Image

മതേതരത്വമാണ് ഇന്ത്യയുടെ മതം, അസഹിഷ്ണുത രാജ്യത്തിന്റെ സ്വത്വം തകര്‍ക്കുന്നു പ്രണബ് മുഖര്‍ജി

Published on 07 June, 2018
മതേതരത്വമാണ് ഇന്ത്യയുടെ മതം, അസഹിഷ്ണുത രാജ്യത്തിന്റെ സ്വത്വം തകര്‍ക്കുന്നു പ്രണബ് മുഖര്‍ജി

നാഗ്പുര്‍:   മതേതരത്വമാണ് ഇന്ത്യയുടെ മതമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ച് രൂപപ്പെട്ടതാണ് നമ്മുടെ ദേശീയതയെന്നും വെറുപ്പ്, അസഹിഷ്ണുത, മതം എന്നിവകൊണ്ട് അതിനെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത് ദേശീയത ശുഷ്‌കിക്കാന്‍ കാരണമാകുമെന്നും പ്രണബ് മുഖര്‍ജി കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് ആസ്ഥാനത്ത് സംഘടനയുടെ സംഘശിക്ഷാ വര്‍ഗിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസിന്റെ ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെ വിവധ കോണുകളില്‍ നിന്ന് പ്രണബ് മുഖര്‍ജിക്ക് വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ താനവിടെ പോകുന്നതല്ല എന്താണ് പറയുന്നത് എന്നതാണ് പ്രധാനമെന്നാണ് അദ്ദേഹം വിമര്‍ശനങ്ങളോട് പ്രതികരിച്ചത്. ദേശീയത, ദേശം, ദേശ സ്‌നേഹം എന്നിവയേക്കുറിച്ച് തന്റെ ബോധ്യങ്ങളെ പങ്കുവെക്കാനാണ് താനിവിടെ എത്തിയതെന്നും അദ്ദേഹം ചടങ്ങില്‍ വ്യക്തമാക്കി. 

രാജ്യത്തോടുള്ള സമര്‍പ്പണമാണ് ദേശസ്‌നേഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് വേണ്ടി ഇന്ത്യയുടെ വാതില്‍ എപ്പോഴും തുറന്നുകിടന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അസഹിഷ്ണുത രാജ്യത്തിന്റെ സ്വത്വം തകര്‍ക്കുന്നു. വിശ്വമാനവീകതയില്‍ അടിയുറച്ചതാകണം ദേശീയതയെന്നും അദ്ദേഹം വ്യക്തമാക്കി.

വെറുപ്പിനേയും വിവേചനത്തിനെയും പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്റെ സ്വത്വത്തിന് ഭീഷണിയാണ്. ഇന്ത്യന്‍ ദേശീയത എന്നത് മറ്റുള്ളവരെ ഒഴിവാക്കുന്നതോ നാശത്തിന് കാരണമാകുന്നതോ അല്ലെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയത എന്നതിന് വ്യക്തമായ വിശദീകരണം പണ്ഡിറ്റ് നെഹ്‌റു ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.  പ്രണബ് മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക