Image

കെഎം മാണിയുടെ പിന്‍ഗാമിയായി ജോസ് കെ മാണി, എതിര്‍പ്പുയര്‍ത്താനാകാതെ ജോസഫ് വിഭാഗം

Published on 09 June, 2018
കെഎം മാണിയുടെ പിന്‍ഗാമിയായി ജോസ് കെ മാണി, എതിര്‍പ്പുയര്‍ത്താനാകാതെ ജോസഫ് വിഭാഗം
കെഎം മാണിയുടെ പിന്‍ഗാമി സ്ഥാനം ഉറപ്പിച്ച് മകന്‍ ജോസ് കെ മാണി പാര്‍ട്ടിയില്‍ പിടിമുറുക്കുമ്‌ബോള്‍ എതിര്‍പ്പുയര്‍ത്താനാകാതെ നില്‍ക്കുകയാണ് പിജെ ജോസഫ് പക്ഷം. വൈസ് ചെയര്‍മാനായ ജോസ് കെ മാണിയുടെ പാര്‍ട്ടിയിലെ അപ്രമാദിത്വത്തില്‍ മുതിര്‍ന്ന നേതാക്കളടക്കം അസ്വസ്ഥരാണെന്നാണ് വിവരം. ജോസഫടക്കമുള്ള നേതാക്കളെ നോക്കുകുത്തിയാക്കുകയാണെന്ന ആക്ഷേപവും ഇവര്‍ ഉന്നയിക്കുന്നു.
ജോസ് കെ മാണിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പിസി ജോര്‍ജും ഫ്രാന്‍സിസ് ജോര്‍ജും അടക്കമുള്ളവര്‍ നേതൃത്വവുമായി കലഹിച്ച് പാര്‍ട്ടി വിട്ടത്. വിമത ശബ്ദം കുറഞ്ഞതോടെ ജോസ് കെ മാണി പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്തനായി. ഏറ്റവുമൊടുവില്‍ ഒന്നേമുക്കാല്‍ വര്‍ഷത്തെ ഇടവേളക്കുശേഷം രാജ്യസഭ സീറ്റിന്റെ തിളക്കവുമായി യുഡിഎഫിലേക്ക് മടങ്ങുമ്‌ബോഴും ചര്‍ച്ചകളില്‍ ജോസ് കെ മാണിക്ക് മാത്രമായിരുന്നു പങ്കാളിത്തം.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കാനുള്ള തീരുമാനവും തുടര്‍ധാരണകളും ജോസ് കെ മാണിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് രൂപപ്പെട്ടതും. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലായിലെ മാണിയുടെ വീട്ടില്‍ യുഡിഎഫ് നേതാക്കളെ എത്തിച്ചത് ഈ ചര്‍ച്ചകളാണ്. പിജെ ജോസഫ് ഒഴികെ പാര്‍ട്ടിയിലെ എംഎല്‍എമാരും മറ്റ് മുതിര്‍ന്ന നേതാക്കളും മാധ്യമങ്ങളിലൂടെയാണ് ചര്‍ച്ചകള്‍ അറിഞ്ഞത്.
ദില്ലിയിലെ ചര്‍ച്ചകളിലൂടെ യുഡിഎഫ് നേതാക്കള്‍ ജോസ് കെ മാണിയുടെ നേതൃത്വം അംഗീകരിച്ചിരിക്കുന്ന സ്ഥിതിയുമാണ്. മുന്‍പ് കോട്ടയത്ത് നടന്ന കേരള കോണ്‍ഗ്രസ് മഹാസമ്മേളനത്തോടനുബന്ധിച്ച് ജോസ് കെ മാണിയെ ചെയര്‍മാനാക്കാന്‍ നീക്കം നടത്തിയെങ്കിലും പിജെ ജോസഫ് നിലപാട് കടുപ്പിച്ചതോടെ ഉപേക്ഷിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ തലമുറമാറ്റത്തിന് വേഗം വെക്കുമെന്ന് പാര്‍ട്ടിയിലെ ഭൂരിഭാഗം നേതാക്കളും അണികളും കരുതുന്നു. ഏറെക്കാലത്തെ പ്രവൃത്തിപരിചയമില്ലാത്ത ജോസ് കെ മാണി നേതൃത്വം ഏറ്റെടുക്കുന്നതില്‍ പല എംഎല്‍എമാര്‍ക്കും താല്‍പര്യമില്ലെങ്കിലും പിണക്കാന്‍ കഴിയാത്തതിനാല്‍ എതിര്‍പ്പ് ഉള്ളിലൊതുക്കുകയാണ്. പിജെ ജോസഫ് നിര്‍ണായഘട്ടങ്ങളിലല്ലാതെ പ്രതികരിക്കുന്നുമില്ല. ഇത് രണ്ടാംനിര നേതാക്കളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക