Image

വടക്കന്‍ കേരളത്തില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍; നാല്‌ മരണം, എട്ട്‌ പേര്‍ മണ്ണിനടിയില്‍... അഞ്ച്‌ വീടുകള്‍ ഒലിച്ചുപോയി

Published on 14 June, 2018
വടക്കന്‍ കേരളത്തില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍; നാല്‌ മരണം, എട്ട്‌ പേര്‍ മണ്ണിനടിയില്‍... അഞ്ച്‌ വീടുകള്‍ ഒലിച്ചുപോയി

കോഴിക്കോട്‌: കനത്ത മഴയെ തുടര്‍ന്ന്‌ വടക്കന്‍ കേരളത്തില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍. താമരശേരി കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന്‌ കുട്ടികള്‍ ഉള്‍പ്പെടെ നാല്‌ പേര്‍ മരിച്ചു. എട്ട്‌ പേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്‌.
അബ്ദുല്‍ സലീമിന്‍റെ മകള്‍ ദില്‍ന(9), സഹോദരന്‍ മുഹമ്മദ്‌ ഷഹബാസ്‌ (4), അയല്‍വാസി ജാഫറിന്‍റെ ഏഴു വയസ്സുള്ള മകന്‍ എന്നിവരാണു മരിച്ചത്‌. ഇവിടെ 8 പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്‌. അബ്ദുല്‍ സലീമിന്‍റെതടക്കം രണ്ട്‌ കുടുംബത്തിലെ അംഗങ്ങളെയാണ്‌ കാണാതായത്‌. കരിഞ്ചോലയില്‍ അഞ്ചു വീടുകല്‍ ഒലിച്ചു പോയി. പലരും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ്‌ സംശയം.

കട്ടിപ്പാറയില്‍ നാല്‌ വീടുകള്‍ പൂര്‍ണമായും ഒലിച്ചു പോയിട്ടുണ്ട്‌. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന്‌ വയനാട്‌ ചുരത്തിലെ ഗതാഗതവും റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്‌ താമരശ്ശേരി വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്‌. വയനാട്‌ പൊഴുതന ആറാം മയിലില്‍ മണ്ണിനടിയില്‍ കുടുങ്ങിയ രണ്ട്‌ സ്‌ത്രീകളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക്‌ മാറ്റി. പുലര്‍ച്ചെ മൂന്നു മണിയോടെയാണ്‌ ഉരുള്‍പൊട്ടലുണ്ടായത്‌.

കോഴിക്കോട്‌ ജില്ലയിലെ കക്കയം, മങ്കയം, പുല്ലൂരാംപാറ, ഈങ്ങാപ്പാറ, കട്ടിപ്പാറ എന്നിവടങ്ങളിലാണ്‌ ഉരുള്‍പൊട്ടലുണ്ടായത്‌. തൃശൂരില്‍ നിന്നുള്ള ദേശീയ ദുരന്തനിവാരണ സേനയുടെ 50 അംഗ ബറ്റാലിയന്‍ ഇന്ന്‌ കോഴിക്കോട്ടെത്തും. ജില്ലാ കലക്ടര്‍ യു.വി ജോസ്‌ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ ചീഫ്‌ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ്‌ സേന എത്തുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക