Image

'നടുറോട്ടിലിട്ട് പോത്തിനെ അറക്കുന്നത് നിര്‍ത്തി സ്വന്തം പാര്‍ട്ടിയിലെ കടല്‍ക്കിഴവന്മാരെ ആലയില്‍ കൊണ്ടുപോയി കെട്ടുകയാണ് വേണ്ടത്'; കോണ്‍ഗ്രസിന്റെ യുവനേതാക്കളോട് ജോയ് മാത്യു

Published on 09 June, 2018
'നടുറോട്ടിലിട്ട് പോത്തിനെ അറക്കുന്നത് നിര്‍ത്തി സ്വന്തം പാര്‍ട്ടിയിലെ കടല്‍ക്കിഴവന്മാരെ ആലയില്‍ കൊണ്ടുപോയി കെട്ടുകയാണ് വേണ്ടത്'; കോണ്‍ഗ്രസിന്റെ യുവനേതാക്കളോട് ജോയ് മാത്യു
നടുറോട്ടിലിട്ട് പോത്തിനെ അറക്കുന്നത് നിര്‍ത്തി സ്വന്തം പാര്‍ട്ടിയിലെ കടല്‍ക്കിഴവന്മാരെ ആലയില്‍ കൊണ്ടുപോയി കെട്ടുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസിലെ യുവാക്കളോട് നടനും സംവിധായകനുമായ ജോയ് മാത്യു. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് നേതൃനിരയിലെത്തുന്നതിന് പകരം ഹൈക്കമാന്റ് വഴി നേതാക്കാന്മാരെ അവരോധിക്കുന്നിടത്ത് തന്നെ ജനാധിപത്യപരമായ പാര്‍ട്ടിഘടന എന്നത് പൊളിയുന്നുവെന്നും ജോയ് മാത്യു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് ജോസ് കെ മാണിയെ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയരുന്നത്. ഇന്ന് രാവിലെയോടെ എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും വച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയിലെ ഒറ്റുകാരാണെന്നും, പ്രവര്‍ത്തകരുടെ മനസില്‍ രണ്ടുപേരും മരിച്ചുവെന്നുമുള്‍പ്പെടെയുള്ള പോസ്റ്ററുകളും പതിച്ചിരുന്നു. വിഎം സുധീരനും കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരും വിമര്‍ശനവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം
യൂത്ത് കോണ്‍ഗ്രസ്സുകാരുടെ വേവലാതി കഴിഞ്ഞു. വൃദ്ധകേസരികള്‍ക്ക് പകരം യുവരക്തം തന്നെ രാജ്യസഭയിലെത്തിയല്ലോ. പോരാത്തതിന് ആള്‍ കോണ്‍ഗ്രസ്സുമാണ്. അതില്‍ ഒരു കേരളം ഉണ്ടെന്നേയുള്ളൂ. അല്ലെങ്കില്‍ത്തന്നെ നമുക്കൊന്നും ഇപ്പഴും മനസ്സിലാകാത്ത കാര്യം കേരള കോണ്‍ഗ്രസ്സും സാക്ഷാല്‍ കോണ്‍ഗ്രസ്സും തമ്മിലെന്താ വ്യത്യാസം എന്നതാണ്.
ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് നേതൃനിരയിലെത്തുന്നതിന് പകരം ഹൈക്കമാന്റ് എന്നിടത്തുനിന്നുള്ള ഓര്‍ഡര്‍ വഴി നേതാക്കാന്മാരെ അവരോധിക്കുന്നിടത്ത് തന്നെ ജനാധിപത്യപരമായ പാര്‍ട്ടിഘടന എന്നത് പൊളിയുന്നു, രാജാവും അനുചരരും എന്ന നിലയിലേക്ക് അത് കൂപ്പ് കുത്തുന്നു.
പ്രണബ് മുഖര്‍ജിയെപ്പോലുള്ള അടുത്തൂണ്‍ പറ്റിയ മറ്റു കോണ്‍(വൃദ്ധ) കേസരികളും അധികം വൈകാതെ കാവിയണിയുന്നത് യുവരക്തങള്‍ കാണാതിരിക്കണെമെങ്കില്‍ നടുറോട്ടിലിട്ട് പോത്തിനെ അറക്കുന്നത് പോലുള്ള പരിപാടികള്‍ നിര്‍ത്തി നിങ്ങള്‍ യുവാക്കള്‍ സ്വന്തം പാര്‍ട്ടിയിലെ കടല്‍ക്കിഴവന്മാരെ ആലയിലേക്ക് തെളിച്ച് കൊണ്ടുപോയി കെട്ടുകയാണു വേണ്ടത്, ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക