Image

അധിനിവേശത്തിന്റെ പ്രാകൃത രൂപങ്ങള്‍- (ജിന്‍സന്‍ ഇരിട്ടി)

ജിന്‍സന്‍ ഇരിട്ടി Published on 08 June, 2018
അധിനിവേശത്തിന്റെ പ്രാകൃത രൂപങ്ങള്‍- (ജിന്‍സന്‍ ഇരിട്ടി)
ഉഷ്ണകാറ്റാഞ്ഞു വീശുന്ന മരുഭുമിയിലെ ഏതോ ഇരുണ്ട ജയില്‍ മുറിയില്‍, നാട്ടിലേക്കുള്ള മടക്കടിക്കറ്റ്  കാത്തു കഴിയുമ്പോള്‍ എന്റെ മനസ്സില്‍ ആ  നിമിഷമൊന്ന്   എത്രയും  പെട്ടന്ന് ആകണമെയെന്നല്ല  , മുഹമ്മദിനെയൊന്ന് കണ്ടു യാത്ര പറഞ്ഞിട്ടാകണമേ  എന്റെ തിരിച്ചുപോക്ക്   എന്നായിരുന്നു   പടച്ച തമ്പുരാനോടുള്ള    പ്രാര്‍ത്ഥന.

പുറത്തെ ഉഷ്ണകാറ്റിന്റെ ഏറ്റകുറച്ചില്‍ എന്നെ ബാധിക്കുന്നെയില്ല .മനസ് മരിച്ചവര്‍ക്ക് ശരിരത്തിന്റെ ഉഷ്മാവ്  ഉഷ്ണത്തിനും ശൈത്യത്തിനും ആപേക്ഷികമാകാതെ സമാന്തരമായി നില്‍ക്കും. 

വിസയില്ലാതെ അറബി പോലീസ് പിടിച്ച് , കള്ളം പറഞ്ഞതിന് കൈയില്‍ ഉണ്ടായിരുന്ന തുച്ഛമായ സംമ്പാദ്യം പിഴയായി  തട്ടിപറിച്ച് ,  നാട്ടിലേക്ക് കയറ്റി അയയ്ക്കാനായി എന്നെ    ഇവിടെ കൊണ്ടിടുമ്പോള്‍ മനസ്സില്‍ പാലസ്തീന്‍ പോലെ ഉയര്‍ന്നു നിന്ന വികാരം മുഹമ്മദായിരുന്നു.
 
തികച്ചും ആകസ്മികമായയൊരു കണ്ടുമുട്ടലായിരുന്നു അത് .അല്ലെങ്കില്‍ പാലസ്തീന്‍കാരിയായ ഞാനും മലപ്പുറം കാരനായ മുഹമ്മദും തമ്മില്‍    എന്തു  ജന്മബന്ധം. മുഹമ്മദ് ഞാന്‍  ജോലിചെയ്യുന്ന വീട്ടിലെ കാര്‍ െ്രെഡവറായി വന്നത് പടച്ചു തമ്പുരാന്റെ സൃഷ്ടി പരമ്പരയിലെ കര്‍മ്മ ബന്ധമാണ്. എന്റെ വഴികള്‍ പിന്നീട് എല്ലാവരാലും വെറുക്കപ്പെടുന്ന  അഹിതമായതും   പടച്ച തമ്പുരാന്റെ  സൃഷ്ടിപുസ്തകത്തിലെ എഴുതപ്പെട്ട  കര്‍മ്മബന്ധത്തിന്റെ തുടര്‍ച്ചതന്നെ .

ഒരിക്കലും ഒരു വ്യഭിചാരിണി ആകണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷേ സ്ത്രികള്‍ ഉപഭോഗ വസ്തുക്കള്‍ ആക്കപ്പെടുന്ന ഒരു നാട്ടില്‍ ,പണകൊഴുപ്പുള്ള അറബി മുതലാളിമാര്‍ക്ക് അധിനിവേശം ശ്രമകരമായ കാര്യമല്ലന്നു തിരിച്ചറിഞ്ഞപ്പോള്‍, പിന്നെ വഴങ്ങി കൊടുക്കാതെ പ്രതിരോധിക്കാന്‍ എനിക്കാവുമായിരുന്നില്ല.

വഴങ്ങി കൊടുത്ത് , വീട്ടു ജോലികളും ചെയ്തു കിട്ടുന്ന   തുച്ഛമായ  കാശുകൊണ്ട് നാട്ടിലെ കാഴ്ചമങ്ങിയ  ബാപ്പയെയും , ദീനം വന്നു കിടപ്പിലായ ഉമ്മയെയും  രണ്ടു അനുജത്തിമ്മാരെയും കുറ്റമറ്റ രീതിയില്‍ നോക്കി ജീവിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ അറബിമുതലാളിയുടെ  ഭാര്യയാല്‍  പിടിക്കപ്പെടുന്നത്. അറബി എന്നെ   കറവ വറ്റിയ പശുവിനെ തൊഴുത്തില്‍ നിന്ന് ചവിട്ടി പുറത്താക്കുന്ന ലാഘവത്തോടെ കരുണരഹിതമായി   കൈയ്യൊഴിഞ്ഞു.

 ജീവിക്കാന്‍ ഒരു   വിസയില്ലാതെ  , എന്റെ ഭാവിഎന്താകുമെന്നോര്‍ത്ത് പെരുവഴിയില്‍ നിന്ന് പടച്ച  തമ്പുരാനോട്  നിലവിളിച്ചു.
 
മുഹമ്മദ്  എനിക്ക് സഹായഹസ്തവുമായി വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ഈ മരുഭുമിയില്‍ പട്ടിണി കിടന്നു മരിച്ചേനെ.
മുഹമ്മദിന്റെ  തുച്ഛമായ ശമ്പളത്തില്‍   അങ്ങനെ ജീവിക്കുന്നതില്‍ എനിക്ക് വല്ലാത്ത അപകര്‍ഷതാബോധം    തോന്നി. അയാള്‍ക്കും, അയാളുടെ തുച്ഛമായ ശമ്പളത്തില്‍  കണ്ണും നട്ടിരിക്കുന്ന  ഉപ്പയും , ഉമ്മയും  ഭാര്യയും മക്കളും ഉണ്ടായിരുന്നു.ഒരിക്കല്‍ മുഹമ്മദിന് നാട്ടില്‍   നിന്നു വന്ന കത്തിലെ ഒട്ടിയ  ദീനലിപികളിലെ  കണ്ണിരുണങ്ങിയ വാക്കുകള്‍ കണ്ടപ്പോള്‍ ഞാന്‍ അയാളുടെ  അനുവാദത്തിനു കാത്ത് നില്‍ക്കാതെ അവിടുന്ന് പടി  ഇറങ്ങി.

എനിക്ക് ഒന്നും നഷ്ടപ്പെടാനില്ലായിരുന്നു.പതുക്കെ വഴങ്ങി കൊടുക്കലിന്റെ  അധീജീവനം തന്ത്രം    ഓര്‍മ്മകളുടെ ചിതല്‍പുറ്റില്‍ നിന്ന് തല നീട്ടി വന്നു. ഞാന്‍ അത്  ആയുധമാക്കി.  ഹൃദയത്തില്‍ കുഴിച്ചു മൂടപ്പെട്ട ഏങ്ങലടികളോടെ  കരുണയില്ലാത്ത മാംസ കൊതിയന്‍മ്മാരുടെ അടഞ്ഞ  മുറികളില്‍ ശരീരം പങ്കിടുമ്പോള്‍ മുഹമ്മദ് പറഞ്ഞത്  എനിക്കോര്‍മ്മ വന്നു 'മാനുഷ്യത്വം  ഇല്ലാത്ത മനുഷ്യരാണ്  ഇബിലീസുകള്‍. അല്ലാതെ ഇബിലീസുകള്‍ എന്നൊരു വര്‍ഗ്ഗമില്ല'
 
എന്റെ പുതിയ അധീജീവനം കേട്ടറിഞ്ഞ     മുഹമ്മദ്  എന്നെ   ഒരു  കുറി എന്നെ വിലക്കിയതാണ്

''അതിന്റെ ശിക്ഷയെന്താണെന്നറിയാമോ  ഹസ്‌നെ നിനക്ക്  ?'' 

'' കൂട്ട മരണത്തെക്കാള്‍ വലുതല്ലല്ലോ?'' 

 പിന്നെ ഒരിക്കല്‍ പോലും ഞങ്ങള്‍ അതെകുറിച്ച് സംസാരം ഉണ്ടായില്ല. 

 അറബിപോലീസ് പിടിച്ചത് വ്യഭിചാരകുറ്റത്തിന് അല്ലാതിരുന്നത് പരമകാരുന്ന്യവാനായ അല്ലാഹുവിന്റെ കൃപ ഒന്നുകൊണ്ടു മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍  മാംസം വറ്റി  എല്ലും തോലുമായ എന്റെ ശരിരം  അറബിയുടെ ആദ്യ ചാട്ടവാറടിക്ക്  തന്നെ  ഒരു ചെറിയ പിടച്ചിലിനപ്പുറം പോകാതെ  നിലച്ചിട്ടുണ്ടാകും.  

സമയം ഇപ്പോള്‍ എത്രയായിട്ടുണ്ടാകുമോ ?  ഈ ജയിലറയില്‍ ഘടികാരമോ , തൂക്കുകലണ്ടറോ ഇല്ലാതിരിക്കുന്നത് മറ്റൊരു ശിക്ഷയാണ്.ദിനരാത്രങ്ങള്‍ മറിയുന്നതോ,ഭൂമി തിരിയുന്നതോ അറിയിക്കാതെ  ശവപ്പെട്ടിയില്‍ അടയ്ക്കപ്പെട്ടതുപോലത്തെ കടുത്ത  ശിക്ഷ. 

എവിടെയൊക്കെയോ വാതിലുകള്‍ ,തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. ഉഷ്ണകാറ്റിന്റെ കാതടപ്പിക്കുന്ന ഒരേതരം മൂളലുകള്‍ക്ക് അല്പം ആശ്വാസം തന്ന പുതിയ ശബ്ദങള്‍ക്കു   നന്ദി.

 വാതിലുകള്‍ തുറക്കുന്ന ശബ്ദം അടുത്തേക്ക് വന്നപ്പോള്‍ ഞാന്‍ ഉറപ്പിച്ചു മടക്ക യാത്രയ്ക്കുള്ള ടിക്കറ്റുമായി  തന്നെ

 ''നിനക്കൊരു വിസിറ്ററുണ്ട് ''
 
പാറാവ് കാരന്റെ  വാക്ക് കേട്ട് ഞാന്‍ തരിച്ചു നിന്ന് പോയി. 

''എനിക്കോ ?''
 
''ഉം''
 
ആരാണാവോ എന്നെ കാണാന്‍ വരാന്‍. അതും ചുടുകാറ്റ് കാവല്‍ നില്‍ക്കുന്ന ,  മൌനം പോലും  അളക്കപ്പെടുന്ന  ഈ   കാരാഗൃഹത്തില്‍
 
ഞാന്‍ കാത്തു നില്‍ക്കുന്ന സന്ദര്‍ശകനെ കണ്ടു അതിശയിച്ചുപോയി. മറ്റാരുമല്ല  മുഹമ്മദ്  തന്നെ
 
''നീ ഇവിടെ ?''
 
''ആരുടെയൊക്കെ കാലു പിടിച്ചിട്ടാണെന്നറിയാമോ  ഇങ്ങനെയൊരു അനുമതി സംഘടിപ്പിച്ചത്....''
 
മുഹമ്മദ്   ഇനിയൊരിക്കലും പരസ്പരം കാണില്ലെന്ന ഉറച്ച വിശ്വാസത്തില്‍ അനുവദിച്ചു കിട്ടിയ സമയത്തിനുള്ളില്‍ കുറെയധികം കാര്യങ്ങള്‍ പറഞ്ഞു.എനിക്ക് കൂടുതലും മറുപടി മൌനമായിരുന്നു. എന്റെ മനസിന്റെ ചുഴികളില്‍ നിന്ന് നുരഞ്ഞ് വന്ന ചോര ചുവയുള്ള വിങ്ങല്‍ കണ്ടിട്ടാകനം  ഒരു വേള അവന്‍ എന്റെ   മൌനം  കടം കൊണ്ടത്‌പോലെ   എന്നെ നിര്‍വികാരനായി  നോക്കി.

 ചെന്നിട്ട്  ഞാന്‍ കത്തെഴുതാമെന്ന്   ഉറപ്പു പറഞ്ഞപ്പോള്‍, ഞങ്ങള്‍ വീണ്ടും ഒരിക്കലും   കണ്ടു മുട്ടാത്തവരെ  പോലെ  മരണത്തിലേക്ക് നടന്ന് അകലുന്ന രണ്ടു രൂപങ്ങളല്ലന്ന് അവന് ബോധ്യമായിരിക്കനം  . 
 
കാത്തിരിപ്പുകള്‍ക്ക് അവസാനം തടിച്ചുരുണ്ട ,മുരുടനായ ഒരറബി ചുളുങ്ങി പറിഞ്ഞ എന്റെ യാത്ര രേഖകളുമായി വന്ന് , എന്നെ എന്നെയ്ക്ക്മായി എന്റെ പഴയ ദാരിദ്രാത്തിലേക്ക് നാട് കടത്തി.
 
പാലസ്തീന്‍  അപ്പോള്‍ തൊട്ടടുത്തു എവിടെയോ പതുങ്ങിയിരിക്കുന്നു മരനം വിതയ്ക്കാന്‍ കാത്തിരിക്കുന്ന  സാമ്രാജിത്വ അധിനിവേശത്തെ കണ്ടു വിറങ്ങലിച്ചു നില്‍ക്കുന്ന കാലമായിരുന്നു .
 
വീട്ടില്‍ പടര്‍ന്നു കയറിയ  വിശപ്പില്‍ എന്റെ സ്വാതന്ത്യ്ര   ബോധം ഇടയ്ക്കിടയ്ക്ക്  മരിച്ചും , ജീവിച്ചും    കൊണ്ടിരിന്നു.
 
ബോംബുകളും , പീരങ്കികളും    ഒന്നു പാഞ്ഞു വന്നു ഞങ്ങളെ വിഴുങ്ങിയിരുന്നങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിക്കാത്ത നിമിഷങ്ങള്‍ കുറവായിരുന്നു. പട്ടിണി കിടന്നു മരിക്കുന്നതിനെക്കാള്‍ അന്തസുണ്ട് രക്തസാക്ഷിത്വത്തിന് എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.

 നിനച്ചു നില്‍ക്കാത്ത ഒരു സമയത്ത് ബോംബുകളും  , കവചിത വാഹനങ്ങളും  ഗാസയെ പാതി  വിഴുങ്ങി.വിശപ്പിലും, അധിനിവേശ വെല്ലുവിളികളിലും തളരാത്ത കുറെ  സ്വാതന്ത്യ്ര     മോഹികള്‍ തീ തുപ്പുന്ന ബോംബുകള്‍ക്കും , തോക്കുകള്‍ക്കും ഭക്ഷണമായി.
 
കൂടെ  എന്റെ  ഹൃദയത്തെ   അണുബോംബിന്റെ പ്രകാരശേഷിയോടെ ചിന്നിഭിന്നമാക്കികൊണ്ട് ബാപ്പയെയും  , ഉമ്മയെയും  അനുജത്തിമാരെയും   സ്വാതന്ദ്ര്യം    ആവിശ്യമില്ലാത്ത ഒരു  ലോകത്തേക്ക്  അധിനിവേശക്കാരന്റെ   ഉന്നം  തെറ്റാത്ത ഒരു ബോംബ് കൂട്ടികൊണ്ടുപോയി. ഞാന്‍ പടച്ച തമ്പുരാനെ വല്ലാതെ വെറുത്തു പോയ ഒരു നിമിഷമായിരുന്നു അത്.

 എന്റെ ജീവിതം അഭയാര്‍ഥി ക്യാമ്പിലേക്ക് പറിച്ചുനടപ്പെട്ടു
 
മണിക്കുറുകള്‍ കാത്ത് നിന്ന്   അഭയാര്‍ഥി ക്യാമ്പിലെ ഉണക്ക റൊട്ടി കഴിക്കുമ്പോള്‍ ഞാന്‍ പടച്ച തമ്പുരാനെ പ്രാകി. അതുകേട്ട്  കൂട്ടത്തില്‍ ഒരാള്‍ ഏറ്റു പിടിച്ചു:

 ''പടച്ചോന്‍ കിറുക്കനാ അല്ലെങ്കി നമ്മളോട് മാത്രമിങ്ങനെ  വിവേചനം  കാട്ടുമോ  ? ''
 
കേട്ട് നിന്ന മറ്റൊരാള്‍ അതിന്റെ ബാക്കി പറഞ്ഞു :
 
''നമ്മുടെ രാജ്യം തട്ടി പറിച്ചെടുത്തു മറ്റൊരാള്‍ക്ക്  പകുത്തു കൊടുത്തിട്ട് ,നമ്മള്‍ അവര്‍ അനുവദിച്ചു തരുന്ന നക്കാപിച്ചാ സ്വാതന്ത്രത്തിന് വേണ്ടി വാലാട്ടി നില്‍ക്കണമെന്ന് പറയുന്നത് എവിടുത്തെന്യായമാണ്  .ഇപ്പോഴവര്‍ ഉള്ളതുകൂടി പിടിച്ചു   പറിക്കുന്നു ''
 
എന്റെ മറുപടി അര്‍ത്ഥമില്ലാത്ത ഒരു ചിരിയായിരുന്നു 

വിശപ്പ് മാറിയപ്പോള്‍ ഞാനും സ്വാതന്ത്രത്തെ കുറിച്ച് ചിന്തിച്ചു.വിശപ്പ് വന്നപ്പോള്‍ റൊട്ടിയെ കുറിച്ചും

 മുഹമ്മദിന്   അവസാനം  എഴുതിയ    കത്തിലെ വരി എന്റെ മനസിലൂടെ പാഞ്ഞു     'എങ്ങനെയും   ജീവിക്കുക എന്നത് അത്ര വലിയ കാര്യമല്ലന്ന്  ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി   '

 സൂചി കുഴലിലെ എന്റെ സ്വാതന്ത്യത്തിന്റെ   അവസാന ദിവസം വന്നു ചേര്‍ന്നു.ഇനി ഒരു മോഹഭംഗത്തിനും എന്നെ നിരാശ പെടുത്താന്‍ കഴിയില്ല. അധിനിവേശ സേനയുടെ പോര്‍വിമാനങ്ങള്‍ ഗാസയുടെ ആകാശത്ത് ചീറിപാഞ്ഞു , കവചിത വാഹനങ്ങളും , ബുള്‍ടോസറുകളും ഭൂമിയുടെ കോശങ്ങളെ വെട്ടി  മുറിച്ച് ഗാസയുടെ സ്വാതന്ത്യമോഹത്തിന് മേല്‍ അധിനിവേശത്തിന്റെ ചിറകെട്ടി. ആകസ്മിയതകള്‍  പലപ്പോഴും ക്രുരമായി കൈയ്യൊഴിഞ്ഞ എന്നെ ആ രാത്രിയുടെ അവസാനം ഒരു  അധിനിവേശകാരന്റെ തീ തുപ്പിയ  തോക്ക് രക്ഷിച്ചു.  

 ആരും  കഴിക്കാന്‍ ഇല്ലാതെ     ഈച്ചകള്‍ വട്ടം  പിടിച്ച  കൂനകൂട്ടി ഇട്ടിരുന്ന  റൊട്ടികളുടെ അരികില്‍ ഞങ്ങളെ പെറുക്കി കൂട്ടി.

 കുഴിച്ചിടാന്‍ അധിനിവേശക്കാരന്റെ  മണ്ണുമാന്തി യന്ത്രം വരുന്നതും കാത്തു കിടന്ന ഞങ്ങള്‍ക്ക് കൂട്ടിരിക്കാന്‍ പടച്ചു തമ്പുരാന്‍ ഇബിലിസുകളെയും, മലിക്കുകളെയും   അയച്ചു.
 
ഒരു മൈല്‍  അപ്പുറമുള്ള  ഓത്തുപള്ളിക്ക് പിന്നിലെ ഒലിവു മരങ്ങള്‍ക്കിടയിലെ ചാവ്  പറമ്പില്‍ ഉമ്മയുടെയും, ബാപ്പയുടെയും അനുജത്തിമ്മാരുടെയും  അരികില്‍ ,മീസാന്‍ കല്ലുകളാല്‍ മണ്ണില്‍ അടയാളപ്പെടുത്തുന്ന ഒരു  മാന്യമായ  ഖബര്‍ അടക്കം   ഒരു അതി മോഹമാണെന്ന് എനിക്ക് തോന്നി. അധിനിവേശക്കാരന് താല്പര്യം ഇരകളെ  നായിക്കകളെ പോലെ കുഴിച്ചിടാനാണ്. അതും ഒരു ശിക്ഷയാണ്.

മണ്ണുമാന്തി യന്ത്രം വരുന്നതും കാത്തുള്ള ഈ  കിടപ്പ് ചിലപ്പോള്‍ നീണ്ടേക്കാം. ചിലപ്പോള്‍ വന്നില്ലന്നും വരാം. വരാതായാല്‍ ?. ദുര്‍ഗന്ധം വമിച്ച്......ഹോ  എന്റെ റബ്ബി ഉല്‍ ആലമീനായ തമ്പുരാതമ്പുരാനെ ,അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
 
മുഴുത്ത ഈച്ചകളില്‍ ഒന്ന് എന്റെ മുറുവില്‍ നിന്ന് കിനിഞ്ഞിറങ്ങുന്ന വിളറിയ ചോര നക്കികുടികുോള്‍ ഞാന്‍ ഭൂപടത്തില്‍ നിന്ന് തുടച്ചു നീക്കപെടുന്ന ഒരു രാഷ്ട്രത്തെയും , ജനതയെയും മനസ്സില്‍ കാണുകയായിരുന്നു. 

 കാത്തിരിപ്പ് നീണ്ടു.
 
എന്താണ് സംഭവിക്കുന്നത് എന്ന് ഇബിലിസുകളോടും , മലിക്കുകളോടും ചോദിച്ചപ്പോള്‍ അവരും കൈ മലര്‍ത്തി. 
 
''എനിക്ക് ഒരു കാര്യത്തില്‍ പടച്ച തമ്പുരാനോട് നന്ദിയുണ്ട് മരിച്ചപ്പോള്‍ ഈ നീണ്ട കാത്തിരിപ്പിന് കൂട്ടിരിക്കാന്‍ മലിക്കുകളെയും , ഇബിലിസുകളെയും അയച്ചില്ലേ ''
 
അര്‍ദ്ധ നഗ്‌നനായി കമന്നു കിടന്ന ഒരു വൃദ്ധന്‍ പറഞ്ഞു.
 
''വല്ല്യ ആനക്കാര്യം. മരുന്ന് മേടിക്കാന്‍ കാശ് ചോദിച്ചപ്പോള്‍ ശവപ്പെട്ടി പണിതുതന്നതുപോലെയല്ലേ ?''
 
തലകീഴായി കിടന്ന ഒരു മധ്യവയസ്‌കന്റെ പരിഹാസം കേട്ട് മലിക്കുകളും , ഇബിലീസുകളും അയാളെ നന്ദിയില്ലാത്തവന്‍ എന്ന ഭാവത്തില്‍ തുറിച്ചു നോക്കി.
 
കാവല്‍ നില്‍ക്കുന്ന ഒരു അധിനിവേശക്കാരന്റെ പിശക് നോട്ടം നിലതെറ്റി എന്റെ മാറിടത്തില്‍ ഉടക്കി.

അയാള്‍ എന്റെ നേരെ നടന്നു വന്നു.അതുകണ്ട് ഇബിലിസുകളും മലിക്കുകളും സന്ദേഹത്തോടെ എന്നെ നോക്കി
 
ഞാന്‍ ആയാളുടെ കണ്ണുകളില്‍ ചൂഴ്‌ന്നെടുക്കാന്‍ പോന്ന അധിനിവേശത്തിന്റെ പ്രാകൃതമായൊരു    തിളക്കം കണ്ടു.  ആര്‍ത്തിയുടെ കൂര്‍ത്ത ദ്രംഷ്ടകളോടെ നീണ്ടു വരുന്ന   അയാളുടെ ബലിഷ്ഠമായ കരങ്ങള്‍  കണ്ടപ്പോള്‍ ചത്തു മലച്ച എന്റെ ശരീരം  ഒരിക്കല്‍ക്കൂടി പ്രതിരോധത്തോടെ വിറക്കുകയാണെന്നു  എനിക്ക് തോന്നി .
അധിനിവേശത്തിന്റെ പ്രാകൃത രൂപങ്ങള്‍- (ജിന്‍സന്‍ ഇരിട്ടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക