Image

വൈവാഹിക ജീവിതത്തിലെ താളപ്പിഴകള്‍ കൊലപാതകങ്ങളിലെത്തുന്നത് ആശങ്കാജകനം: ഹൈക്കോടതി

Published on 13 June, 2018
വൈവാഹിക ജീവിതത്തിലെ താളപ്പിഴകള്‍ കൊലപാതകങ്ങളിലെത്തുന്നത് ആശങ്കാജകനം: ഹൈക്കോടതി
കൊച്ചി: ദാമ്പത്യത്തിലെ തര്‍ക്കങ്ങള്‍ അക്രമത്തിലും കൊലപാതകത്തിലും കലാശിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഹൈകോടതി. ഇത്തരം സംഭവങ്ങള്‍ വേദനയുളവാക്കുന്നതാണെന്നും ഉത്കണ്ഠപ്പെടാതിരിക്കാനാവില്ലെന്നും ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. ഭര്‍ത്താവിന്‍െറ ഉപദ്രവം ഭയന്ന് പൊലീസ് സംരക്ഷണം തേടി കോഴിക്കോട് സ്വദേശിനിയായ19കാരി നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് വധഭീഷണി ഉയര്‍ത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് സ്വദേശിനി ഹൈകോടതിയെ സമീപിച്ചത്. ബിരുദ വിദ്യാര്‍ഥിനിയായിരുന്ന താന്‍ യുവാവുമായി പ്രണയത്തിലാവുകയും 2017 ഒക്ടോബറില്‍ വീട്ടുകാരെ ധിക്കരിച്ച് ഇയാളോടൊപ്പം ഒളിച്ചോടി വിവാഹം കഴിക്കുകയുമായിരുന്നുവെന്ന് ഹരജിയില്‍ പറയുന്നു.

എന്നാല്‍, ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും കഞ്ചാവിന് അടിമയാണെന്നും പിന്നീടാണ് മനസ്സിലായത്. കഞ്ചാവ് കച്ചവടവും ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതിന് മര്‍ദിക്കുകയും സ്വന്തം വീട്ടില്‍ കൊണ്ടു ചെന്നാക്കുകയും ചെയ്തു. മര്‍ദനത്തെ തുടര്‍ന്ന് ഗര്‍ഭം അലസി. തുടര്‍ന്ന് വിവാഹ മോചനത്തിന് ശ്രമിക്കുന്നുവെന്നറിഞ്ഞാണ് ഭര്‍ത്താവ് വധ ഭീഷണിയുമായി ശല്യപ്പെടുത്തുന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹരജിയില്‍ പറയുന്നു.
അടുത്തിടെ ചുറ്റും നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹരജിക്കാരിയുടെ ആശങ്ക അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പെണ്‍കുട്ടികളെ കണ്ടെത്താനും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടും ധാരാളം ഹരജികള്‍ വരുന്നുണ്ട്.

രക്ഷിതാക്കളെ നിഷേധിച്ച് പ്രണയത്തിന്‍െറ പേരില്‍ പെണ്‍കുട്ടികള്‍ വീടുവിട്ടു പോകുന്നതാണ് ഇത്തരം ഹരജികള്‍ക്ക് ആധാരം. കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാതാപിതാക്കളോട് സംസാരിക്കാന്‍ പോലും കുട്ടികള്‍ തയാറാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹരജിക്കാരിക്ക് പൊലീസ് സംരക്ഷണം നല്‍കാനും ഉത്തരവ് കോഴിക്കോട്, എറണാകുളം ജില്ല പൊലീസ് മേധാവികള്‍ക്ക് കൈമാറാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക