Image

ജര്‍മനി യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗമായി

Published on 09 June, 2018
ജര്‍മനി യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗമായി

ബര്‍ലിന്‍: അടുത്ത രണ്ടു വര്‍ഷത്തേയ്ക്ക് ജര്‍മനി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ അംഗമായി. വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ജര്‍മനി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിനും മേലെ വോട്ടു നേടിയാണ് ജര്‍മനി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് ആറാം തവണയാണ് ജര്‍മനി കൗണ്‍സില്‍ അംഗമാവുന്നത്. 1973 ലാണ് ജര്‍മനി ആദ്യമായി സെക്യൂരിറ്റി കൗണ്‍സില്‍ അംഗമാവുന്നത്. 

ലോകസമൂഹത്തില്‍ ഒരിക്കല്‍ക്കൂടി ശക്തമായ പ്രവര്‍ത്തനം നടത്താന്‍ ജര്‍മനിയെ തെരഞ്ഞെടുത്തതിന് ജര്‍മന്‍ വിദേശകാര്യമന്ത്രി ഹൈക്കോ മാസ് യുഎന്‍ അംഗരാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞു.

ആകെയുള്ള 19 അംഗങ്ങളില്‍ 184 അംഗങ്ങള്‍ ജര്‍മനിക്ക് വോട്ടുചെയ്തു. ബെല്‍ജിയം, സൗത്ത് ആഫ്രിക്ക, ഡൊമിനിക്കന്‍ റിപ്പബ്‌ളിക്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു വര്‍ഷമാണ് സ്ഥിരാംഗമല്ലാത്ത തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളുടെ കാലാവധി.

സ്വീഡന്‍, നെതര്‍ലാന്റ്‌സ്, എത്യോപ്യ, ബൊളിവിയ, കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ പുറത്തുപോകുന്ന ഒഴിവിലാണ് പുതുതായി അംഗങ്ങളെ തെരഞ്ഞെടുത്തത്. ഇനിയും ഒഴിഞ്ഞുകിടക്കുന്ന അഞ്ച് സ്ഥാനങ്ങളിലേയ്ക്ക് ഐവറി കോസ്റ്റ്, ഇക്വഡോര്‍/ഗിനി, കുവൈറ്റ്, പെറു, പോളണ്ട് എന്നീ രാജ്യങ്ങളെ പിന്നീട് തെരഞ്ഞെടുക്കും.

അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗങ്ങള്‍. ഈ അഞ്ചു രാജ്യങ്ങള്‍ക്കും വീറ്റോ അധികാരം നിക്ഷിപ്തമാണ്. ജനറല്‍ അസംബ്ലിയിലേയ്ക്ക് 10 താത്കാലിക അംഗങ്ങളെ രണ്ടു വര്‍ഷത്തെ കാലാവധിയില്‍ തെരഞ്ഞെടുക്കും. ഓരോ വര്‍ഷവും അഞ്ചു രാജ്യങ്ങള്‍ രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെടും. അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും സംബന്ധിച്ച ശക്തമാക്കാനാണ് സെക്യൂരിറ്റി കൗണ്‍സില്‍ രൂപീകരിച്ചത്. ഉപരോധം ഏര്‍പ്പെടുത്തുകയും സൈനിക ശക്തിയുടെ ഉപയോഗത്തിന് അംഗീകാരം നല്‍കുകയും ചെയ്യുന്ന അധികാരമാണ് ഐക്യ രാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ നിക്ഷിപ്തമായ ചുമതല. 1945 ഒക്ടോബര്‍ 24 നാണ് സെക്യൂരിറ്റി കൗണ്‍സില്‍ നിലവില്‍ വന്നത്. ന്യൂയോര്‍ക്കിലാണ് ആസ്ഥാനം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക