Image

കാല; സ്റ്റൈല്‍ മന്നന്റെ പകര്‍ന്നാട്ടം

ആശ എസ്. പണിക്കര് Published on 08 June, 2018
  കാല; സ്റ്റൈല്‍ മന്നന്റെ പകര്‍ന്നാട്ടം
രജനീകാന്തിന്റെ ഒരു പുതിയ സിനിമ എന്നു പറയുമ്പോള്‍ തമിഴ് നട്ടില്‍ മാത്രമല്ല, ഇങ്ങു കേരളത്തിലും അതിന്റെ ആവേശം അലയടിക്കുകയാണ്. പാ രഞ്ജിത് സംവിധാനം ചെയ്ത കബാലിയില്‍  നിന്നും കാലായില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ വീണ്ടും കണുന്നത് ഒരു മാസ് ചിത്രം തന്നെ. രജനീകാന്തിനെ പോലെ ഒരു വലിയ സൂപ്പര്‍താരത്തിന്റെ അഭിനയവൈദഗ്ധ്യവും താരമൂല്യവും  മുഴുവന്‍ അതിന്റെ നൂറിരട്ടിയായി ബോക്‌സോഫീസില്‍ പണമായി പരിഭാഷപ്പെടുത്താനുള്ള വാണിജ്യ ചേരുവകള്‍ ഈ ചിത്രത്തിലും ക്യത്യമായ അനുപാതത്തിലുണ്ട്.  

കറുപ്പിന്റെ രാഷ്ട്രീയം തന്നെയാണ് കാലാ എന്ന ചിത്രം പറയുന്നത്. ദ്രാവിഡസംസ്‌കാരത്തിന്റെ ചിത്രം.രാഷ്ട്രീയ പ്രഖ്യാപനത്തിനു ശേഷം രജനീകാന്ത് അഭിനയിക്കുന്ന ഈ ചിത്രം ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടതും അതിന്റെ സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തിന്റെ പ്രത്യേകത കൊണ്ടു തന്നെയാണ്. 

 രജനിയെ മറ്റ് തമിഴ് സൂപ്പര്‍ താരങ്ങളില്‍ നിന്നും എല്ലാക്കാലവും വേറിട്ടു നിര്‍ത്തുന്നത് അദ്ദേഹത്തിന്റെ സംഭാഷണങ്ങളുടെ ചടുലതയും വാക്കിലും നോക്കിലും എന്തിന് ആക്ഷന്‍ രംഗങ്ങളില്‍ പോലും പ്രകടിപ്പിക്കുന്ന കൃത്യമായ മാനറിസങ്ങളുമൊക്കെയാണ്. ഇതു സ്‌ക്രീനില്‍ പ്രസരിക്കുന്നതോടെയാണ് ആരാധകരായ പ്രേക്ഷകര്‍ക്കിടയിലേക്ക് ഊര്‍ജ്ജവും ആവേശവും നിറയ്ക്കുന്നത്. ഇത്തവണയും അതിനു മാറ്റമില്ല. രജനിയെ സൂപ്പര്‍താര പരിവേഷത്തിന് അനുയോജ്യമായ കഥയും കഥാസന്ദര്‍ഭങ്ങളുമെല്ലാം ഒരുക്കിക്കൊണ്ടു തന്നെയാണ് സംവിധായകന്‍ കാലാ ഒരുക്കിയിട്ടുള്ളത്. രജനി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ഓരോ രംഗത്തും തിയേറ്ററില്‍ ഉയരുന്ന കൈയ്യടി അതിന്റെ ഉദാഹരണമാണ്. 

കബാലിയുടെ കഥയുമായി വളരെയധികം സാമ്യമുണ്ട് കാലായ്ക്കും. മലേഷ്യയിലെ അധോലോകവും അവിടെ നായകന്‍ നടത്തുന്ന പോരാട്ടവുമൊക്കെയാണ് കബാലിയിലെങ്കില്‍ കാലായില്‍ മുംബൈയിലെ ധാരാവിയിലെ അധോലോകമാണ് നായകന്റെ സാമ്രാജ്യം. നാഗര്‍കോവില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുമ്പേ മുംബൈയില്‍ എത്തിയതാണ് വെങ്കയ്യന്‍. ധാരാവിയില്‍ അദ്ദേഹം തമിഴ് മക്കള്‍ക്ക് വേണ്ടി അധികാരികളോട് പടവെട്ടി. അദ്ദേഹത്തിന്റെ മകനാണ് കരികാലന്‍. കാലായുടെ എന്‍ട്രി സീന്‍ നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്. ധാരാവിയിലെ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയാണ് കരികാലന്‍. കറുപ്പാണ് വേഷം. ആദ്യപന്തില്‍ തന്നെ കരികാലന്‍ ഔട്ടാകുന്നു. രജനിയില്‍ നിന്നും ഒരൊന്നൊന്നര സിക്‌സറുമായി കാലായുടെ മാസ് എന്‍ട്രി പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകര്‍ക്കു മുന്നിലാണ് ഇത്തരത്തില്‍  കരികാലന്‍ ഔട്ടാകുന്നത് എന്നോര്‍ക്കണം. എന്നാല്‍ പന്ത് നോബോളായിരുന്നു എന്നു പറഞ്ഞ് കുട്ടികളോട് അവരില്‍ ഒരാളായി കരികാലന്‍ തര്‍ക്കിച്ചു ജയിക്കാന്‍ ശ്രമിക്കുന്നു. ഇത് കാലായുടെ ഒരു മുഖം. 

മുംബൈയിലെ ധാരാവിയിലെ ചേരി ഒഴിപ്പിച്ച് അവിടെ കെട്ടിടങ്ങളും ഷോപ്പിങ്ങ് കോംപ്‌ളക്‌സുകളും നിര്‍മ്മിക്കാന്‍ വേണ്ടി ഇറങ്ങിപ്പുറപ്പെടുന്നവരോട് കരികാല നേരിട്ടെതിര്‍ക്കുന്നു. അയാളുടെ മകന്‍ സെല്‍വിയും സമരരംഗത്തുണ്ട്. അവകാശപോരാട്ടങ്ങളിലൂടെ അര്‍ഹതപ്പെട്ടതു നേടിയെടുക്കുമ്പോഴും  വേണ്ടി വന്നാല്‍  അവസരത്തിനൊത്ത് നിയമം കൈയിലെടുക്കാന്‍ മടിക്കാത്തയാളുമാണ് കാലാ.  ധാരാവി പോലുള്ള ചേരികള്‍ മൊത്തത്തില്‍ ശുദ്ധീകരിക്കുന്നതിനായി ഇറങ്ങി പുറപ്പെട്ട ഹരിദേവ് അയ്യങ്കാറും അയാളുടെ പിന്നെ ഭൂമാഫിയയുമായിട്ടാണ് കരികാലന്റെ യുദ്ധം. ധാരാവിയില്‍ കരികാലന്റെ അധീനതയില്‍  കുറച്ചു പ്രദേശമുണ്ട്. അവിടുള്ള തമിഴര്‍ക്ക് കാലായാണ് അവസാന വാക്കും അവരുടെ നേതാവും എല്ലാം. തിരഞ്ഞെടുപ്പില്‍ വിജയിച്ച ഹൈന്ദവ പാര്‍ട്ടി നേതാവ് ഹരിബാബയ്ക്ക് കരികാലന്റെ സ്വാധീനമുള്ള സ്ഥലത്തു മാത്രം പരാജയം രുചിക്കേണ്ടി വരുന്നു. സ്ഥലത്തെ ധനാഢ്യനുമായ ഹരിബാബയ്ക്ക് കരികാലന്റെ കീഴിലെ പ്രദേശത്തില്‍ നോട്ടമുണ്ട്. തമിഴ് മക്കള്‍ ഒന്നായി കാലായുടെ നേതൃത്വത്തില്‍ കടുത്ത സമരം ആരംഭിച്ചതോടെ ഹരിബാബയും സംഘവും തല്‍ക്കാലത്തേക്കു പിന്‍വാങ്ങുന്നു. വീണ്ടും തമിഴ്മക്കള്‍ക്കു വേണ്ടിയാണ് താനെന്ന സന്ദേശം പ്രചരിപ്പിക്കുന്ന തരത്തില്‍ കോര്‍ത്തിണക്കിയ സംഭവങ്ങളും അതിന്റെ ഗതിവിഗതികളുമൊക്കെയാണ് ചിത്രം പറയുന്നത്. 

ചിത്രം റിലീസാകുന്നത് മുതല്‍ ഇന്ത്യയൊട്ടാകെ കാത്തിരുന്നത് അതിലെ രജനിയുടെ രാഷ്ട്രീയമുഖമാണ്. രാഷ്ട്രീയ തല്‍പരര്‍ ഏറെ ഉദ്വേഗത്തോടെ നോക്കിയിരുന്ന റിലീസു കൂടിയാണ് ചിത്രത്തിന്റേത് എന്നു കൂടിയോര്‍ക്കണം. പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന സിനിമ ഇടവേളയ്ക്ക് ശേഷമാണ് വേഗത കൈവരിക്കുന്നത്. ചിത്രത്തിന്റെ മാസ് ഘടകവും പ്‌ളസ് പോയിന്റും രജനീകാന്ത് എന്ന ഇതിഹാസത്തിന്റെ അഭിനയമികവു തന്നെയാണ്. ഒരേസമയം ധാരാവിയിലെ അധോലോകവുമായി ഏറ്റുമുട്ടുന്ന നായകന്‍, മക്കളുടെ പ്രിയപ്പെട്ട അച്ഛന്‍, കൂട്ടുകുടുംബത്തിലെ ചെറുമക്കളോട് കലഹിക്കുകയും അവരോട് കൂട്ടുകൂടുകയും ഇണങ്ങുകയും പിണങ്ങുകയും താലോലിക്കുകയുമൊക്കെ ചെയ്യുന്ന മുത്തച്ഛന്‍, സ്‌നേഹസമ്പന്നയായ ഭാര്യക്കു മുന്നില്‍ വീരസ്യങ്ങള്‍ മറന്നു പഞ്ചപാവമാകുന്ന ഭര്‍ത്താവ്. അയാള്‍ എല്ലായിടത്തും ജയിക്കുന്നവനല്ല. തോല്‍വിയും അതില്‍ നിന്നുള്ള പുനര്‍ജ്ജനിയുമെല്ലാം കാലയുടെ ജീവിതത്തിന്റെ ഭാഗമാണ്. എപ്പോഴും പടയൊരുക്കത്തിന്റെയും പോരാട്ടത്തിന്റെയും ഊര്‍ജ്ജം നിറച്ച കനലുകള്‍ ഉള്ളില്‍ നിറച്ചും അതിന്റെ ചൂടില്‍ പകര്‍ന്നാടുകയും ചെയ്യുന്ന ഒരുവന്‍. അങ്ങനെ വ്യത്യസ്തമായ ഭാവങ്ങളാണ് രജനി ഈ വേഷത്തിലണിയുന്നത്. വികാരതീവ്രമായ അഭിനയമുഹൂര്‍ത്തങ്ങള്‍ പലതും രജനി ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരു മികച്ച അഭിനേതാവിന് മാത്രം നല്‍കാന്‍ കഴിയുന്ന പ്രതിഭയുടെ മിന്നലാട്ടങ്ങള്‍. അത് സംഭാഷണത്തിലും നൃത്തരംഗങ്ങളിലും പഴയതു പോലെ മികച്ചതായില്ലെങ്കിലും ആക്ഷന്‍ രംഗങ്ങളിലും അത് നന്നായി സന്നിവേശിപ്പിച്ചിട്ടുണ്ട്. 

വില്ലനായി എത്തുന്ന നാനാ പടേക്കറും കാലായുടെ വിശ്വസ്ത സുഹൃത്ത് വലിയപ്പനായി എത്തിയ സമുദ്രക്കനിയുമെല്ലാം മികച്ച അഭിനയമാണ് കാഴ്ച വച്ചത്. കാലയുടെ ഭാര്യയായി വന്ന ഈശ്വരി റാവുവും തിളങ്ങി.  കാലായുടെ പൂര്‍വകാമുകിയും ഇപ്പോള്‍ ചേരിനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമായി വരുന്ന സറീന (ഹുമ ഖുറൈഷി) പലപ്പോഴും കഥയ്ക്ക് വെളിയില്‍ നില്‍ക്കുന്നതു പോലെ തോന്നും. എങ്കിലും പതിവ് തമിഴ് വാണിജ്യ സിനിമകളില്‍  നിന്നും വ്യത്യസ്തമായി ഈ ചിത്രത്തില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വവും ശബ്ദവുമുണ്ട്. ഹരിബാബയെ കണ്ട് ബംഗ്‌ളാവില്‍ നിന്നും ഇറങ്ങി പോരുമ്പോള്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണു നമസ്‌ക്കരിക്കണം എന്നു പറയുന്നത് അനുസരിക്കാതെ പോകുന്ന സറീന, എതിരാളികളെ വിറപ്പിക്കുന്ന കാലായെ പോലും നിയന്ത്രിക്കുന്ന ഭാര്യ സെല്‍വി, അഞ്ജലി പാട്ടീല്‍ അവതരിപ്പിക്കുന്ന പുയല്‍ ചാരുമതി. സമരക്കാരുടെ മുന്‍ നിരയില്‍ അവളുമുണ്ട്. പ്രക്ഷോഭത്തിനിടയില്‍ വസ്ത്രാക്ഷേപം നടത്താനൊരുങ്ങുന്ന പോലീസുകാരന്റെ തലയ്ക്കടിച്ചാണ് അവള്‍ മറുപടി പറയുന്നത്.  ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും മികവു പുലര്‍ത്തുന്നു. സാങ്കേതികമായും സംഗീതത്തിലും ദൃശ്യാവിഷ്‌ക്കാരത്തിലും ചിത്രം അതിഗംഭീരമെന്നു വേണം പറയാന്‍. ടിക്കറ്റെടുക്കന്നവര്‍ക്ക് ഒരുത്സവമായിരിക്കും ഈ ചിത്രം എന്നതില്‍ സംശയമില്ല. 
  







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക