Image

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പും ഓർത്തഡോക്സ് സഭയും: ഈ പോക്ക് അപകടകരം: അലക്‌സ് ബേബി

അലക്‌സ് ബേബി( മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാനേജിംഗ് കമ്മറ്റി അംഗം) Published on 05 June, 2018
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പും ഓർത്തഡോക്സ് സഭയും:   ഈ പോക്ക് അപകടകരം: അലക്‌സ് ബേബി
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലവും വന്നു. ചെങ്ങന്നൂരില്‍ ആരു ജയിച്ചാലും തോറ്റാലും കേരള ഭരണത്തിനു ഒന്നും സംഭവിക്കുകയില്ല എന്നത് നേരത്തെതന്നെ വ്യക്തം. വോട്ടും ഭൂരിപക്ഷവും ഒക്കെ ഭരണപ്രതിപക്ഷ കക്ഷികളുടെ ഉള്‍പാര്‍ട്ടി ചര്‍ച്ചയിലും തലവെട്ടിലും ഒതുങ്ങും. അതൊന്നും ഇവിടെ വിഷയമല്ല. ഈ തിരഞ്ഞെടുപ്പ് മലങ്കര സഭയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് എന്റ്റെ വിഷയം.

മലങ്കര സഭയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്തതും കേള്‍ക്കാത്തതുമായ രാഷ്ട്രീയ ധ്രുവീകരണവും ഇടപെടലുമാണ് ഇത്തവണ ചെങ്ങന്നൂരില്‍ സംഭവിച്ചത്. സ്ഥാനാര്‍ത്ഥികള്‍ക്ക് അതിന്റ്റെ ഗുണമോ ദോഷമോ, ഫലമോ ദുര്‍ഫലമോ ഞാന്‍ ചര്‍ച്ച ചെയ്യുന്നില്ല. മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഈ തിരഞ്ഞെടുപ്പ് ഉണ്ടാക്കുന്ന അപചയം മാത്രമാണ് എന്റ്റെ വിഷയം.
തിരഞ്ഞെടുപ്പുകളും രാഷ്ട്രീയവും മുമ്പും ഉണ്ടായിരുന്നു. ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ പലരും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. ജയിച്ചിട്ടും തോറ്റിട്ടും ഉണ്ട്. ഇ. ജോണ്‍ ജേക്കബ്, സി. എം. സ്റ്റീഫന്‍, ഇ എം. ജോര്‍ജ് ….. (ഇക്കൂട്ടത്തില്‍ ഉമ്മന്‍ ചാണ്ടി, ജോസഫ് പുതുശ്ശേരി എന്നിവരെക്കൂടി ഉള്‍പ്പെടുത്തിക്കൊള്ളട്ടെ) അങ്ങിനെ പലരും…. പക്ഷേ അവരാരും സഭയെ രാഷ്ട്രീയത്തില്‍ ഇറക്കിയിട്ടില്ല. അവര്‍ മലങ്കര സഭാംഗങ്ങളാണന്നതു അവര്‍ക്കോ, സഭയ്‌ക്കോ, വോട്ടര്‍മാര്‍ക്കോ ഒരു വിഷയം അല്ലായിരുന്നു.

മുമ്പ് മലങ്കര സഭയുടെ വൈദീക ട്രസ്റ്റി ആയിരുന്ന ഫാ. മത്തായി നൂറനാല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി കേരള നിയമസഭയിലേയ്ക്കു മത്സരിച്ചു. സഭ എതിര്‍ത്തുമില്ല അനുകൂലിച്ചുമില്ല. അദ്ദേഹത്തിന്റെ പരാജയമോ വിജയമോ സഭയെ ബാധിച്ചുമില്ല.

ഇതില്‍ വലിയ അത്ഭുതമൊന്നുമില്ല. കാരണം മലങ്കര സഭാംഗങ്ങളായ അനേകം പ്രഗത്ഭ നേതാക്കള്‍ കാലാകാലങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അവരൊക്കെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അവരുടെ രാഷ്ട്രീയ പശ്ചാത്തലത്തിലും വ്യക്തിപരമായ സംഭാവനകളിലും അവലംബിച്ചായിരുന്നു അതിനുള്ള വ്യക്തിപരമായി പിന്‍ബലം അവര്‍ക്കുണ്ടായിരുന്നു. അത്തരം അടിസ്ഥാനമൊന്നുമില്ലാത്തവര്‍ ഇന്നു മലങ്കരസഭയെ ചട്ടുകമാക്കി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍  തങ്ങളുടെ വോട്ട്ബാങ്ക് ആക്കി സഭയെ മാറ്റുമ്പോഴാണ്  പ. സഭയെക്കുറിച്ചുള്ള എന്റെ ആശങ്ക പ്രസക്തമാകുന്നത്. 
മലങ്കരസഭാംഗങ്ങള്‍ക്ക് എന്നും രാഷ്ട്രീയം ഉണ്ടായിരുന്നു. അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുകയും തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുകയകയും ചെയ്തു വന്നിരുന്നു. പക്ഷേ സഭ ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നില്ല. അഭി. വൈദീകര്‍ സ്വന്തമായി രാഷ്ട്രീയ ആഭിമുഖ്യം ഉണ്ടെങ്കിലും അതു പുറത്തു കാണിച്ചിരുന്നില്ല. കേരളത്തലെ മറ്റു ചില സഭകളേപ്പോലെ ഇടയലേഖനങ്ങള്‍ ഇറക്കി കുഞ്ഞാടുകളെ രാഷ്ട്രീയ ധ്രുവീകരണം നടത്തുന്ന പണി മലങ്കരസഭയ്ക്ക് ഇല്ലാതിരുന്നതിനാല്‍ നാണം കെടാതെ എന്നും സഭ രക്ഷപെട്ടിരുന്നു.

എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതെല്ലാം തകിടംമറിഞ്ഞു. കക്ഷിരാഷ്ട്രീയത്തില്‍ വൈദീകര്‍ ഇടപെട്ടതുപോകട്ടെ, ജയിച്ച ഒരു സ്ഥാനാര്‍ത്ഥിയുടെ ജീപ്പിനുമുകളില്‍ കയറി ആനന്ദനൃത്തം ആടിയ ഒരു പുരോഹിതന്‍ മലങ്കര സഭയെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ ക്രിസ്ത്യാനികളേയുമാണ് 
അപമാനിച്ചത്! കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത സംഭവം.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്താണ്? 
മലങ്കരസഭയിലെ ഒരുവിഭാഗം വൈദീകര്‍ ഒരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി അഴിഞ്ഞാടുകയായിരുന്നു. ആടുകളെ നയിക്കേണ്ട ഇടയന്‍ എന്ന നിലയില്‍ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ കര്‍ശനമായും പങ്കെടുക്കണം എന്നു സഭാംഗങ്ങളെ ഉപദേശിക്കേണ്ട ബാദ്ധ്യത തീര്‍ച്ചയായും വൈദീകര്‍ക്കുണ്ട്. പക്ഷേ ഇവിടെ അതിനപ്പുറം തരംതാണ കക്ഷിരാഷ്ട്രീയമാണ് പ്രവര്‍ത്തിച്ചത്. 

ഇത് 2017 ജൂലൈ 3ലെ സുപ്രീം കോടതിവിധി നടപ്പാക്കി കിട്ടുവാന്‍ ഉള്ള നടപടിയാണന്ന വാദത്തിനു നിലനില്പില്ല. കോടതിവിധി നടപ്പാക്കാന്‍ രാഷ്ട്രീയം അപ്രസക്തമാണ്. അതു 2018 മെയ് വിധിയില്‍ സുപ്രീം കോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട. അത് നടത്തിക്കിട്ടുവാനായി പ്രവൃത്തിക്കുവാന്‍ ശക്തമായ ഒരു സഭ നേതൃത്വനിര നമുക്കുണ്ട് എന്നതില്‍ നമുക്ക് അഭിമാനിക്കാം. ശാശ്വത സമാധാനത്തിനായി സ്വന്തം ജീവന്‍ പോലും ബലി നല്‍കാമെന്ന് ഏറ്റം വിനയത്തോടെ എന്നാല്‍ ഏറ്റം ശക്തമായ ഭാഷയില്‍ സമൂഹത്തോട് പ്രഖ്യാപിച്ച പരിശുദ്ധ ബാവാ തിരുമേനിയാണ് നമ്മുടെ ശക്തിയും ഊര്‍ജ്ജവും.

ഇനി ചെങ്ങന്നൂര്‍ ഉപതുരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി സഹായിച്ചിട്ട് എന്തു പ്രയോജനം സഭയ്ക്കുണ്ടായി? വ്യക്തമായ കോടതി വധി ഉള്ള പിറവം പള്ളിക്കേസ് നിശ്ചിത ദിവസം നടത്തി കിട്ടിയോ? ഒരു വര്‍ഷം മുമ്പ് വിധി നടത്തിയ കോലഞ്ചേരിയില്‍ കഴിഞ്ഞ ദിവസം റവന്യു/പോലീസ് അധികാരികള്‍ കോടതിവധി പരസ്യമായി ലംഘിച്ചതോ? 

ആര്‍ക്കാണ് ഈ രാഷ്ട്രീയക്കളിയില്‍ ലാഭം ഉണ്ടായത്? തീര്‍ച്ചയായും പ. സഭയ്ക്കല്ല. വ്യക്തമായ കോടതി വിധി നടപ്പാക്കി കിട്ടുവാന്‍ സഭ്‌യ്ക്ക് ഭരണകക്ഷിയുടെ കാലുപിടിക്കേണ്ടെ കാര്യമില്ല. പക്ഷേ അതു വെച്ചു വിലപേശുന്നത് രാഷ്ട്രീയക്കാരണന്നു ഞാന്‍ വിശ്വസിക്കുന്നില്ല. മറിച്ച്, മലങ്കരസഭാംഗങ്ങളായ രാഷ്ട്രീയ ഭിക്ഷാംദേഹികളാണ്.

മാദ്ധ്യമങ്ങളെ വിശ്വസിക്കാമെങ്കില്‍, അടുത്ത തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോകസഭാ സീറ്റ്, റാന്നി അസംബ്ലി സീറ്റ് എന്നിവയില്‍ (ഇന്ന) ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളാക്കണം എന്ന നിബന്ധനയിലത്രെ ചെങ്ങന്നൂരില്‍ വൈദീകരെയടക്കം പ്രചരണത്തിനിറക്കിയത്. സഭയ്ക്കു രാഷ്ട്രീയമോ സ്ഥാനാര്‍ത്ഥികളോ ഇല്ലാത്ത സ്ഥിതിക്ക് ആരോ വ്യക്തിപരമായ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കാന്‍ സഭയെ ബലിയാടാക്കിയതല്ലേ?
എന്റ്റെ വ്യക്തിപരമായ വീക്ഷണത്തില്‍ ഈ നാണംകെട്ട രാഷ്ട്രീയക്കളിയില്‍ മുഖം നഷ്ടപ്പെട്ടത് നമ്മുടെ സഭയ്ക്കു മാത്രമാണ്. മുമ്പ് മുഖ്യമന്ത്രിമാരടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ സമയം ചോദിച്ചു ദേവലോകത്തുവന്നു മുഖംകാണിച്ചിരുന്ന സ്ഥാനത്ത് ഇന്ന് രാഷ്ട്രീയ നേതാക്കളുടെ സമയവും സൗകര്യവും നോക്കി അവരെ പോയി കാണെണ്ടതായ ഗതികേട് സഭയ്ക്കു വന്നിരിക്കുന്നു. എന്തിനു വേണ്ടി ? ആരുടെ നേട്ടത്തിനായി ?

സഭാംഗങ്ങളെ ചിന്തിക്കൂ.? നമുക്കുവേണ്ടത് എന്താണ് ?ദൈവത്തിന്റെ ശരീരമാകുന്ന സഭയെ ദൈവീക മഹത്വത്തിനായി സമര്‍പ്പിക്കുന്ന പ്രക്രിയയില്‍ ഇന്നും അവശേഷിക്കുന്ന ആത്മീയ ഭാവം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഇനിയെങ്കിലും നമുക്ക് അവസാനിപ്പിക്കാം. സഭാംഗങ്ങളുടെ ഇടയില്‍ എന്നും കാത്ത് സൂക്ഷിക്കേണ്ടതായ ഒരുമയുടെ ആത്മാവ് കേവലം രാഷ്ട്രീയ കാരണങ്ങളാല്‍ നഷ്ടപ്പെടുത്തുവാന്‍ നാം അനുവദിച്ചുകൂടാ.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പും ഓർത്തഡോക്സ് സഭയും:   ഈ പോക്ക് അപകടകരം: അലക്‌സ് ബേബി
Join WhatsApp News
Mallu 2018-06-05 10:05:54
വിവരദോഷം പറയാതെ.  ചെങ്ങന്നൂരിൽ  ആർ എസ് എസ്  അഴിഞ്ഞാട്ടം സഹിക്കാൻ വയ്യാതെ അവരെ നേരിടാൻ കെല്പുള്ള ഇടതു പക്ഷത്തെ ജയിപ്പിച്ചു. അല്ലാതെ ഒരു ആനക്കാര്യം ഇതിലില്ല.  കേരളമാകെ ഇതുണ്ടാകും.  ക്രിസ്ത്യാനിക്കും മുസ്ലിമിനും കേരളത്തിൽ ജീവിക്കണ്ടേ.  കഞ്ഞിവെള്ളം കുടിച്ച കോൺഗ്രസുകാരനെ ജയിപ്പിച്ചിട്ട് എന്തുകാര്യം 
Jose Lukose 2018-06-05 16:22:06
baby is talking like a little baby.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക