Image

കുട്ടികളോടുള്ള നമ്മുടെ സ്‌നേഹത്തിന് എന്തു പറ്റി? (പകല്‍ക്കിനാവ്- 105: ജോര്‍ജ് തുമ്പയില്‍)

Published on 06 June, 2018
കുട്ടികളോടുള്ള നമ്മുടെ സ്‌നേഹത്തിന് എന്തു പറ്റി? (പകല്‍ക്കിനാവ്- 105: ജോര്‍ജ് തുമ്പയില്‍)
നമുക്ക് എവിടെയോ പിഴച്ചിരിക്കുന്നു. നമ്മുടെ എക്കാലത്തെയും വലിയ സ്വത്തായ കുട്ടികളെ നമുക്ക് പലര്‍ക്കും നഷ്ടപ്പെടുന്നു. എന്തു കൊണ്ട് നമ്മുടെ കുട്ടികള്‍ അച്ഛനെയും അമ്മയേയും ഓര്‍ക്കുന്നില്ല. അവര്‍ക്കു വഴിതെറ്റുന്നുവെന്നു മുന്‍കൂട്ടി കണ്ടെത്താന്‍ നമുക്കു കഴിയുന്നില്ല. അശരണരെന്നു തോന്നിപ്പിക്കുന്നവര്‍ക്ക് താങ്ങും തണലുമൊരുക്കാന്‍ നമുക്കു കഴിയുന്നില്ല. ഇവിടെ പ്രേമമാണോ വില്ലന്‍?
പ്രേമം വലിയൊരു പാപമാണെന്നു സമൂഹത്തിനു തോന്നുന്നുണ്ടാവില്ല. കാരണം ഏതൊരു വൈകാരികമായ അവസ്ഥകളിലെന്നതു പോലെ അതും ദൈവികമാണ്. അതു കൂടി ഉണ്ടാവുമ്പോഴാണു ലോകം നിലനില്‍ക്കുന്നത്. പ്രപഞ്ചത്തിന്റെ സാമൂഹിക ചാക്രികം പൂര്‍ണ്ണമാവുന്നത്. എന്നാല്‍ അതിനൊക്കെയും ചില പരിധികളുണ്ട്. അതു സാമൂഹികമായും സാംസ്ക്കാരികമായും ബന്ധപ്പെട്ടിരിക്കുന്നു. അതു കൊണ്ട്, അതിന് ചില നിയന്ത്രണങ്ങളും സമൂഹം കല്‍പ്പിച്ചിരിക്കുന്നു. അവയെ മറികടന്നു കൊണ്ട് നമുക്ക് പ്രേമത്തെ ഇങ്ങനെയൊക്കെ വിചാരണ ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. പ്രേമിക്കുന്നു എന്ന കാരണത്താല്‍ മക്കളെ കൊല്ലണമെന്നല്ല പറഞ്ഞു വരുന്നത്. അത്തരം വ്യക്തിതാത്പര്യങ്ങള്‍ക്കു വേണ്ടി സമൂഹത്തെ വലിച്ചിഴയ്ക്കുന്ന നയത്തോട് എനിക്ക് എതിര്‍പ്പാണെന്നു തുറന്നു പറയുകയായിരുന്നു. ആ എതിര്‍പ്പ് എന്നത്, ഒരു സാമൂഹിക ജീവി എന്ന നിലയ്ക്കാണ്.

ആര് എന്തൊക്കെ പറഞ്ഞാലും മനുഷ്യന്‍ എന്നത്, ഒരു സാമൂഹിക ജീവി തന്നെയാണ്. മതം, ജാതി എന്നിവയൊക്കെയും അവിടെ ആവശ്യമാണ്. ഒരു പരിഷ്ക്കൃത സമൂഹത്തില്‍ പ്രത്യേകിച്ചും. കാരണം, നമ്മള്‍ പലതിനോടും ബന്ധപ്പെട്ടു നില്‍ക്കുന്നു. ്‌സന്തോഷം, സമാധാനം, സമ്പത്ത് എന്നിവയെല്ലാം പരസ്പരപൂരകങ്ങളാണ്. ഒന്ന് ഒന്നിനോടു ബന്ധപ്പെട്ടു നില്‍ക്കുന്നു. ഒന്നില്ലാതെ മറ്റൊന്നും പൂര്‍ണ്ണമാവുന്നില്ല. പ്രേമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചല്ല ഞാനിവിടെ പ്രതിപാദിക്കുന്നത്. പ്രേമം എന്നത് മനുഷ്യന് എപ്പോള്‍ വേണമെങ്കിലും ആരോടു വേണമെങ്കിലു ഏതു സാഹചര്യത്തിലും തോന്നാവുന്ന കാര്യമാണ്. എന്നാല്‍ അതിനു ചില പരിമിതികളും പരിധികളും സമൂഹം കല്‍പ്പിച്ചിരിക്കുന്നു. പ്രേമിക്കുന്നവരെല്ലാം തന്നെ പ്രേമിക്കുന്ന വ്യക്തികളുമായി ഒരുമിച്ചു താമസം തുടങ്ങുന്ന അവസ്ഥ എത്ര ഭയാനകമായിരിക്കും. കുടുംബം എന്ന വ്യവസ്ഥിതിയോടു ചേര്‍ന്നു നിന്നു ജീവിക്കുന്ന ഒരു മനുഷ്യന് അതൊട്ടും നല്ല അര്‍ത്ഥപൂര്‍ണ്ണമായ ഫലങ്ങളല്ല നല്‍കുന്നത്. അവിടെ ചില സന്തോഷങ്ങളുണ്ട്, ചില സങ്കടങ്ങളുണ്ട്, ചില വ്യക്തി ബന്ധങ്ങളുടെ നാഭീനാള ബന്ധമുണ്ട്. അതൊക്കെയും വലിച്ചെറിഞ്ഞു കൊണ്ട് രണ്ടു വ്യക്തികള്‍ പരസ്പരം സമൂഹത്തെ തള്ളിപ്പറഞ്ഞു കൊണ്ടു മുന്നോട്ടു പോവുകയെന്നാല്‍, അതിനു ന്യായീകരണമില്ല, എന്തിന്റെ പേരിലാണെങ്കിലും.

ഒരു മകനെ, അല്ലെങ്കില്‍ ഒരു മകളെ, ഉള്ളം കൈയില്‍ കൊണ്ടു നടന്നാണ് ഓരോ അച്ഛനും ഓരോ അമ്മയും വളര്‍ത്തുന്നത്. നൊന്തു പെറ്റു, ശ്വാസമുണ്ടോ, കുഞ്ഞിന് കഴിയാന്‍ പറ്റുന്നുണ്ടോ, കരയാതിരിക്കാന്‍ എന്തു ചെയ്യണമെന്നൊക്കെ കണ്ട് എത്രയോ വിഷമതകള്‍ നേരിട്ടാണ് വളര്‍ത്തി വലുതാക്കുന്നത്. വലുതാക്കി കഴിഞ്ഞാല്‍ വലിച്ചെറിയുക എന്നത് മൃഗീയമാണ്. അതു മാനുഷികമല്ല. അങ്ങനെ നെഞ്ചോടു ചേര്‍ത്തു വളര്‍ത്തിയ മകന്‍ അല്ലെങ്കില്‍ മകള്‍ പെട്ടെന്ന് ഒരു ദിവസം മറ്റൊരാളുടെ സമ്മര്‍ദ്ദത്തില്‍ ഉറ്റവരെയും ഉടയവരെയും ഇട്ടിട്ടു പോവുകയെന്നത് എത്ര പേരുടെ ഹൃദയത്തെയാവും വ്രണിതമാക്കുക.

നമുക്ക് ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഓരോ ശിശുരോദനത്തിലും ആ സ്വാതന്ത്ര്യം നമ്മള്‍ ഹനിക്കാറുണ്ട്. അതിന്റെ സുഖം നമ്മുടേതാണ്. അത് ജീവപരമ്പരയുടെ വെളിച്ചമാണ്. നമ്മള്‍ എന്തു ചെയ്‌തോ, അതു തന്നെയാണ് നമ്മുടെ മക്കളും ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ, മനുഷ്യകുലം, നിലനില്‍ക്കുകയുള്ളു. അതിന് സ്വാഭാവികമായ മുന്നേറ്റമുണ്ടാക്കാനാണ് ജാതിയും മതവുമൊക്കെ ലോകത്തില്‍ നിലനില്‍ക്കുന്നത്. അതൊന്നും ബന്ധനങ്ങളല്ല. ജീവിതത്തില്‍ നന്മയുണ്ടാവാന്‍ ചിലതു നഷ്ടപ്പെടുത്തിയേ തീരൂ. അതു താത്ക്കാലികമായിരുന്നുവെന്നും ശാശ്വതമല്ലായിരുന്നുവെന്നും പിന്നീട് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലാവുകയും ചെയ്യും.

ഏതൊരു വ്യക്തിയേയും സംബന്ധിച്ച് യൗവനം വല്ലാത്തൊരു കാലമാണ്. മനുഷ്യജീവന്റെ പകുതി പ്രയാണത്തിന് തൊട്ടു മുന്‍പുള്ള കാലം. തിരിച്ചറിവുണ്ടായി, പ്രായപൂര്‍ത്തിയായി എന്ന് അഹങ്കരിക്കുന്ന കാലം. സമൂഹത്തെ ഇനി നയിക്കേണ്ടത് തങ്ങളാണെന്നു തോന്നിത്തുടങ്ങുന്ന കാലം. ആ കാലത്തിലേക്കാണ് ആണും പെണ്ണും പരസ്പരം ഉഭയസമ്മതത്തോടെ ചില ഉപാധികളുമായി ഒത്തുചേരുന്നത്. അതിനിടയില്‍ അവര്‍, ബാല്യത്തില്‍ അസുഖം വന്നപ്പോള്‍ ഉണ്ണാതെ ഉറങ്ങാതെ കാവല്‍ ഇരുന്ന അച്ഛനെയും, അമ്മയേയും ഒക്കെ മറന്നുവെന്നു വരും. വേദനകള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണല്ലോ മനുഷ്യന്‍ വേദനകളെക്കുറിച്ച് ഓര്‍ക്കുന്നത്. മറ്റൊരാള്‍ക്കു വേദന എന്നു നൂറു തവണ പറഞ്ഞാലും ഓരോ മനുഷ്യനും അത് അനുഭവിക്കുമ്പോഴാണ് അതിന്റെ തീവ്രത മനസ്സിലാവുന്നത്. നെഞ്ചിന്‍കൂടു പറിഞ്ഞു പോകുന്നതു പോലെയാണ് ഓരോ മക്കളും അച്ഛനെയും അമ്മയേയും വിട്ടു പോകുമ്പോള്‍ അനുഭവിക്കുന്നത്. എല്ലാവര്‍ക്കും അതു താങ്ങാനായി എന്നു വരില്ല. ശിഷ്ട കാലം അവര്‍ ജീവിച്ചു തീര്‍ക്കുന്നത് എങ്ങനെയാണെന്നു സമൂഹം അന്വേഷിക്കുന്നതുമില്ല.

ചിലര്‍ വിധിയെ പഴിക്കുന്നു, മറ്റു ചിലര്‍ സമൂഹത്തെ പേടിച്ച് അടങ്ങിയൊതുങ്ങി കഴിയുന്നു. എന്തായാലും നഷ്ടം മാതാപിതാക്കള്‍ക്കാണ്. ഇനി ചെറിയൊരു കൂട്ടര്‍ മാത്രമാണ് കൊല്ലാനും തല്ലാനും കേസിനും മറ്റുമായി തോന്നുന്നത്. അവര്‍ക്ക് ജീവിതം നഷ്ടപ്പെട്ടുവെന്ന് തോന്നുന്നതു കൊണ്ടുണ്ടാകുന്ന അസ്വസ്ഥതയാണ് ഇത്തരം മൃഗീയപ്രവര്‍ത്തികള്‍ക്കു പിന്നിലെ ചേതോ വികാരം. ശരിയാണ്, എല്ലാവരും മനുഷ്യരാണ്. എന്നാല്‍ ഓരോ കുഞ്ഞിനെയും തിരിച്ചറിയണമെങ്കില്‍ അവര്‍ അച്ഛനും അമ്മയും കൂടിയാവണം. അതാണ് വിശ്വാസം. പരസ്പരം സ്‌നേഹിക്കുന്നു എന്ന് അവകാശപ്പെടുന്ന പ്രണയിനികള്‍ ഒന്നോര്‍ക്കുന്നില്ല, നൊന്തു പെറ്റു വളര്‍ത്തിയ മാതാപിതാക്കളെ ഒരു നിമിഷത്തെ സുഖമോര്‍ത്തു മാത്രം തള്ളിപ്പറയുന്നവര്‍, അപ്പോള്‍ മാത്രം കണ്ടുമുട്ടുന്നവരെയും തള്ളിപ്പറയില്ലെന്ന് എന്താണ് ഉറപ്പ്. അതു തന്നെയാണ് കാമിനിമാരുടെ ജീവിതത്തില്‍ ചില വര്‍ഷങ്ങള്‍ക്കു ശേഷം നാം കാണുന്നതും, കേള്‍ക്കുന്നതും. എല്ലാവര്‍ക്കും നല്ലതുവരട്ടെ.

(ഈ ലേഖനത്തിന് ദുരഭിമാനക്കൊല, കെവിന്‍ വധം എന്നിവയുമായൊന്നും പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ല. ചില രക്ഷകര്‍ത്തൃ വിചാരങ്ങള്‍ പങ്കിട്ടു എന്നു മാത്രം.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക