Image

ജര്‍മനിയിലെ 'മലയാളം ഗുണ്ടര്‍ട്ട് ചെയര്‍' നഷ്ടപ്പെടുമെന്നു സൂചന

Published on 09 June, 2018
ജര്‍മനിയിലെ 'മലയാളം ഗുണ്ടര്‍ട്ട് ചെയര്‍' നഷ്ടപ്പെടുമെന്നു സൂചന

ബര്‍ലിന്‍: ഏറെ കൊട്ടിഘോഷിച്ച് 2015 ഒക്ടോബര്‍ ഒന്പതിന് ഉദ്ഘാടനം ചെയ്തു പ്രവര്‍ത്തനം ആരംഭിച്ച ജര്‍മനിയിലെ ട്യൂബിംഗന്‍ യൂണിവേഴ്‌സിറ്റിയിലെ ഹെര്‍മാന്‍ “ഗുണ്ടര്‍ട്ട് ചെയര്‍” നഷ്ടമായേക്കുമെന്നു സൂചന. മലയാളത്തിന് ക്‌ളാസിക് ഭാഷ പദവി ലഭിച്ചതിനൊപ്പം വിദേശത്ത് മലയാളത്തിന് ആദ്യമായി ഭാഷയ്ക്കുവേണ്ടി ഒരു ചെയര്‍ വേണമെന്ന കാലങ്ങളായുള്ള മുറവിളി പൂവണിഞ്ഞത് ഗുണ്ടര്‍ട്ട് ചെയറിലൂടെ ആണെങ്കിലും ബാല്യത്തിലെ തന്നെ വേരറക്കപ്പെടുന്ന അവസ്ഥയിലേയ്ക്കു നീങ്ങുകയാണ്.

കേരളത്തിലെ ആദ്യത്തെ മലയാളം യൂണിവേഴ്‌സിറ്റിയായ തിരൂരിലെ തുഞ്ചത്ത് എഴുത്തച്ഛന്‍ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ ട്യൂബിംഗന്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഏഷ്യന്‍ ആന്‍ഡ് ഓറിയന്റല്‍ സ്റ്റഡീസിന്റെ ഡയറക്ടറും ട്യൂബിംഗന്‍ എബര്‍ഹാര്‍ഡ് കാള്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറുമായ ഡോ. ഹൈക്കെ ഓബര്‍ലിനും ജര്‍മനിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള 2016 ലെ പുരസ്‌ക്കാര ജേതാവുമായ ജോസ് പുന്നാംപറന്പിലുമാണ് ഈ സംരംഭത്തിനു വഴിയൊരുക്കിയത്. തിരൂര്‍ മലയാളം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ.ജയകുമാറിന്റെ അശ്രാന്ത പരിശ്രമം മൂലമാണ് ഗുണ്ടര്‍ട്ട് ചെയര്‍ യാഥാര്‍ഥ്യമായത്. 

ചെയറിനുവേണ്ടി ട്യൂബിംഗന്‍ യൂണിവേഴ്‌സിറ്റിയുമായി മൂന്നു വര്‍ഷത്തെ കരാറാണ് 2015 ല്‍ ഉണ്ടാക്കിയത്. അന്നത്തെ കരാര്‍ കാലാവധി ഈ വര്‍ഷം സെപ്റ്റംബറില്‍ അവസാനിക്കും. കരാര്‍ പുതുക്കുന്നതിനുള്ള നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നതാണു വസ്തുത. ഡോ വി. അനില്‍ കുമാറാണ് (അനില്‍ വള്ളത്തോള്‍) ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍. ഈ വിഷയത്തില്‍ തിരൂര്‍ യൂണിവേഴ്‌സിറ്റിയോ വൈസ് ചാന്‍സലറോ ഇതുവരെ താത്പര്യമെടുക്കുകയോ, കരാര്‍ പുതുക്കാനുള്ള നടപടി തുടങ്ങുകയോ ചെയ്തിട്ടില്ല എന്നാണ് വിവരം ലഭിച്ചത്. തിരൂര്‍ യൂണിവേഴ്‌സിറ്റിയുടെ താത്പര്യക്കുറവുകൊണ്ട് ഗുണ്ടര്‍ചെയര്‍ നഷ്‌പ്പെടുമെന്നാണ് മലയാള ഭാഷാ സ്‌നേഹികള്‍, ജര്‍മന്‍ മലയാളികള്‍ ആശങ്കപ്പെടുന്നത്. പ്രഫ.ഡോ.ഹൈക്കെ ഓബര്‍ലിനാണ് ഗുണ്ടര്‍ട്ട് ചെയറിന്റെ ഇപ്പോഴത്തെ താത്കാലിക ചുമതല.

ഗുണ്ടര്‍ ചെയര്‍ മുഖേന മലയാളം ക്‌ളാസുകളും സാംസ്‌കാരവും സാഹിത്യവുമാണ് പഠന വിഷയങ്ങള്‍. ഗുണ്ടര്‍ട്ട് ചെയറായി ചുമതലയേറ്റ ഡോ. സ്‌കറിയാ സഖറിയാ നിലവില്‍ വിസിറ്റിംഗ് പ്രഫസറായി സേവനം ചെയ്തു വരുന്നു.

ഗുണ്ടര്‍ട്ട് ചെയറുമായി ബന്ധിപ്പിച്ച് ഒരു പരിഭാഷാ പദ്ധതി (ട്രാന്‍സലേഷന്‍ പ്രോജക്ട്) 2016 ഒക്ടോബറില്‍ ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയറില്‍ അവതരിപ്പിച്ചിരുന്നു. സമകാലിക മലയാള സാഹിത്യത്തിന്റെ 98 വിശിഷ്ട കൃതികള്‍ ജര്‍മന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കുന്ന പദ്ധതി ചാന്‍സലര്‍ ഡോ.ജയകുമാറാണ് അവതരിപ്പിച്ചത്. 

2017 ഒക്ടോബറില്‍ ഡോ. കെ.ജയകുമാറിന്റെ വിരമിക്കലിനു ശേഷം പദ്ധതിയുടെ ഒരു കോഓര്‍ഡിനേറ്റര്‍ ചുമതല ഏറ്റെടുത്തെങ്കിലും കാര്യമായ നീക്കങ്ങളൊന്നും പദ്ധതിയോടനുബന്ധിച്ച് ഉണ്ടായിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രശസ്ത എഴുത്തുകാരന്‍ സേതുവിന്റെ “പാണ്ഡവപുരം”. ജര്‍മന്‍ വിവര്‍ത്തനത്തിന്റെ ആദ്യ പുസ്തകം പ്രകാശനം ചെയ്യുകയും ചെയ്തു.

ഗുണ്ടര്‍ട്ട് ചെയര്‍ നഷ്ടപ്പെടാന്‍ ഇടയായാല്‍ ഈ പ്രോജക്ടും ഇല്ലാതാവും. നമ്മുടെ സാഹിത്യം ജര്‍മനിയില്‍ പ്രചരിപ്പിക്കുന്നതിലൂടെ ജര്‍മന്‍ സമൂഹം നമ്മുടെ ജീവിതം, അനുഭവങ്ങള്‍, ആശയങ്ങള്‍, ധാരണകള്‍, സംസ്‌കാരം മുതലായവ പരിചയപ്പെടാന്‍ ഇടയാവുകയും അതുവഴി നമ്മുടെ ജീവിതത്തെക്കുറിച്ച് സമഗ്രമായ അറിവു അവര്‍ക്കു നല്‍കാനും ഉപകരിക്കും. അതിനാല്‍ കുടിയേറ്റ സമൂഹമെന്ന നിലയില്‍ ഇവിടെയുള്ള മലയാളികളെ കുറിച്ചുള്ള അവരുടെ ധാരണയ്ക്ക് കൂടുതല്‍ ആഴവും വ്യാപ്തിയും ലഭിക്കും. അവരുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും ഇത് ഇടയാക്കും.

തിരൂര്‍ യൂണിവേഴ്‌സിറ്റിയുടെ താത്പര്യകുറവുകൊണ്ട് ഗുണ്ടര്‍ട്ട് ചെയര്‍ നഷ്ടപ്പെടാന്‍ ഇടയായാല്‍ മലയാള ഭാഷയ്ക്കും മലയാളിക്കും അതൊരു വലിയ നഷ്ടം എന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ. 

അതുകൊണ്ട് കേരള സര്‍ക്കാരിന്റെയും തിരൂര്‍ യൂണിവേഴ്‌സിറ്റിയുടെയും കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും കേരള സാഹിത്യ അക്കാദമിയുടെയും ഭാഷാ സ്‌നേഹികളുടെയും ലോക കേരള സഭാ അംഗങ്ങളുടെയും ജര്‍മനിയിലെ സംഘടനകളുടെയും അടിയന്തരശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക