Image

തമിഴ്‌നാട് സര്‍ക്കാരിന് ആശ്വാസം; ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത, 18 എംഎല്‍എമാര്‍ അയോഗ്യര്‍ തന്നെ

Published on 14 June, 2018
തമിഴ്‌നാട് സര്‍ക്കാരിന് ആശ്വാസം; ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത, 18 എംഎല്‍എമാര്‍ അയോഗ്യര്‍ തന്നെ
രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയില്‍ മദ്രാസ് ഹൈക്കോടതിയും രണ്ട് നിലപാടില്‍. 18 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി രണ്ടംഗ ബെഞ്ചിലെ ഒരു ജഡ്ജി ശരിവച്ചപ്പോള്‍ മറ്റൊരാള്‍ എതിര്‍ത്തു. സര്‍ക്കാരിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലായ വേളയിലാണ് സ്പീക്കര്‍ 18 എഐഎഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കിയത്.
സ്പീക്കറുടെ നടപടി ചോദ്യം ചെയ്്ത് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ തന്നെയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. വാദം കേട്ട രണ്ടു ജഡ്ജിമാര്‍ രണ്ട്ു നിലപാടാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ ഇനി മറ്റൊരു ജഡ്ജി കൂടി കേസില്‍ വാദം കേള്‍ക്കും. ഇനി കേസിന്റെ നടപടികള്‍ ഇങ്ങനെ...

കേസില്‍ ഹൈക്കോടതി വിധി പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ എംഎല്‍എമാര്‍ അയോഗ്യരായി തുടരും. അന്തിമ വിധി വരുന്നതിന് അനുസരിച്ചാകും എംഎല്‍എമാരുടെ ഭാവി. നിലവില്‍ തമിഴ്‌നാട് നിയമസഭയില്‍ 18 എംഎല്‍എമാരുടെ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ഇവരുടെ അയോഗ്യത ഒഴിവാക്കിയാല്‍ സര്‍ക്കാര്‍ നിലംപൊത്തും.
ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് സുന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് എംഎല്‍എമാരുടെ ഹര്‍ജിയില്‍ വാദം കേട്ടത്. ചീഫ് ജസ്റ്റിസ് സ്പീക്കറുടെ നടപടി ശരിവച്ചു. എന്നാല്‍ ജസ്റ്റിസ് സുന്ദര്‍ സ്പീക്കറുടെ നടപടി ശരിയല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നത വന്ന സാഹചര്യത്തില്‍ കേസ് മറ്റൊരു ജഡ്ജിക്ക് കൈമാറി.
234 അംഗ നിയമസഭയാണ് തമിഴ്‌നാട്ടിലേത്. സ്പീക്കറെ കൂടാതെ എഐഎഡിഎംകെയ്ക്ക് 116 അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കുറവ്. എഐഎഡിഎംകെയില്‍ ഭിന്നത വന്ന വേളയിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ വിമതരായ 18 എംഎല്‍എമാരെ അയോഗ്യരാക്കിയാണ് സ്പീക്കര്‍ സര്‍ക്കാരിനെ അന്ന് രക്ഷിച്ചത്.
വികെ ശശികല, ടിടിവി ദിനകരന്‍ എന്നിവരോട് കൂറ് പുലര്‍ത്തുന്ന എംഎല്‍എമാരെയാണ് അയോഗ്യരാക്കിയത്. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ നിന്ന് ഉപതിരഞ്ഞെടുപ്പിലൂടെ ടിടിവി ദിനകരന്‍ സഭയിലേക്ക് പിന്നീട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്ന് എംഎല്‍എമാര്‍ ദിനകരന് അടുത്തിടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോടതി വിധി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക