Image

രാജ്യസഭ സീറ്റ് മാണിക്കെന്നു സൂചന, കോണ്‍ഗ്രസിനു മേല്‍ സമ്മര്‍ദ്ദം

Published on 07 June, 2018
രാജ്യസഭ സീറ്റ് മാണിക്കെന്നു സൂചന, കോണ്‍ഗ്രസിനു മേല്‍ സമ്മര്‍ദ്ദം
ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കെ.എം മാണിക്ക് വേണമെന്ന ശക്തമായ ആവശ്യത്തിനു മേല്‍ കോണ്‍ഗ്രസിന്റെ കേന്ദ്രം നേതൃത്വം വഴങ്ങുന്നതായി സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ യുഡിഎഫിലെ ഘടക കക്ഷികള്‍ ഒന്നിച്ചു നില്‍ക്കുന്നുവെന്ന് ന്യൂഡല്‍ഹിയില്‍ നിന്നുള്ള രാഷ്ട്രീയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ഉപാധികള്‍ കൂടാതെയാണ് ചെങ്ങന്നൂരില്‍ മാണി യുഡിഎഫിന് ഒപ്പം നിന്നതെന്നും അതു കൊണ്ടു രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിനു തന്നെയാണെന്നും അതില്‍ മാറ്റമില്ലെന്നും ഇന്ന് ഉച്ചയ്ക്കും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച ഏകദേശ ധാരണയായെങ്കിലും വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടതോടെയാണ് കാര്യങ്ങള്‍ കുഴമറിഞ്ഞത്. 
മാണിയുടെ ആവശ്യത്തിന് കുഞ്ഞാലിക്കുട്ടിയും പിന്തുണ പ്രഖ്യാപിച്ചതോടെ രാഹുല്‍ അയഞ്ഞേക്കുമെന്നാണ് സൂചനകള്‍. രാജ്യസഭയില്‍ ബിജെപി ശക്തിപ്രാപിച്ചു വരുന്ന സാഹചര്യത്തില്‍ പരമാവധി കോണ്‍ഗ്രസ് എംപിമാരെ അവിടെ എത്തിക്കണം എന്നായിരുന്നു ഹൈക്കമാന്‍ഡ് നിലപാട്. യുഡിഎഫിലേക്കുള്ള തിരിച്ചു വരവിന്റെ ഭാഗമായി രാജ്യസഭാ സീറ്റ് എന്ന ആവശ്യം കേരള കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നുവെങ്കിലും അതില്‍ നിര്‍ബന്ധബുദ്ധി കാണിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് രാവിലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് നിലപാട് മാറിയത്. കേരള കോണ്‍ഗ്രസിന്റെ ഈ ആവശ്യത്തെ മുസ്ലീംലീഗും ശക്തമായി പിന്തുണച്ചു. 
കുഞ്ഞാലിക്കുട്ടി നേരിട്ട് തന്നെ ഗുലാം നബി ആസാദും മറ്റു ഉന്നതനേതാക്കളുമായും ചര്‍ച്ച നടത്തുകയും കേരളത്തില്‍ മുന്നണിയെ ശക്തിപ്പെടുത്തണമെങ്കില്‍ കേരള കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടു വരണം എന്ന കാര്യം വ്യക്തമായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 
എന്നാല്‍ കേരള കോണ്‍ഗ്രസും മുസ്ലീംലീഗും നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റു വഴികളില്ലാതെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അതിനെ പിന്താങ്ങുന്നു എന്നാണ് സൂചന. സംസ്ഥാന നേതാക്കള്‍ ഒന്നിച്ചു നിന്ന് ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞാല്‍ അത് രാഹുല്‍ ഗാന്ധി തള്ളിക്കളയാനും സാധ്യതയില്ല. വ്യാഴാഴ്ച്ച വൈകിട്ട് രാഹുലുമായി ജോസ് കെ മാണിയും കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച്ച നടത്തുന്നുണ്ട് നിര്‍ണായകമായ ഈ യോഗത്തോടെ രാജ്യസഭാ സീറ്റില്‍ അന്തിമതീരുമാനമുണ്ടാകാനാണ് സാധ്യത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക