Image

'ആങ്ങള ചത്തിട്ടായാലും നാത്തൂന്റെ കണ്ണീരു കാണണം എന്നതാണ് കോണ്‍ഗ്രസുകാരുടെ പൊതുവികാരം'; രാജ്യസഭാ സീറ്റ് മാണി വിഭാഗത്തിന് നല്‍കിയതിനെ പരിഹസിച്ച് ജയശങ്കര്‍

Published on 07 June, 2018
'ആങ്ങള ചത്തിട്ടായാലും നാത്തൂന്റെ കണ്ണീരു കാണണം എന്നതാണ് കോണ്‍ഗ്രസുകാരുടെ പൊതുവികാരം'; രാജ്യസഭാ സീറ്റ് മാണി വിഭാഗത്തിന് നല്‍കിയതിനെ പരിഹസിച്ച് ജയശങ്കര്‍
രാജ്യസഭാ സീറ്റ് മാണി വിഭാഗത്തിന് നല്‍കാനുള്ള തീരുമാനത്തെയും അതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറികളെയും പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. ഇപ്പോള്‍ യൂത്തന്മാര്‍ക്കും മൂത്തവര്‍ക്കും ഒരുപോലെ തൃപ്തിയായി. കുര്യനെയും ചാക്കോയെയും ഒരുമിച്ചു വെട്ടിയ നിര്‍വൃതി കുഞ്ഞൂഞ്ഞിന്, പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനായ സന്തോഷം ചെന്നിത്തലയ്ക്ക്. ആങ്ങള ചത്തിട്ടായാലും നാത്തൂന്റെ കണ്ണീരു കാണണം എന്നതാണ് കോണ്‍ഗ്രസുകാരുടെ പൊതുവികാരം എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പാണ്ടനും മണിയനും അപ്പം പങ്കിടാന്‍ കുരങ്ങനെ ഏല്പിച്ച കഥ നിങ്ങളില്‍ ചിലരെങ്കിലും കേട്ടുകാണും. കുരങ്ങച്ചന്‍ രണ്ടായി മുറിച്ചപ്പോള്‍ ഒരു കഷ്ണം അല്പം വലുതും മറ്റേത് കുറച്ചു ചെറുതും ആയിപ്പോയി. അതു പരിഹരിക്കാന്‍ കുരങ്ങന്‍ വലിയ കഷണത്തില്‍ ഒരു കടി പാസാക്കി. അപ്പോള്‍ വലിയ കഷണം ചെറുതും ചെറിയ കഷണം വലുതുമായി. ഉടനെ മറ്റേ കഷണത്തില്‍ കടിച്ചു. അപ്പോള്‍ വീണ്ടും പഴയപടിയായി. ചുരുക്കിപ്പറഞ്ഞാല്‍ മൂന്നോ നാലോ കടികൊണ്ട് അപ്പം കുരങ്ങന്റെ വയറ്റിലെത്തി. പൂച്ചകള്‍ രണ്ടും ബ്ലീച്ചായി.
ഏതാണ്ട് ഇതുതന്നെയാണ് രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും സംഭവിച്ചത്.
മുതുക്കന്മാര്‍ക്കു കൊടുക്കരുതെന്ന് ചെറുപ്പക്കാര്‍, പിള്ളേരു കളിയല്ല രാജ്യസഭയെന്ന് മുതിര്‍ന്നവര്‍. മലബാര്‍ ക്വാട്ട, മുസ്ലീം പ്രാതിനിധ്യം, വനിതാ സംവരണം എന്നിങ്ങനെ അനവധി അവകാശ വാദങ്ങള്‍.
ആര്‍ക്കും പരാതിയില്ലാതെ രാജ്യസഭാ സീറ്റു പ്രശ്‌നം പരിഹരിക്കുന്ന ചുമതല പികെ കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തു. അദ്ദേഹം സീറ്റ് മാണിഗ്രൂപ്പിനു ദാനം ചെയ്തു. മലപ്പുറത്തും വേങ്ങരയിലും ചെങ്ങന്നൂരും മാണി കൊടുത്ത നിരുപാധിക പിന്തുണയ്ക്ക് എളിയ പ്രതിഫലം.
ഇപ്പോള്‍ യൂത്തന്മാര്‍ക്കും മൂത്തവര്‍ക്കും ഒരുപോലെ തൃപ്തിയായി. കുര്യനെയും ചാക്കോയെയും ഒരുമിച്ചു വെട്ടിയ നിര്‍വൃതി കുഞ്ഞൂഞ്ഞിന്, പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനായ സന്തോഷം ചെന്നിത്തലയ്ക്ക്. ആങ്ങള ചത്തിട്ടായാലും നാത്തൂന്റെ കണ്ണീരു കാണണം എന്നതാണ് കോണ്‍ഗ്രസുകാരുടെ പൊതുവികാരം.
2021ല്‍ യുഡിഎഫിനു ഭൂരിപക്ഷം കിട്ടിയാല്‍ കുഞ്ഞാലിക്കുട്ടി ആയിരിക്കും മുഖ്യമന്ത്രി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക