Image

പൂക്കാലം (കവിത:ചാക്കോ ഇട്ടിച്ചെറിയ)

Published on 10 June, 2018
പൂക്കാലം (കവിത:ചാക്കോ ഇട്ടിച്ചെറിയ)
പൂക്കാലമെത്തി പുളകംബദചേര്‍ത്തുനാട്ടില്‍
പൂക്കാതെയില്ലയൊരു വല്ലികള്‍പോലുമേറെ
ആര്‍ക്കുംപരക്കെയിഹ കൗതുകമീവസന്തം
ചേര്‍ക്കുന്നു മന്നിലവിരാമമിതെത്രധന്യം!

പുഷ്പംപരത്തി പുതുഗന്ധമൊരല്‍പമിന്നീ
പുഷ്പിച്ചമുല്ലയനുരാഗമുണര്‍ത്തിവണ്ടില്‍
പൂവേപരക്കെയറിവായി പലര്‍ക്കുമിന്നീ
പൂവാലര്‍വണ്ടുകള്‍ പറന്നധവന്നിടുന്നു

പണ്ടേപലര്‍ക്കുമുപകാരമുദാരമായി
തണ്ടാര്‍മകന്‍ പവനനേകിടുമേതൊരാള്‍ക്കും
വീണ്ടുംവരുന്നിത നിനക്കുകുളിര്‍മയേകി
കൊണ്ടോടിടുന്നു മണമേന്തിക്ഷണത്തിനുള്ളില്‍

ആരുംകൊതിക്കുമൊരു മേനിനിനക്കു നല്‍കി
താരുണ്യമാര്‍ന്ന ലതകള്‍ക്കിടയില്‍കുടുക്കി
ആരാണു നിന്നെയഴകാര്‍ന്നു ലസ്സിക്കുമാറീ
കാരുണ്യമേതുമിയലും കരുണാകരന്‍ താന്‍!

ഉണ്ടോനിനക്കു മനുഷ്യേനുളവായിടുന്നോ
രിണ്ടല്‍പെടുത്തുമഭിമാനമതെത്ര കഷ്ടം!
കണ്ടാസ്വദിച്ചു കരപല്ലവലാളനങ്ങള്‍
വണ്ടല്ലമാനവകുലം ചൊരിയുന്നനേരം!

നിന്നില്‍കലര്‍ത്തിയഴകും മണവുംപരന്‍താ
നൊന്നായിനിന്നു നിജസല്‍ഗുണമെങ്ങുമെന്നും
നന്നയിനീ വിതറിയേകുകയേതൊരാള്‍ക്കും
മന്നില്‍മറഞ്ഞധ കിടക്കുമതുല്യസ്‌നേഹം!

നീയേകിടുന്നസുഖമെന്‍ നയനങ്ങള്‍കണ്ടു
ണ്ടായേകുളിര്‍മ ഹൃദയത്തിനുമല്‍പ നേരം
പ്രിയേ! സുഗന്ധമൊഴുകീടിനനീ വസന്തം
മായാതെമന്നില്‍ മരുവീടുകസര്‍വകാലം!.

Join WhatsApp News
വിദ്യാധരൻ 2018-06-10 23:53:35
എന്റെ പെണ്ണിൻ മുടിയിൽ പൂവ് ചൂടാൻ
കേറാത്ത കാടുകൾ ഒന്നുമില്ല 
പോവാത്ത കടകളും ഒട്ടുമില്ല 
പൂവുകൾ പൂവുകൾ നാട്ടിലെങ്ങും 
പൂവിന്റെ കളിയാന്നെഴുതി വിടാൻ 
കവികളെ നിങ്ങൾ ബഹു വിരുതർ തന്നെ
കാടുകൾ വെട്ടി തെളിച്ചു നാട്ടാർ 
കപ്പ നട്ടു പിന്നെ ചേന നട്ടു 
നാട്ടിലിപ്പോൾ പൂവില്ല വണ്ടുമില്ല' 
നാട്ടിൽ പൂക്കളിൻ കളികളാണ് 
മാരുതൻ വന്നു തഴുകിടുന്നു 
കാറ്റിന് പൂവിന്റെ ഗന്ധമാണ് 
എന്നൊക്കെ ചുമ്മാ എഴുതി വിടാൻ 
കവികളെ നിങ്ങൾ ബഹു വിരുതർ തന്നെ
എന്റെ പെണ്ണിൻ മുടിയിൽ പൂവ് ചൂടാൻ
കേറാത്ത കാടുകൾ ഒന്നുമില്ല 
പോവാത്ത കടകളും ഒട്ടുമില്ല
ഒടുവിൽ ഞാനൊരു കൊച്ചു കടയിലെത്തി 
അവിടെ കുടമുല്ല പൂവിന്റെ മാല കണ്ടു 
വണ്ടുകൾ ചാരിത്യം കവർന്നിടാത്ത 
കുടമുല്ല പൂവിന്റെ മാല കണ്ടു 
അതുവാങ്ങി ഓടി ഞാൻ ചൂടിടുവാൻ 
എൻ പെണ്ണിൻ  ഇരുൾ നിറമുള്ള  ചുരുൾമുടിയിൽ
അതുവാങ്ങി അവളതിൽ ഉമ്മ വച്ചു 
എടുത്തെന്റെ മോന്തയിൽ എറിഞ്ഞു തന്നു 
'പൂവാണ് പോലും കുടമുല്ല പൂവാണിത് 
പ്ലാസ്റ്റിക്ക് പൂവ് തന്നെന്നെ പറ്റിപ്പതോ?
ആൺവർഗ്ഗം അല്ലേലും ചതിയന്മാരാ 
കാണേണ്ട ഇനിമേലിൽ നിങ്ങളെന്നെ "
നാട്ടിൽ പൂവില്ല വണ്ടില്ല വസന്തമില്ല  
ഉള്ളതോ പ്ലാസ്റ്റിക്കിൻ പൂക്കൾ മാത്രം 
കവികളെ നിങ്ങടെ ഭാവനയിൽ 
വിടരുന്ന പൂക്കളാൽ തീർത്തിടുക 
വർണ്ണാഭമായ വസന്തമെങ്ങും 
Chacko Itticheria 2018-06-11 16:23:18
വാസ്തവമതുതന്നെ തർക്കമില്ലെനിയ്‌ക്കേതും 
വിദ്യാധരൻമാഷിന് വണക്കംസർവാത്മനാ 
തന്വവംഗി നെറുകയിലിട്ടൊരുപൊട്ടെന്നപോ-
ലന്യൂനംവിളങ്ങീടൂ മാഷിട്ടതിലകക്കുറി. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക