Image

നീനുവിനെ അധിക്ഷേപിച്ചവരോടു പ്രതിഷേധിച്ച് ഒരു പെണ്കുട്ടി

Published on 16 June, 2018
നീനുവിനെ അധിക്ഷേപിച്ചവരോടു പ്രതിഷേധിച്ച് ഒരു പെണ്കുട്ടി
രാവിലെ തന്നെ നീനു വീണ്ടും കോളേജില്‍ പോയിത്തുടങ്ങിയ വാര്‍ത്ത കണ്ടു, അവളുടെ ചിരിയും കണ്ടു ഒരുപാട് സന്തോഷം തോന്നി. ആ സന്തോഷത്തോടെ ഒരു വഴി വരെ പോവാന്‍ ഒരുങ്ങുമ്പോള്‍ എനിക്ക് എന്നെത്തന്നെ നല്ല ഭംഗി തോന്നി, കുറേക്കാലത്തിന് ശേഷം. ഉച്ച കഴിഞ്ഞു മടങ്ങാനായി ഞങ്ങളുടെ അതിലേ പോകുന്ന ബസില്‍ കയറി. ബസ് സ്റ്റാന്റില്‍ തന്നെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പുറപ്പെടാന്‍ പത്ത് മിനിറ്റോളം സമയമുണ്ടായിരുന്നു, ബസില്‍ ഡ്രൈവറും കിളിയും കണ്ടക്ടറും കുറച്ചു യാത്രക്കാരും. സീറ്റ് തിരഞ്ഞെടുത്ത് പതിവ് പോലെ ചെവിയില്‍ ഹെഡ്‌സെറ്റും തിരുകി തിരക്കുള്ള ബസില്‍ തനിച്ചാവാന്‍ മൂഡിന് യോജിച്ച പാട്ടുകള്‍ തിരയുമ്പോഴാണ് പിന്നില്‍ നിന്നും വാഗ്വാദം കേള്‍ക്കുന്നത്. അതത്ര അങ്ങനെ ശ്രദ്ധിച്ചില്ലെങ്കിലും ഒരു വാചകം എവിടെയോ ഉടക്കി.

'അവളിന്ന് പോയിട്ടുണ്ടല്ലോ, ഒരുങ്ങിക്കെട്ടി. പോയപ്പോ ആര്‍ക്കു പോയി? ആ ചെക്കന്റെ കുടുംബത്തിന് പോയി'

പിന്നെ ശ്രദ്ധിക്കാതിരിക്കാനായില്ല. വിഷയം നീനു തന്നെ. മെലിഞ്ഞ് ഇരുനിറമുള്ള നാല്പതുകള്‍ക്ക് മേല്‍ പ്രായം വരുന്ന കണ്ടക്ടറാണ് കത്തിക്കയറുന്നത്. നീനു കോളെജില്‍ പോയിത്തുടങ്ങിയത് പുള്ളിക്ക് പിടിച്ചിട്ടില്ല. നല്ല ഉച്ചത്തില്‍ വികാരവിക്ഷോഭത്തോടെയാണ് സംസാരം. യാത്രക്കാരിലെ പ്രായമുള്ള സ്ത്രീ ദുര്‍ബലമായെങ്കിലും പ്രതിരോധിക്കുന്നുണ്ട്.

'അത് കൊച്ചല്ലേ. അതിനിനീം ജീവിതമില്ലേ. അവള്‍ക്കും ജീവിക്കണ്ടേ'

'അതേ. അവക്ക് ജോലീം കിട്ടി അവള് കെട്ടി കുടുംബോം ഒണ്ടാക്കും'

'പിന്നേ വേണ്ടേ! അതിനിരുപത് വയസല്ലേയുള്ളൂ.'

'അവള്‍ക്ക് മൊത്തം ലാഭമല്ലേ. അവക്ക് വേറേം ബന്ധങ്ങളൊണ്ടാരുന്നെന്നേ. ആ ആങ്ങളച്ചെക്കന്‍ മുന്നേം കൊറേപ്പേരെ തല്ലിയതാ. അവള് ശരിയല്ല.'

ആരും മിണ്ടുന്നില്ല. ദേഷ്യം ശരീരത്തിന്റെ ഓരോ അണുവിനെയും ചൂടുപിടിപ്പിക്കുന്ന തിരിച്ചറിവില്‍ ഞാന്‍ ഹെഡ്‌സെറ്റ് ഊരി തിരിഞ്ഞിരുന്ന് ശ്രദ്ധിക്കാന്‍ തുടങ്ങി. അയാള് പിന്നേം,

'എന്റെയൊക്കെ മകളായിരിക്കണം. ഒറപ്പായും ഞാന്‍ കൊന്നുകളയും. മക്കളെ പഠിക്കാന്‍ വിട്ടാല്‍ പഠിക്കണം, തന്തയ്ക്കും തള്ളയ്ക്കും പേരുദോഷം കേള്‍പ്പിക്കരുത്. നല്ല കുടുംബത്തില്‍ ജനിച്ചാലങ്ങനാ. കണ്ടവന്റെ കൂടെ പോകത്തില്ല'

'ശര്യാ. ആ ചെക്കനെ കണ്ടാലും മതി. ആ പെണ്ണ് സുന്ദരിയാരുന്നു'

'ഇങ്ങനെയൊക്കെ ചെയ്താ പിന്നെ വച്ചേക്കരുത്. കൊല്ലണം. ഇന്നാള് വേറൊരുത്തിയെ തന്ത കുത്തിയാ കൊന്നത്. അയാളെ കണ്ടാല്‍ ഞാന്‍ കെട്ടിപ്പിടിക്കും'

Now I am not a confrontational person. But this just tore me a new spine.. പെട്ടെന്ന് എന്നെപ്പോലും അതിശയിപ്പിച്ചാണ് ഞാന്‍ പൊട്ടിത്തെറിച്ചത്. അയാള് കൊല്ലാന്‍ നടക്കുന്നു. ഊള. എന്റെ ഒച്ച വല്ലാതെ ഉയര്‍ന്നിരുന്നു, ദേഹം വിറച്ചു, കലി കൊണ്ട് ഒച്ചയും ചിലമ്പിച്ചു. അയാള് പ്രതീക്ഷിച്ചില്ല എന്ന് പെട്ടെന്ന് നാവടങ്ങിയത് കണ്ടപ്പോ തോന്നി. ബസിലാരും ഒന്നും മിണ്ടിയില്ല. എന്നെ തുറിച്ചു നോക്കി. ചെറുപ്പക്കാരില്‍ ചിലരൊക്കെ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു. അയാള്‍ പ്രതിരോധമില്ലാതെ നിന്നപ്പോഴും ഒച്ച വച്ചോണ്ടിരുന്ന എന്നെ തണുപ്പിക്കാനാവും ചെറുപ്പക്കാരനായ ഡ്രൈവര്‍ സൗമ്യമായി ചിരിച്ച് മോളേയെന്ന് വിളിച്ച് എവിടെയാ സ്റ്റോപ്പെന്ന് ചോദിച്ച് വിഷയം മാറ്റാന്‍ നോക്കി. എനിക്ക് കുറേനേരം ഒന്നും മിണ്ടാന്‍ പറ്റീല്ല. ബെല്ലടിച്ചു, ബസ് വിട്ടു. ഞാന്‍ ചെവീല് ഹെഡ്‌സെറ്റ് വീണ്ടും തിരുകി. പക്ഷേ സമാധാനവും സന്തോഷവും പോയിരുന്നു.

ടിക്കറ്റ് തന്നപ്പോ കണ്ടക്ടര്‍ എന്റെ മുഖത്ത് നോക്കീല്ല. ഇനി ആ ബസില്‍ യാത്ര ചെയ്യാന്‍ പറ്റുമോയെന്ന് എനിക്ക് സംശയം തോന്നിയെങ്കിലും അയാള് വേണമെങ്കില്‍ ജോലി ഉപേക്ഷിക്കട്ടെ എന്ന് തന്നെ തീരുമാനിച്ചു.

അയാള് വളവള പറഞ്ഞത് പൊതുബോധമാണ് എന്നറിയായ്കയല്ല. ഞാന്‍ ഒച്ച വച്ചത് കൊണ്ട് അയാളുടെ ചിന്ത മാറിയെന്നുമല്ല. അയാള് അത്രനേരം അത്രയും വയലന്‍സ് പറഞ്ഞിട്ടും മിണ്ടാതിരുന്ന ചെറുപ്പക്കാരായ യാത്രക്കാരുണ്ടല്ലോ. അവരാണ് എന്റെ സങ്കടം. എത്രയെത്ര ഷാനുമാരാണ്. ഇവന്മാരുടെയൊക്കെ നെഞ്ചത്ത് ചവിട്ടിയാണ് നീനു ഇന്ന് കോളേജില്‍ പോയത്. അത് മാത്രമാണ് സന്തോഷം
https://www.facebook.com/vaikhari/photos?lst=520981908%3A1515835841%3A1529150699&source_ref=pb_friends_tl
Join WhatsApp News
pokkan-again 2018-06-16 08:13:53
ദാ വന്നിരിക്കുന്നു ഒരു പൈങ്കിളി കുമാരി.
ആ പെങ്കൊച്ചിനെ ഇങ്ങനെ പൊക്കരുതെ. അവള്‍ റോള്‍ മോഡലും അല്ല. സ്വന്തം കുടുംബം തകര്‍ത്തവള്‍. അച്ചനമ്മമരെ സ്നേഹിക്കാത്തവള്‍.
പഠിക്കേണ്ട സമയത്ത് ഏതോ ഒരുത്തന്റെ പുറകെ പോയവള്‍. അവളാണോ മലയാളി പെണ്‍കുട്ടികള്‍ക്ക് മാത്രുകയാവേണ്ടത്? അതിനെ കണ്ടു പഠിക്കുന്ന മറ്റു കുട്ടികള്‍ കൂടി പിഴച്ചു പോകും. കേരളത്തിലെ മാധ്യമങ്ങള്‍ സത്യം എഴുതണം. ഈ പൊക്കല്‍ നിര്‍ത്തണം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക