Image

മൂല്യമാലിക- 5 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ Published on 26 March, 2012
മൂല്യമാലിക- 5 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
41)പറയപ്പെട്ട വാക്കിന്
നമുക്കാണു വിധേയത,
പറയാത്തതാം വാക്കിനോ
നമ്മോടാണെന്നുമോര്‍ക്കുക!

42) വ്യക്തമായങ്ങറിഞ്ഞിട്ടും
തിക്തമായതുചെയ്യുകില്‍
ശക്തമായ വിനാശത്താല്‍
രിക്തമാം ഭവനം ക്രമാല്‍.

43)തുല്യമല്ലാത്ത ബന്ധങ്ങള്‍
ശല്യമായിവരും ക്രമാല്‍ ;
ഗജപതിയോടു കൂടെ
അജപത്‌നി വസിക്കുമോ?

44) എടുക്കുന്നതിനെക്കാളും
കൊടുക്കുന്നതു നല്ലത്,
കരുണകാണിച്ചു ജീവിച്ചാല്‍
കരുണകണ്ടു കടന്നുപോം.

45) ഭക്ഷണം വായില്‍ വയ്ക്കുമ്പോള്‍
ഭിക്ഷ യാചിപ്പവന്‍ വന്നാല്‍
അക്ഷിരണ്ടു മടച്ചിട്ട്
രക്ഷയില്ലെന്നു ചൊല്ലൊലാ!

46)ആട്ടവേലി ചമച്ചിട്ട്
കൂലികയ്യോടെ വാങ്ങുമ്പോള്‍
വേലിയും താഴെ വീഴുമ്പോള്‍
നീയെങ്ങോട്ടാണു പോവുക?

47) ആത്മാര്‍ത്ഥതേ! നിനക്കിപ്പോള്‍
കൂട്ടുകാരാരു മില്ലയോ!
എന്നു നീ നിലമാറ്റുന്നോ
അന്നോളം നിന്നധോഗതി.

48) അദ്ധ്യാപകാ! നിനക്കിപ്പോള്‍
അദ്ധ്യേതാവിനെ വേണ്ടയോ?
ശാമ്പളികം നിനയ്ക്കുന്ന
വെമ്പലല്ലേ നിനക്കുള്ളൂ!

49) ന്യായാധിപന്‍ നിയമവും
ഡോക്ടര്‍ രോഗിയെയും വിട്ട്
കാശുകയ്യിലെടുക്കുമ്പോള്‍
നാശമാണു വരുന്നത്

50) മട്ടിതിപ്പൊഴുതു മല്‍ക്കരങ്ങളാല്‍
നട്ടിടുന്നരിയ തൈകള്‍; മാമകം
കുട്ടികള്‍ക്കിനിയൊരിക്കലീഫലം
കിട്ടണം പശിയടക്കുവാനയേ!
മൂല്യമാലിക- 5 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക