Image

സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സില്‍ 'രാജ്യസഭ' കലാപം തുടരുന്നു, പിന്തുണയുമായി കൂടുതല്‍ പേര്‍

Published on 09 June, 2018
സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സില്‍ 'രാജ്യസഭ' കലാപം തുടരുന്നു, പിന്തുണയുമായി കൂടുതല്‍ പേര്‍
രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ്സിനു നല്‍കിയതില്‍ പ്രതിഷേധിച്ച് പരസ്യമായി കലാപക്കൊടി ഉയര്‍ത്തിയ വി.എം സുധീരന് പിന്തുണ വര്‍ദ്ധിക്കുന്നു. കോണ്‍ഗ്രസ്സ് അണികള്‍ക്കിടയിലും പൊതു സമൂഹത്തിനിടയിലും മാത്രമല്ല, നേതാക്കള്‍ക്കിടയില്‍ പോലും സ്വീകാര്യത കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിനെ കീറിമുറിച്ച് മാണിക്ക് മുന്നില്‍ അടിയറവ് വച്ചതിനെ ചങ്കൂറ്റത്തോടെ ചോദ്യം ചെയ്തതും യു.ഡി.എഫ് യോഗത്തില്‍ നിന്നും പരസ്യമായി ഇറങ്ങി പോന്നതുമാണ് സുധീരന്റെ 'മാര്‍ക്കറ്റ് 'ഉയര്‍ത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് പൊതുസമൂഹത്തിനിടയില്‍ ക്ലീന്‍ ഇമേജുള്ള ഏക കോണ്‍ഗ്രസ്സ് നേതാവും സുധീരന്‍ തന്നെയാണ്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന സുധീരനെ രാഹുല്‍ ഗാന്ധി കെ.പി.സി.സി അദ്ധ്യക്ഷനാക്കിയിട്ടും ഗ്രൂപ്പു നേതൃത്വങ്ങള്‍ അദ്ദേഹത്തെ പുകച്ച് പുറത്ത് ചാടിക്കുകയാണ് ചെയ്തിരുന്നത്.
അധികാര സ്ഥാനങ്ങളോട് എന്നും അകലം പാലിച്ചിരുന്ന സുധീരന്‍ വിട്ടുവീഴ്ച ചെയ്ത് കസേരയില്‍ കടിച്ചു തൂങ്ങിയിരിക്കാന്‍ തയ്യാറായതുമില്ല.
രാജ്യസഭ സീറ്റ് മാണിക്ക് നല്‍കിയതിനെതിരെ കോണ്‍ഗ്രസ്സില്‍ ഉയര്‍ന്ന കലാപം സുധീരന്റെ നേതൃത്വത്തില്‍ ഒരു പുതിയ ശാക്തിക ചേരി രൂപം കൊള്ളാനുള്ള സാധ്യതയെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഇപ്പോള്‍ ഗ്രൂപ്പുകളുടെ ഭാഗമായവര്‍ പോലും സുധീരന്‍ 'ബദല്‍' സംവിധാനം ഒരുക്കിയാല്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുമെന്ന നിലപാടിലാണ്.
പ്രശ്‌നം ലഘുകരിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സനും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എടുത്ത നിലപാടുകള്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. മൂന്നു പേരുടെയും ശവപ്പെട്ടി സ്ഥാപിച്ചാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രോഷം തീര്‍ത്തത്.
വീരേന്ദ്രകുമാറിന് രാജ്യ സഭാ സീറ്റും ആര്‍.എസ്.പിക്ക് കൊല്ലം സീറ്റും നല്‍കിയത് ചൂണ്ടിക്കാണിച്ച് പ്രശ്‌നത്തെ ലഘൂകരിക്കാന്‍ ശ്രമിച്ച എം.എം.ഹസ്സന്റെ നിലപാടിനെതിരെയും സുധീരന്‍ ആഞ്ഞടിച്ചു.
ഈ രണ്ടു സംഭവങ്ങളെയും കേരള കോണ്‍ഗ്രസ്സിന് സീറ്റ് നല്‍കിയതുമായി കൂട്ടിക്കെട്ടേണ്ടന്ന് പറഞ്ഞ സുധീരന്‍ ഉച്ചവരെ മാണിക്ക് സീറ്റു നല്‍കില്ലന്ന് പറഞ്ഞവര്‍ പിന്നീട് ദാനം ചെയ്തത് ദൂരൂഹമാണെന്നും തുറന്നടിച്ചു.
കെ.പി.സി.സി എക്‌സിക്യുട്ടീവിന്റെ അംഗീകാരം കൊല്ലം സീറ്റ് ആര്‍.എസ്.പിക്ക് നല്‍കുന്നതില്‍ ഉണ്ടായിട്ടുണ്ടെന്ന് അന്ന് കെ.പി.സി.സി അദ്ധ്യക്ഷനായിരുന്ന സുധീരന്‍ ചൂണ്ടിക്കാട്ടി. കെ.പി.സി.സി അധ്യക്ഷനായിരിക്കെ തനിക്കെതിരെ നീങ്ങിയവരാണ് ഇപ്പോള്‍ അണികളെ അവഗണിക്കുന്നതെന്നും മുന്‍ മുഖ്യമന്ത്രിക്കെതിരെ കൊട്ടാര വിപ്ലവം നടത്തിയവര്‍ പഴയ ചരിത്രം ഓര്‍ക്കണമെന്നും സുധീരന്‍ ഓര്‍മ്മിപ്പിക്കുന്നു.
സംസ്ഥാന കോണ്‍ഗ്രസ്സിലെ ഇപ്പോഴത്തെ പൊട്ടിത്തെറി പുതിയ കെ.പി.സി.സി അദ്ധ്യക്ഷനെ തെരെഞ്ഞെടുക്കുന്നതിലും ഇനി നിര്‍ണ്ണായകമാകും.
ഗ്രൂപ്പ് നേതാക്കളെ അദ്ധ്യക്ഷ സ്ഥാനത്ത് കൊണ്ടു വന്നാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് സുധീരന്‍ ഹൈക്കമാന്റിന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എ.കെ ആന്റണി,സുധീരന്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം മാനിച്ചായിരിക്കും പുതിയ കെ.പി.സി.സി അദ്ധ്യക്ഷനെ നിയോഗിക്കുക എന്നാണ് അറിയുന്നത്.

കേരളത്തില്‍ നിന്നും ആന്ധ്രയിലേക്ക് ചുമതല മാറ്റിയ ഉമ്മന്‍ ചാണ്ടി അടുത്ത മുഖ്യമന്ത്രി കസേര ഉറപ്പിക്കാനാണ് രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ്സിന് ദാനം ചെയ്തതെന്ന അഭിപ്രായമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
മുസ്ലീം ലീഗിനെയും കേരള കോണ്‍ഗ്രസ്സിനെയും കൂടെ നിര്‍ത്തിയാല്‍ കേരളത്തില്‍ തന്റെ അവസരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന കണക്ക് കൂട്ടലിലാണ് ഈ സാഹസത്തിന് ഉമ്മന്‍ ചാണ്ടിയെ പ്രേരിപ്പിച്ചതെന്നാണ് അവരുടെ വിലയിരുത്തല്‍.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പൂര്‍ണ്ണ പരാജയമായ രമേശ് ചെന്നിത്തലയെ തന്ത്രപൂര്‍വ്വം രാജ്യസഭ സീറ്റ് വിഷയത്തില്‍ കൂടെ നിര്‍ത്താന്‍ കഴിഞ്ഞതും ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ' വിജയമാണ്.
എന്നാല്‍ പ്രവര്‍ത്തകര്‍ക്കും പൊതു സമൂഹത്തിനും ഇടയില്‍ ഈ തീരുമാനം വിപരീത ഫലമുണ്ടാക്കിയത് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മാത്രമല്ല, ചെന്നിത്തലയുടെയും 'ഭാവി' സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്.
പ്രത്യേകിച്ച് സുധീരനെ പോലെ ജനകീയനായ നേതാവിനെ മുന്‍ നിര്‍ത്തി മുന്നാട്ടു പോയാല്‍ മാത്രമേ കേരളത്തില്‍ യു.ഡി.എഫിന് തിരിച്ച് വരവിന് സാധ്യതയുള്ളൂവെന്ന ടീം രാഹുലിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഈ ഗ്രൂപ്പ് നേതാക്കളുടെ നിലയിപ്പോള്‍ കൂടുതല്‍ പരുങ്ങലിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക