Image

വേണുവിനെ വെട്ടിനിരത്താന്‍ അമ്മ; നിരൂപണം എഴുതി തോല്‍പ്പിക്കാനാവില്ലെന്നും വെല്ലുവിളി

Published on 12 June, 2018
വേണുവിനെ വെട്ടിനിരത്താന്‍ അമ്മ; നിരൂപണം എഴുതി തോല്‍പ്പിക്കാനാവില്ലെന്നും വെല്ലുവിളി
മാതൃഭൂമിക്ക് പരസ്യം നല്‍കില്ലെന്ന നിലപാടില്‍ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടില്‍ ചലച്ചിത്ര സംഘടനകള്‍. താരസംഘടനയായ അമ്മയുടെ ഭാരവാഹികളുമായി മാതൃഭൂമിയുടെ തലപ്പത്തുള്ളവര്‍ നടത്തിയ ചര്‍ച്ചയിലും യാതൊരു സമവായവുമായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. താരസംഘടനയായ അമ്മയ്ക്ക് എതിര്‍പ്പില്ലെങ്കില്‍ മാതൃഭൂമിക്ക് പരസ്യം നല്‍കേണ്ട എന്ന വിലക്ക് പിന്‍വലിക്കാമെന്ന നിലപാടിലായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷനും, ഫിലിം ചേംമ്പറും. എന്നാല്‍ അമ്മ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ല എന്നാണ് അറിയുന്നത്. 
നടിയെ ആക്രമിച്ച വിഷയവുമായി ബന്ധപ്പെട്ട് മാതൃഭൂമി നടത്തിയ ചാനല്‍ ചര്‍ച്ചകളില്‍ മലയാള സിനിമയെ ഒന്നടങ്കം ആക്ഷേപിക്കുന്ന നിലപാടുകള്‍ സ്വീകരിച്ചുവെന്നും ഇത് സകല അതിര്‍വരുമ്പുകള്‍ ലംഘിക്കുന്നതുമായിരുന്നു എന്നതുമാണ് മാതൃഭൂമിക്ക് പരസ്യം നല്‍കേണ്ട എന്ന അപ്രഖ്യാപിത നിലപാടിലേക്ക് ചലച്ചിത്ര സംഘടനകളെ എത്തിച്ചത്. മാതൃഭൂമിയിലെ വേണു ബാലകൃഷ്ണന്‍റെ പരിധി വിട്ട ന്യൂസ് നൈറ്റ് ചര്‍ച്ചകളാണ് താരങ്ങളെയെല്ലാം ഏറെയും പ്രകോപിപ്പിച്ചത്. മലയാള സിനിമയില്‍ സൂപ്പര്‍താരങ്ങളുടെ അധോലോകമാണ് എന്ന തരത്തിലായിരുന്നു വേണുവിന്‍റെ സ്ഥിരം ന്യൂസ് നൈറ്റ് ചര്‍ച്ചകള്‍. 
ഇതോടെയാണ് മാതൃഭൂമിക്ക് പരസ്യം നിഷേധിക്കുന്ന നിലപാടിലേക്ക് ചലച്ചിത്ര സംഘടനകള്‍ എത്തിയത്. എന്നാല്‍ പരസ്യം നല്‍കിയില്ലെങ്കില്‍ നെഗറ്റീവ് റിവ്യൂ നല്‍കി സിനിമക്കാരെ പാഠം പഠിപ്പിക്കും എന്ന നിലപാടിലായി മാതൃഭൂമി. ഇതിനു മുമ്പില്‍ ആദ്യം സിനിമക്കാര്‍ പതറിയെങ്കിലും പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ മാതൃഭൂമിക്കെതിരെ തിരിച്ചടിച്ചു. ചില നല്ല സിനിമകള്‍ക്കും മാതൃഭൂമി മോശം റിവ്യു നല്‍കി തുടങ്ങിയതോടെ മാതൃഭൂമിയുടെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ തുറന്നു കാട്ടിയായിരുന്നു സിനിമക്കാരുടെ തിരിച്ചടി. 
മാതൃഭൂമിയോട് ഇനി ഒരു വിധത്തിലും സഹകരിക്കില്ലെന്ന് താരസംഘടന തീരുമാനമെടുത്തത് മാതൃഭൂമിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഇതോടെയാണ് മാതൃഭൂമി മാനേജ്മെന്‍റ് അനുനയ നീക്കവുമായി രംഗത്ത് എത്തിയത്. 
എന്നാല്‍ അവതാരകന്‍ വേണു ബാലകൃഷ്ണനെ മാറ്റാതെ മാതൃഭൂമിയുമായി ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് താരങ്ങള്‍. നെഗറ്റീവ് റിവ്യു എഴുതി തങ്ങളെ ഭീഷിണിപ്പെടുത്താന്‍ നോക്കേണ്ടെന്ന് ചില താരനേതാക്കന്‍മാര്‍ വെല്ലുവിളി നടത്തുകയും ചെയ്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക