Image

മോഡിയെ വധിക്കാന്‍ ഗൂഢാലോചന ; അറസ്റ്റിലായ മലയാളിയുടെ കൊല്ലത്തെ വീട്ടില്‍ പരിശോധന

Published on 09 June, 2018
മോഡിയെ വധിക്കാന്‍ ഗൂഢാലോചന ; അറസ്റ്റിലായ മലയാളിയുടെ കൊല്ലത്തെ വീട്ടില്‍ പരിശോധന


കൊല്ലം:മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയെ വധിച്ചതുപോലെ ചാവേര്‍ ആക്രമണത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പൂനെ പോലീസിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്‌ കഴിഞ്ഞദിവസം ഡെല്‍ഹിയില്‍ അറസ്റ്റിലായ നക്‌സലൈറ്റ്‌ സംഘത്തിലെ മലയാളി കൊല്ലം നീണ്ടകര സ്വദേശി റോണ ജേക്കബ്‌ വില്‍സണിന്റെ (47) വീട്ടില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തി.

കേന്ദ്ര, സംസ്ഥാന ഏജന്‍സികളാണ്‌ നീണ്ടകര കണ്ണാട്ടുകുടി ക്ഷേത്രത്തിന്‌ പിന്നിലുള്ള റോണയുടെ കുടുംബവീട്ടില്‍ വെള്ളിയാഴ്‌ച പരിശോധന നടത്തിയത്‌. ഇവിടെ താമസിക്കുന്ന സഹോദരങ്ങളില്‍ നിന്ന്‌ വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം വീട്ടില്‍ നിന്ന്‌ സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയിട്ടില്ല.

കഴിഞ്ഞവര്‍ഷം കൊല്ലത്ത്‌ ഒരു സാംസ്‌കാരിക സംഘടന നടത്തിയ പരിപാടിയിലാണ്‌ റോണ ഏറ്റവും ഒടുവിലായി എത്തിയതെന്ന്‌ നാട്ടുകാര്‍ പറയുന്നു. മാത്രമല്ല, ഇക്കാര്യത്തില്‍ സംശയമൊന്നുമില്ലെന്ന്‌ പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും അറിയിച്ചു.

മാവോയിസ്റ്റ്‌ നേതാവ്‌ രൂപേഷിന്‌ കൊല്ലം ജില്ലയില്‍ നിന്ന്‌ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വഴി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച്‌ നല്‍കിയ സംഭവത്തില്‍ കുണ്ടറ, ശാസ്‌താംകോട്ട സ്വദേശികളായ രണ്ടു പേരെ കോയമ്‌ബത്തൂരില്‍ നിന്നുള്ള പ്രത്യേക സംഘം അറസ്റ്റ്‌ ചെയ്‌തിരുന്നു. ഇതോടെ ജില്ലയില്‍ മാവോയിസ്റ്റ്‌ സാന്നിധ്യം ഉറപ്പിച്ച കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ കൊല്ലത്ത്‌ സംയുക്ത യോഗം ചേര്‍ന്നപ്പോഴായിരുന്നു റോണയുടെ പേര്‌ ഉയര്‍ന്നു വന്നത്‌.

ഇയാള്‍ എപ്പോള്‍ കൊല്ലത്ത്‌ എത്തിയാലും ചോദ്യം ചെയ്യണമെന്ന തീരുമാനമാണ്‌ അന്ന്‌ യോഗത്തിലുണ്ടായത്‌. എന്നാല്‍ റോണ പിന്നീട്‌ കൊല്ലത്ത്‌ വന്നതായി വിവരമില്ല. അതേസമയം, ഇയാള്‍ക്കെതിരെ കൊല്ലത്തോ കേരളത്തില്‍ മറ്റിടങ്ങളിലോ ഇതുവരെ കേസില്ലെന്നാണ്‌ അറിഞ്ഞത്‌. ക്രിമിനല്‍ നടപടികളോ രാജ്യദ്രോഹപരമായ കലാപ ആഹ്വാനമോ ഒന്നും റോണ കേരളത്തില്‍ നടത്തിയിട്ടില്ലെന്നും പോലീസ്‌ അറിയിച്ചു. ഇയാള്‍ ഇപ്പോള്‍ ഡെല്‍ഹിയിലാണ്‌ താമസം.

കൊല്ലം ഫാത്ത്വിമ മാതാ കോളജില്‍ പ്രീഡിഗ്രി പൂര്‍ത്തായാക്കിയ റോണ വില്‍സണ്‍ ഡെല്‍ഹി ജെ.എന്‍.യുവില്‍ ഉപരി പഠനം പൂര്‍ത്തിയാക്കി അഞ്ച്‌ വിഷയങ്ങളില്‍ ഡോക്ടറേറ്റ്‌ സമ്‌ബാദിച്ചിട്ടുണ്ടെന്ന്‌ നാട്ടിലെ പഴയ കാല സുഹൃത്തുക്കള്‍ പറയുന്നു. ഏകദേശം 15 ഇന്ത്യന്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പ്രാവീണ്യമുള്ള റോണയുടെ പ്രവര്‍ത്തന കേന്ദ്രം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.

സാമൂഹ്യ പാരിസ്ഥിതിക ആഘാതങ്ങള്‍ ഉയരാന്‍ സാധ്യതയുള്ള ചില വന്‍ പദ്ധതികളില്‍ ചില ഉത്തരേന്ത്യന്‍ സര്‍ക്കാരുകള്‍ നേരത്തെ ഇദ്ദേഹത്തിന്റെ വിദഗ്‌ദോപദേശം തേടിയിരുന്നതായും അറിയുന്നു. നിലവില്‍ മഹാരാഷ്ട്രയില്‍ ഒരു വമ്‌ബന്‍ പദ്ധതിക്കെതിരെ ഗോത്ര വര്‍ഗക്കാരെ സംഘടിപ്പിച്ച്‌ റോണ സമര മുഖത്തായിരുന്നുവെന്നും പേര്‌ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കൊല്ലത്തെ ഒരു സുഹൃത്ത്‌ പറഞ്ഞു.

മഹാരാഷ്ട്രയിലെ ഭീമ കോറെഗാവ്‌ കലാപവുമായി ബന്ധപ്പെട്ട്‌ വ്യാഴാഴ്‌ച പൂനെ സെഷന്‍സ്‌ കോടതിയില്‍ പോലീസ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ നക്‌സലൈറ്റുകള്‍ ഗൂഢാലോചന നടത്തിയെന്ന്‌ പറഞ്ഞിരിക്കുന്നത്‌. റോണ വില്‍സന്റെ ഡെല്‍ഹിയിലെ വീട്ടില്‍ നിന്ന്‌ കണ്ടെടുത്ത കത്തിലാണ്‌ ഗൂഢാലോചനയുടെ സൂചനയുള്ളത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക