Image

രാജ്യസഭാ സീറ്റിനു പിന്നില്‍ അട്ടിമറി, യുഡിഎഫിനെതിരായ മുന്‍ നിലപാടില്‍ മാണി ഖേദം പ്രകടിപ്പിക്കണം: സുധീരന്‍

Published on 09 June, 2018
രാജ്യസഭാ സീറ്റിനു പിന്നില്‍ അട്ടിമറി, യുഡിഎഫിനെതിരായ മുന്‍ നിലപാടില്‍ മാണി ഖേദം പ്രകടിപ്പിക്കണം: സുധീരന്‍
കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ട് നല്‍കിയ നടപടിയില്‍ രൂക്ഷവിമര്‍ശനം ആവര്‍ത്തിച്ച് മുതിര്‍ന്ന നേതാവ് വിഎം സുധീരന്‍ രംഗത്ത്. കോണ്‍ഗ്രസിന് സീറ്റ് നഷ്ടപ്പെടുത്തിയതിന് പിന്നില്‍ അട്ടിമറിയും നിഗൂഢതയും ഉണ്ടെന്ന് സുധീരന്‍ പറഞ്ഞു.
മുന്നണിയിലില്ലാത്ത പാര്‍ട്ടിക്ക് സീറ്റ് നല്‍കിയത് അംഗീകരിക്കാനാകില്ല. ഉച്ചവരെ മാണിക്ക് സീറ്റ് നല്‍കില്ലെന്ന പറഞ്ഞവര്‍ പിന്നീട് അത് ദാനം ചെയ്യുകയായിരുന്നു. ഇത് ദുരൂഹമാണ്. സുധീരന്‍ പറഞ്ഞു.
കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതിനെ ന്യായീകരിച്ച് എംഎം ഹസന്‍ നടത്തിയ പ്രസ്താവനകളെ സുധീരന്‍ തള്ളിക്കളഞ്ഞു. കെപിസിസി എക്‌സിക്യൂട്ടീവില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് സീറ്റ് വിട്ടുനല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇപ്പോഴത്തെ നടപടിയിലൂടെ ലോക്‌സഭയില്‍ യുപിഎയുടെ ഒരു സീറ്റ് നഷ്ടപ്പെടുത്തും. ഈ സാഹചര്യം കേരളാ കോണ്‍ഗ്രസ് ഒഴിവാക്കണം. സുധീരന്‍ ആവശ്യപ്പെട്ടു.
വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റും ആര്‍എസ്പിക്ക് കൊല്ലം ലോക്‌സഭാ സീറ്റും വിട്ടുനല്‍കിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഹസന്റെ ന്യായീകരണം. എന്നാല്‍ ആ രണ്ട് സംഭവങ്ങളെ ഇതുമായി താരതമ്യം ചെയ്യാനാകില്ലെന്ന് സുധീരന്‍ പറഞ്ഞു. കൊല്ലം സീറ്റ് ആര്‍എസ്പിക്ക് വിട്ടുനല്‍കുന്നതിന് കെപിസിസി എക്‌സിക്യൂട്ടീവിന്റെ അംഗീകാരം ഉണ്ടായിരുന്നു. അല്ലാതെ നേതാക്കന്‍മാര്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനം ആയിരുന്നില്ല. അന്ന് കെപിസിസി പ്രസിഡന്റായിരുന്ന സുധീരന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്കെതിരെ സുധീരന്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. രാജ്യസഭാ സീറ്റിന് വേണ്ടി മന്ത്രിസ്ഥാനം രാജിവച്ച പഴയസംഭവം ഓര്‍മിപ്പിച്ചായിരുന്നു വിമര്‍ശനം. മുന്‍മുഖ്യമന്ത്രിക്കെതിരെ കൊട്ടാരവിപ്ലവം നടത്തിയവര്‍ പഴയ ചരിത്രമൊക്കെ ഓര്‍മിക്കണമെന്ന് സുധീരന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റായിരിക്കെ തനിക്കെതിരെ നീങ്ങിയവരാണ് ഇപ്പോള്‍ അണികളെ അവഗണിക്കുന്നത്. ഇക്കൂട്ടര്‍ സ്വയം പരിശോധന നടത്തുന്നത് നന്നായിരിക്കും. സുധീരന്‍ അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക