Image

എളമരം കരീം-സിപിഐഎമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

Published on 08 June, 2018
എളമരം കരീം-സിപിഐഎമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി


കേരളത്തില്‍ നിന്ന്‌ രാജ്യസഭയിലേക്ക്‌ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായി സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റിയംഗവും, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ എളമരം കരീമിനെ നിശ്ചയിച്ചു. ജൂലായ്‌ ഒന്നിന്‌ കാലാവധി തീരുന്ന മൂന്ന്‌ രാജ്യസഭാ സീറ്റുകളിലേക്കാണ്‌ ഈ മാസം 21ന്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.

സി.ഐ.ടി.യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന എളമരം കരീം 971ല്‍ കെ.എസ്‌.എഫിലൂടെയാണ്‌ രാഷ്ട്രീയ ജീവിതത്തിലേക്ക്‌ പ്രവേശിച്ചത്‌. 1974-ല്‍ സി.പി.ഐ.എം, സി.ഐ.ടി.യു. എന്നീ സംഘടനകളില്‍ അംഗമായി.

1977 മുതല്‍ 1986 വരെ സി.പി.ഐ.എമ്മിന്റെ മാവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. 1989 മുതല്‍ 1993 വരെ മാവൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. 1991-ല്‍ സി.പി.ഐ.എമ്മിന്റെ കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയിലും, 1998-ല്‍ കോഴിക്കോട്‌ ജില്ലാ സെക്രട്ടേറിയറ്റിലും, 2005-ല്‍ കേരള സംസ്ഥാന കമ്മിറ്റിയിലും അംഗമായി.
സി.ഐ.ടി.യുവിന്റെ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ വര്‍ക്കേഴ്‌സ്‌ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായും, ഓള്‍ ഇന്ത്യ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ഫെഡറേഷന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

കഴിഞ്ഞ ഇടതു സര്‍ക്കാര്‍ കാലത്ത്‌ എളമരം കരീം വ്യവസായ മന്ത്രിയായിരുന്നു. ഇടതുമുന്നണിക്ക്‌ കിട്ടുന്ന രണ്ട്‌ സീറ്റുകള്‍ സി.പി.എമ്മും സി.പി.ഐയും വീതിച്ചെടുക്കാനായിരുന്നു തീരുമാനം. സി.പി.ഐ സ്ഥാനാര്‍ത്ഥിയായി ബിനോയ്‌ വിശ്വത്തെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക