മൈക്രോസഫാലി' എന്ന അവസ്ഥയിലായിരിക്കും കുഞ്ഞുങ്ങള്‍ ജനിക്കുക അതായത് സീറോ ബ്രെയിന്‍ കണ്ടീഷന്‍ (ജീവച്ഛവം). ഏതുരോഗവും പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാരും ആരോഗ്യവകുപ്പും ചെയ്യേണ്ടത്. നിപ്പാ വൈറസ് മൂലമുള്ള പകര്‍ച്ചപ്പനി കേരളത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് നമ്മള്‍ അതിന്റെ പഠനങ്ങള്‍ തുടങ്ങുന്നത്. ശരിയായ രോഗനിര്‍ണയം പോലും സാധ്യമാകുന്നില്ല. ബംഗഌദേശില്‍ ഈ രോഗം ആയിരങ്ങളുടെ ജീവന്‍ കവര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ഏത് രോഗവും പടരുമ്പോള്‍ ആശങ്കപ്പെടരരുതെന്ന് ആശ്വാസവാക്ക് പറയുക അല്ല ആരോഗ്യ വകുപ്പ് ചെയ്യേണ്ടത്. അതിനെ നേരിടാനുള്ള മുന്‍കരുതലുകളാണ് ആവശ്യം''

ഏറെ പ്രസക്തമായ ഒരു യാഥാര്‍ത്ഥ്യം അടിവരയിട്ടു പറഞ്ഞ് നിര്‍ത്തുന്നു ഇ.എം.ജോര്‍ജ്.
ജൂണ്‍ 5 : ലോക പരിസ്ഥിതി ദിനം:  കൊതുകുകളെ കുപ്പിയിലാക്കാം... (മീട്ടു റഹ്മത്ത് കലാം)
ജൂണ്‍ 5 : ലോക പരിസ്ഥിതി ദിനം:  കൊതുകുകളെ കുപ്പിയിലാക്കാം... (മീട്ടു റഹ്മത്ത് കലാം)
ജൂണ്‍ 5 : ലോക പരിസ്ഥിതി ദിനം:  കൊതുകുകളെ കുപ്പിയിലാക്കാം... (മീട്ടു റഹ്മത്ത് കലാം)
ജൂണ്‍ 5 : ലോക പരിസ്ഥിതി ദിനം:  കൊതുകുകളെ കുപ്പിയിലാക്കാം... (മീട്ടു റഹ്മത്ത് കലാം)
ജൂണ്‍ 5 : ലോക പരിസ്ഥിതി ദിനം:  കൊതുകുകളെ കുപ്പിയിലാക്കാം... (മീട്ടു റഹ്മത്ത് കലാം)
ജൂണ്‍ 5 : ലോക പരിസ്ഥിതി ദിനം:  കൊതുകുകളെ കുപ്പിയിലാക്കാം... (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക