Image

ജനഹൃദയങ്ങളെ ഇളക്കി മറിയ്ക്കുവാന്‍ വള്ളംകളി റണ്ണിംഗ് കമന്ററിയുമായി ജോസഫും സംഘവും

Published on 15 June, 2018
ജനഹൃദയങ്ങളെ ഇളക്കി മറിയ്ക്കുവാന്‍ വള്ളംകളി റണ്ണിംഗ് കമന്ററിയുമായി ജോസഫും സംഘവും

ലണ്ടന്‍: വള്ളംകളി മത്സരങ്ങളില്‍ ഓളപ്പരപ്പിന്റെ ആവേശം അണുവിട ചോരാതെ ജനഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങുന്നതിന് റണ്ണിഗ് കമന്ററിയ്ക്ക് വലിയ പങ്കാണുള്ളത്. യുക്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച മത്സരവള്ളംകളിയെ ഒരു വന്‍വിജയമാക്കി മാറ്റുന്നതിന് നിര്‍ണായകമായ പങ്കാണ് റണ്ണിംഗ് കമന്ററി ടീം നിര്‍വഹിച്ചത്. ഇത്തവണയും മാറ്റങ്ങളൊന്നുമില്ലാതെ നേരിട്ട് കാണാനെത്തുന്നവര്‍ക്കും അതിനൊപ്പം തന്നെ ലൈവ് പ്രക്ഷേപണം ചെയ്യുന്ന ഗര്‍ഷോം ടിവിയിലൂടെ യുകെയിലെ മത്സരവള്ളംകളിയെ വീക്ഷിക്കാനെത്തുന്ന ലോകമെന്പാടുമുള്ള വള്ളംകളി പ്രേമികള്‍ക്കും ഓളപ്പരപ്പിലുയരുന്ന വീറും വാശിയും ആവേശവുമെല്ലാം പകര്‍ന്നു നല്‍കുന്നതിന് സി.എ ജോസഫിന്റെ നേതൃത്വത്തിലുള്ള ടീം ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 

ജലരാജാക്കന്മാര്‍ ഓക്‌സ്ഫഡ് ഫാര്‍മൂര്‍ തടാകത്തിന്റെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് മാരിവില്ല് തീര്‍ത്ത് പായുന്നത് യുക്മ സാംസ്‌കാരികവേദി വൈസ് ചെയര്‍മാന്‍ കൂടിയായ സി.എ ജോസഫ് എന്ന മുന്‍ അധ്യാപകന്‍ സാഹിത്യവും കഥകളും ഗ്രാമീണപദപ്രയോഗങ്ങളും നാടന്‍ ശൈലിയും ചരിത്രവും വഞ്ചിപ്പാട്ടുകളുമെല്ലാം ഇടകലര്‍ത്തി നല്‍കുന്ന തല്‍സമയ വിവരണം കാണികളെ പുന്നമടക്കായലിന്റെ അരികിലാണോ എന്നു തോന്നിപ്പിക്കും. 

റണ്ണിങ് കമന്ററി ടീമില്‍ ഇത്തവണ ഒന്നിനൊന്നിന് മികച്ച ആളുകളാണ് ഒത്തുചേരുന്നത്. നാട്ടില്‍ ചെറുപ്പം മുതല്‍ പ്രസംഗ അനൗണ്‍സ്‌മെന്റ് വേദികളില്‍ തിളങ്ങുന്ന താരങ്ങളും യു.കെയിലെ മലയാളി സമൂഹത്തില്‍ ഏറെ അറിയപ്പെടുന്നവരുമായ കോട്ടയംകാരനായ ഷൈമോന്‍ തോട്ടുങ്കലും, കടുത്തുരുത്തിയില്‍ നിന്നുള്ള തോമസ് പോളും, കോഴഞ്ചേരിയുടെ പ്രിയപ്പെട്ട സാം തിരുവാതിലിലും ഒത്തുചേരുന്‌പോള്‍ വ്യത്യസ്തമായ ശൈലികളും വേറിട്ട അവതരണരീതികളുമെല്ലാമായി കാണികളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തത്സമയം കാണുന്നവരെയും ആവേശക്കൊടുമുടിയേറ്റുമെന്ന് തീര്‍ച്ചയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക