Image

ഓപ്പറേഷന്‍ 136- കോബ്രാ പോസ്റ്റ് (ഡല്‍ഹികത്ത്: പി.വി. തോമസ്)

പി.വി. തോമസ് Published on 15 June, 2018
ഓപ്പറേഷന്‍ 136- കോബ്രാ പോസ്റ്റ് (ഡല്‍ഹികത്ത്:  പി.വി. തോമസ്)
ലോക മാധ്യമ സ്വാതന്ത്ര്യ പട്ടികയില്‍ ഇന്‍ഡ്യയുടെ സ്ഥാനം 136 ആണ് 2017- ല്‍. അതു കൊണ്ടാണ് കോബ്രാപോസ്റ്റ് എന്ന അന്വേഷണ മാധ്യമ സ്ഥാപനം മാധ്യമരംഗത്തെ അവിഹിത-അവിശുദ്ധ ഇടപാടുകളെ കുറിച്ചുള്ള അതിന്റെ രഹസ്യാന്വേഷണത്തിന്  ഓപ്പറേഷന്‍ 136 എന്ന് പേരിട്ടത്. കോബ്രാ പോസ്റ്റിന്റെ ഓപ്പറേഷന്‍ 136-ന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ഈ 'ഒളി'പ്പെടുത്തലുകളിലൂടെ ഉരുത്തിരിഞ്ഞു വരുന്നതാണ് സത്യാവസ്ഥ എങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ മാധ്യമപ്രസ്ഥാനം സ്വതന്ത്രം അല്ല. അത് മൊത്തമായും ചില്ലറയായും വില്പനയ്ക്കുള്ള ചരക്ക് ആണ്. അവ ക്വട്ടേഷന്‍ സംഘങ്ങളെപ്പോലെയോ വാടക കൊലയാളികളെപ്പോലെയാണ് പ്രവര്‍ത്തിക്കുക. ഇത് എത്രമാത്രം ശരിയാണ്? പരിശോധിക്കാം.

എന്‍.ഡി.എ. ഭരണകാലത്ത്(വാജ്‌പേയ്) പ്രതിരോധ ഇടപാടുകളിലെ കള്ളത്തരങ്ങള്‍ വെളിപ്പെടുത്തുവാന്‍ തെഫല്‍ക്ക ഏര്‍പ്പെടുത്തിയ ഒളിക്യാമറ ഓപ്പറേഷന്‍-ഓപ്പറേഷന്‍ വെസ്റ്റ് എന്റ്-ഓര്‍മ്മിക്കുക. അതിന്റെ മുഖ്യസൂത്രധാരകന്‍ ആയിരുന്ന അനിരുദ്ധ ബെഹല്‍ ആണ് ഓപ്പറേഷന്‍ 136-ന്റെയും ചുക്കാന്‍ പിടിച്ചത്. മാധ്യമങ്ങളിലെ മൂല്യവിരുദ്ധ പ്രവര്‍ത്തനവും കച്ചവടവും വെളിച്ചത്തു കൊണ്ടുവരുവാനുള്ള സാഹസികമായ ഒരു ഉദ്യമം ആയിരുന്നു അത്. ഇതുപോലുള്ള ഒളിക്യാമറ പ്രയോഗങ്ങളെകുറിച്ച് വാദങ്ങളും വിവാദങ്ങളും ഉണ്ട്. അത് വരട്ടെ. അതും പരിശോധിക്കാം.

ഉദാഹരണമായി തെഹല്‍ക്കയുടെ ഓപ്പറേഷന്‍ വെസ്റ്റ് ആന്റ് കോബ്രാവോസ്റ്റിലെ ബെഹലും മലയാളിയായ മാത്യുസാമുലും ഉല്‍പ്പെട്ട ഒരു മാധ്യമ സംഘം ആണ് ഒളിക്യാമറ ഓപ്പറേഷനിലൂടെ പ്രതിരോധ ഇടപാടുകളിലെ ലക്ഷക്കണക്കിന് കോടിരൂപയുടെ തട്ടിപ്പ് വെളിച്ചത്ത് കൊണ്ടുവന്നത്. അത് മുന്‍ എന്‍.ഡി.എ. ഗവണ്‍മെന്റിന് ഏറ്റവും വലിയ അടി ആയിരുന്നു. ബി.ജെ.പി.യുടെ അന്നത്തെ അദ്ധ്യക്ഷന്‍, ബംങ്കാരു ലക്ഷമണനും പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനും രാജിവച്ച് ഒഴിയേണ്ടി വന്ന ഒരു ഒളിക്യാമറ ഓപ്പറേഷന്‍ ആയിരുന്നു ഓപ്പറേഷന്‍ വെസ്റ്റ് എന്റ്(2001). അതിനുശേഷം ഒട്ടേറെ ഒളിക്യാമറ ഓപ്പറേഷനുകള്‍ നടന്നിട്ടുണ്ട് അതില്‍ പ്രധാനം ആണ് ക്രിക്കറ്റിലെ മാച്ച് ഫിക്‌സിങ്ങ്, 2002-ലെ നരോത പതിയ വംശഹത്യയിലെ ബജറംഗ് ദളിന്റെ പങ്ക് യു.പി.എ. ഭരണകാലത്ത് വിശ്വാസവോട്ടില്‍ കോണ്‍ഗ്രസ് മൂന്ന് ബി.ജെ.പി. എം.പി.മാരുടെ വോട്ടുകള്‍ കാശു കൊടുത്ത് വാങ്ങിയത്- ക്യാഷ് ഫോര്‍ വോട്ട്-സഹശയനത്തിലൂടെ ബോളിവുഡില്‍ അവസരം കിട്ടുന്ന കാസ്റ്റിംങ്ങ് കൗച്ച് തുടങ്ങിയവ. ഏറ്റവും ഒടുവിലത്തേതാണ് ഓപ്പറേഷന്‍ 136 എന്ന ഈ മാധ്യമ കാപട്യ വെളിപ്പെടുത്തലുകള്‍. മൂര്‍ഖന്‍പാമ്പിന്റെ വെളിപ്പെടുത്തലുകള്‍.

എന്താണ് ഓപ്പറേഷന്‍ 136 ചെയ്തത്? അവര്‍ക്ക് തോന്നി രാഷ്ട്രീയക്കാരെപ്പോലെയും ഭരണാധികാരികളെപോലെയും മുന്‍ പ്രതിരോധ മേധാവികളെ പോലെയും മറ്റും മാധ്യമപ്രവര്‍ത്തകരും മാധ്യമ വ്യവസായികളും ഇടനിലക്കാരും കൂട്ടിക്കൊടുപ്പുകാരും ആണ് ഏതാനു കോള്‍കള്‍ക്കായി. അവരെയും വിലക്ക് വാങ്ങാമെന്ന്. എങ്കില്‍ അത് ജനസമക്ഷം എത്തിക്കേണ്ടേ? അതെ, അതാണ് ഓപ്പറേഷന്‍ 136-ാം കോബ്രാ പോസ്റ്റും ചെയ്തത്.

ഓപ്പറേഷന്‍ സാഹസികം ആയിരുന്നു. മൂര്‍ഖന്‍ പാമ്പ് ചെങ്കീരികളുടെ താവളത്തില്‍ വേഷം മാറി കയറി ചെല്ലുക ആയിരുന്നു. അത് അത്യധികം ആപത്ക്കരവും ആയിരുന്നു.
കോബറ പോസ്റ്റ് അയച്ച ഒരു അണ്ടര്‍ കവര്‍ റിപ്പോര്‍ട്ടര്‍- പുഷ്പ ശര്‍മ്മ- ഇന്‍ഡ്യയിലെ ഏറ്റവും വലിയ 27 മാധ്യമസ്ഥാപനങ്ങളുടെ മേധാവികളെ കാണുകയും അവര്‍ക്ക് ഒന്നര കോടി മുതല്‍ 500 കോടി വരെ വാഗ്ദാനം ചെയ്യുകയും ചെയ്തു. തുകയിലെ ഏറ്റക്കുറച്ചിലിന് കാരണം പ്രാദേശി, ദേശീയ വ്യത്യാസം ആണ്.

എന്താണ് ഈ കോബ്ര പോസ്റ്റിന്റെ ദൗത്യം? ഉദ്ദേശം? കോബ്ര പോസ്റ്റിന്റെ റിപ്പോര്‍ട്ടര്‍, ഓപ്പറേഷന്‍ വെസ്റ്റ് എന്റിലെ റിപ്പോര്‍ട്ടര്‍മാരെപ്പോലെ- വേറൊരു രൂപത്തില്‍ ആണ് ഈ മാധ്യമ മുതലാളിമാരെ സമീപിച്ചത്. പ്രതിരോധ വ്യവസായത്തിലെ കള്ളന്മാരെ കണ്ടുപിടിക്കുവാനായി തെഹല്‍ക്കയിലെ റിപ്പോര്‍ട്ടര്‍മാര്‍ മുന്‍ പ്രതിരോധ മേധാവികളെ സമീപിച്ചത്, ഫെര്‍ണാണ്ടസിന്റെ രാഷ്ട്രീയ സഹയാത്രിക  ജയാ ജയ്റ്റലി ഉള്‍പ്പെടെ, ആയുധ കമ്പനികളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ എന്ന രീതിയില്‍ ആയിരുന്നു. ഇവിടെ പുഷ്പശര്‍മ്മ വേഷം മാറിയത് 'ആചാര്യ' എന്ന പേരില്‍ ആണ്. ഇപ്പോള്‍ ആചാര്യ, യോഗി, ശ്രീശ്രീ, മാത എന്നീ പേരുകള്‍ക്ക് ആണല്ലോ ആത്മീയ രാഷ്ട്രീയ കമ്പോള വില. അദ്ദേഹം ഒരു സാങ്കല്പിക സ്ഥാപനമായ ശ്രീമത് ഭഗവത് ഗീതപ്രചാരക സമതിയുടെ പ്രതിനിധി ആയിട്ടാണ് ഈ മാധ്യമ മുതലാളിമാരുടെ മുമ്പില്‍ അവതരിച്ചത്.

ആചാര്യയുടെ ആവശ്യങ്ങള്‍ അദ്ദേഹം മാധ്യമ വ്യവസായികളെ ബോധിപ്പിച്ചു. ഒന്ന്, ഹിന്ദുത്വ രാഷ്ട്രീയം പ്രചരിപ്പിക്കുക. രണ്ട്, കോണ്‍ഗ്രസ്, ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, ജനതദള്‍(സെക്കുലര്‍) തുടങ്ങിയ രാഷ്ട്രീയ കക്ഷികളുടെ നേതാക്കന്മാരെ തേജോവധം ചെയ്യുക. പകരം പണം-കോടികള്‍- കൈപറ്റുക.

ഇത് അത്ര പച്ചയായിട്ടല്ല ആചാര്യ ആവശ്യപ്പെട്ടതും അതുപോലെ അത്ര തുറന്നല്ല മാധ്യമ മുതലാളിമാര്‍ സമ്മതിച്ചതും. എന്തിനും ഒരു മറയൊക്കെ വേണ്ടേ?
ആചാര്യ അക്ഷരവ്യവസായികളോട് പറഞ്ഞു അവര്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഭഗവദ്ഗീതയിലെ ഉപദേശ സംഹിത പ്രചരിപ്പിക്കണം. അതുപോലെ തന്നെ ഈ പ്രചരണ പരിപാടിയുടെ ആദ്യഘട്ടത്തില്‍ ഹിന്ദുത്വയും. രണ്ടാമത്തഘട്ടത്തില്‍ ഈ മാധ്യമ വ്യവസായികള്‍ എതിരാളികളെ തച്ചുടക്കണം. അതിനായി പപ്പു, ബുയ, ബാബുവ, തുടങ്ങിയ പദങ്ങള്‍ ധാരാളമായി പ്രയോഗിക്കാം. ഇതോടൊപ്പം തീപ്പൊരിപോലെയുള്ള ഹിന്ദുത്വനേതാക്കന്മാരെ പൊക്കികാട്ടണം. അടുത്ത ഘട്ടമായി, പൊതുതെരഞ്ഞെടുപ്പ് സമീപിക്കുമ്പോള്‍ തീവ്ര പ്രചരണത്തിലേക്ക് മാറണം. വര്‍ഗ്ഗീയ ധ്രുവീകരണത്തിനായിട്ടുള്ള എല്ലാ നടപടിയും കൈക്കൊള്ളണം.

രണ്ട് ഹിന്ദി ദിനപത്രങ്ങള്‍ ഒഴിച്ച് ഒറ്റദേശീയ മുഖ്യധാരപത്രങ്ങളും ഇതിനെ മുഖമടച്ച് നിഷേധിച്ചില്ല. അവര്‍ സമ്മതിക്കുക മാത്രമല്ല അതിന്, നിഷ്പക്ഷം എന്ന് എത്രമാത്രം വരുത്തി തീര്‍ക്കുവാന്‍  സാധിക്കും എന്ന് ആരായുകയും ചെയ്തു. ഒപ്പം കോടികള്‍ കൈമാറുന്ന രീതികളും! ചില മാധ്യമ കച്ചവടക്കാര്‍ സമ്മതിക്കുകയുണ്ടായി അവര്‍  ഇപ്പോള്‍ തന്നെ ഹിന്ദുത്വയുടെ പ്രചാരകര്‍ ആണെന്ന് (ബി.ജെ.പി.എം.പി. രാജീവ് ചന്ദ്രശേഖറിന്റെ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍-ഇതാണ് ഏഷ്യാനെറ്റ് ന്യൂസും, റിപ്പബ്ലിക്ക് റ്റിവിയും മറ്റും നടത്തുന്നത്). മറ്റു ചിലര്‍ അവരുടെ ആര്‍.എസ്.എസ്.-പി.എം.ഒ.(പ്രധാനമന്ത്രിയുടെ ഓഫീസ്) ബന്ധത്തെയും കൊട്ടിഘോഷിച്ചു.

ആരൊക്കെയാണ് ഈ മാധ്യമപ്രമുഖര്‍? ദ ടൈംസ് ഓഫ് ഇന്‍ഡ്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, സീ ന്യൂസ്, സ്റ്റാര്‍ ഇന്‍ഡ്യ, ഇന്‍ഡ്യ റ്റു ഡേ ഗ്രൂപ്പ്, നെറ്റ് വര്‍ക്ക് 18, എ.ബി.പി. ഗ്രൂപ്പ്, പേറ്റിഎം, റേഡിയോ വണ്‍, സുവര്‍ണ്ണ ന്യൂസ്, ഇന്റിഗോ 91.9 എഫ്.എം., ദൈനിക് ജാഗ്രണ്‍, ഭാരത് സമാചാര്‍, സ്വരാജ് എക്‌സ്പ്രസ് ന്യൂസ്, സണ്‍ ഗ്രൂപ്പ്, ലോക്മത്, എ.ബി.എന്‍., ആന്ധ്രജ്യോതി, റ്റി.വി. എസ്. ന്യൂസ്, ദിനമലര്‍, ബിഗ് എഫ്.എം, കെ.ന്യൂസ്, ഇന്‍ഡ്യ വോയ്‌സ്, ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്, എം.പി.റ്റി.വി. ന്യൂസ്, ഓപ്പണ്‍ മീഡിയ നെറ്റ് വര്‍ക്ക്, ബര്‍ത്ത്മാന്‍, ദൈനീക് സംവാദ് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും.

മുഖം നോക്കാതെ ഇങ്ങനെ ഒരു വ്യാജനെ ചവിട്ടി പുറത്താക്കേണ്ടതിനു പകരം ദ ടൈംസ് ഓഫ് ഇന്‍ഡ്യയുടെ വിനീത് ജെയ്‌നും, ഇന്‍ഡ്യ റ്റു ഡെ ഗ്രൂപ്പിന്റെ കള്ളിപൂരിയും. ഈ വ്യാജനുമായി വിലപേശിയെന്നത്  ഇന്‍ഡ്യയുടെ മാധ്യമപ്രസ്ഥാനത്തിന് തീരാകളങ്കം ആണ്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ശോഭന ഭാരതിയെ കാണുവാനുള്ള അനുമതി കച്ചവടം ആരംഭിച്ചതിനുശേഷം ആകാം എന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ അറിയിച്ചതത്രെ!
വിനീത് ജയ്‌നെപ്പോലുള്ള ഒരു മാധ്യമ ഉടമ ഇതുപോലുള്ള ഒരു കൂട്ടിക്കൊടുപ്പുകാരനെ കണ്ടതും വിലപേശല്‍ നടത്തിയതും അത്ഭുതവും അത്യധികം ആപത്ക്കരവും ആണ്. അദ്ദേഹത്തിന് രണ്ടേ രണ്ട് പ്രശ്‌നങ്ങളേയുള്ളൂ അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ മാധ്യമ സ്ഥാപനത്തിന്റെയും നിഷ്പക്ഷതയ്ക്ക് ഉലച്ചില്‍ വരരുത്. ചുരുങ്ങിയപക്ഷം ജനം അദ്ദേഹവും അദ്ദേഹത്തിന്റെ സ്ഥാപനവും നിഷ്പക്ഷം ആണെന്ന് കരുതണം. രണ്ട് പണം നല്‍കുന്നത് ചെക്ക് ആയിട്ട് ആയിരിക്കണം. അത് ഗുജറാത്തിലുള്ള ഏതെങ്കിലും വ്യവസായികള്‍ക്ക് പണം നല്‍കിയിട്ട് അവര്‍ ചെക്ക് ഇഷ്യൂ ചെയ്താലും മതി. അത് എസ്സാറോ, അഡാനിയോ ആയാല്‍ വിരോധമില്ല.

ഇതാണ് മൂര്‍ഖന്‍ പാമ്പിന്റെ വെളിപ്പെടുത്തല്‍. ഇതിനപ്പുറം എന്തുവേണം ഇന്‍ഡ്യയുടെ മാധ്യമസ്വാതന്ത്ര്യത്തിന്റെ ഉള്ളടക്കമായി? ആരാണ് ആരെ വിലക്കെടുക്കുവാന്‍ ശ്രമിക്കുന്നത്? ആരാണ് സ്വയം വില്ക്കുവാനായി കമ്പോളത്തില്‍ കച്ചയും കെട്ടി നില്‍ക്കുന്നത്? എവിടെ പോയി മാധ്യമസംസ്‌ക്കാരവും മാന്യതയും ആഭിജാത്യവും? തെരുവ് വേശ്യയുടെ ചാരിത്ര്യത്തിന് തുല്യമായില്ലേ അത്?



ഓപ്പറേഷന്‍ 136- കോബ്രാ പോസ്റ്റ് (ഡല്‍ഹികത്ത്:  പി.വി. തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക