Image

പ്രവീണ്‍ വധക്കേസ് ; നിര്‍ണ്ണായകമായ വിചാരണ ,ഒടുവില്‍ നീതിയുടെ ദേവത കണ്‍തുറന്നു

അനില്‍ പെണ്ണുക്കര Published on 16 June, 2018
പ്രവീണ്‍ വധക്കേസ് ; നിര്‍ണ്ണായകമായ വിചാരണ ,ഒടുവില്‍ നീതിയുടെ ദേവത കണ്‍തുറന്നു
പ്രവീണ്‍ വധക്കേസില്‍ കോടതിയുടെ വിധി ലവ്‌ലി വര്‍ഗീസിനും കുടുംബത്തിനും അനുകൂലമായി വന്നതിനു പിന്നില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന നിര്‍ണ്ണായകമായ വിചാരണ വഴി തെളിച്ചു എന്ന് പറഞ്ഞാല്‍ തെല്ലും അതിശയോക്തി ഇല്ല. . ഗെയ്ജ് ബത്തൂണ്‍ എന്ന 23 കാരനാണ് പ്രവീണിനെ കൊലപ്പെടുത്തിയതെന്നാണ് കോടതി വിധി.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വിചാരണക്ക് ശേഷം വിധിയെഴുതാനായി കേസ് ജൂറിക് കൈമാറിയപ്പോള്‍ തന്നെ ഒരു സമൂഹം കാത്തിരിക്കുന്ന ആശാവഹമായ വിധിയാകും അതെന്നു ഏതാണ്ട് ഉറപ്പായിരുന്നു . ആനി ദിവസം രാത്രി 10.15 ന് ജൂറി കോടതിയില്‍ വിധി പ്രഖ്യാപിച്ചു. ഗെയ്ജ് ബത്തൂണ്‍ ഫസ്റ്റ് ഡിഗ്രി മര്‍ഡറിന് കുറ്റക്കാരനാണെന്ന് വിധി പറഞ്ഞു കൊണ്ട് കേസ് അവസാനിപ്പിച്ചു. ബത്തൂണിനെ ആ രാത്രി തന്നെ പോലീസ് അറസ്റ്റു ചെയ്തു. 20 മുതല്‍ 60 വര്‍ഷം വരെ കഠിന തടവുലഭിക്കാവുന്ന കുറ്റമാണ് ബത്തൂണ്‍ ചെയ്തത്. ഒരു മാസത്തിനു ശേഷമുള്ള സെന്റന്‍സിങ് ഹിയറിങ്ങിലെ വിക്ടിംസ് ഇമ്പാക്ട് സ്‌റ്റേറ്റ്‌മെന്റിന്റെ അടിസ്ഥാനത്തിലാണ് തടവുശിക്ഷയുടെ കാലാവധി തീരുമാനിക്കുന്നത്.

2014 ഫെബ്രുവരി 13 നാണ് പ്രവീണിനെ കാണാതാവുന്നത്. 5 ദിവസങ്ങള്‍ക്കു ശേഷം കാര്‍ബോണ്‍ഡലിലെ റെസ്‌റ്റോറന്റിന് പുറകിലുള്ള വനപ്രദേശത്ത് നിന്നും പ്രവീണിന്റെ മൃതദേഹം കണ്ടെടുത്തു. സംഭവദിവസം രാത്രി പ്രവീണും ബത്തൂണും തമ്മില്‍ കൊക്കയ്‌നിനു വേണ്ടി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നും ബത്തൂണിന്റെ അടിയേറ്റ് അവശനായ പ്രവീണ്‍ കാട്ടിലേക്ക് ഓടിപ്പോയെന്നും കാട്ടില്‍ വെച്ച് ഹൈപോതെര്‍മിയ ബാധിച്ചു മരണപ്പെട്ടുവെന്നുമാണ് പ്രാസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ പ്രവീണാണ് കൊക്കയ്‌നിനു വേണ്ടി തര്‍ക്കം തുടങ്ങിയതെന്നും പിന്നീട് ആ തര്‍ക്കത്തെ മരണത്തിലേക്ക് എത്തിച്ചതെന്നും പ്രതിഭാഗം വക്കീല്‍ പറഞ്ഞു. പ്രവീണിന് മേലുള്ള ആക്രമണത്തിനും മോഷണശ്രമത്തിനും ബത്തൂണ്‍ കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യമായി.വിചാരണ ദിവസങ്ങളില്‍ നടന്ന വിചാരണ വളരെ ശ്രദ്ധയോടെയാണ് അമേരിക്കന്‍ മലയാളികള്‍ വീക്ഷിച്ചത് .

പ്രവീണ്‍ വധക്കേസുമായി ബന്ധപ്പെട്ടു കോടതിയില്‍ രണ്ടു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍. ഈ രണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളിലും പ്രവീണിന്റെ മരണകാരണങ്ങള്‍ വ്യത്യസ്തമായി കാണപ്പെട്ടു. ഡോ.ജെയിംസ് ജേക്കബിയും ഡോ. ബെന്‍ മാര്‍ഗോലിസുമാണ് രണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിച്ചത്. 2014 ഫെബ്രുവരി 18 ന് പ്രവീണിന്റെ മൃതദേഹം കണ്ടെടുത്തതിന്റെ തൊട്ടടുത്ത ദിവസം നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആണ് ഡോ. ജെയിംസ് ജേക്കബി സമര്‍പ്പിച്ചത്. എന്നാല്‍ മൃതദേഹം കണ്ടെടുക്കപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആണ് ഡോ. ബെന്‍ മാര്‍ഗോലിസിന്റേത്.

ജെയിംസ് ജേക്കബി സമര്‍പ്പിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രവീണ്‍ ഹൈപോതെര്‍മിയ ബാധിച്ചാണ് മരിച്ചതെന്ന് പറയുന്നെങ്കിലും മരണത്തിലേക്ക് എത്തിച്ച സാഹചര്യവും വ്യക്തമായ മരണകാരണവും വിശദീകരിക്കാന്‍ ജേക്കബിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രവീണിന്റെ മുഖത്തും മറ്റും പോറലുകളും മുറിവുകളും കാണപ്പെട്ടിരുന്നെന്നും അതെല്ലാം കാട്ടിലൂടെ ഓടിയതിനെത്തുടര്‍ന്നുണ്ടായവയാണെന്നും ജേക്കബി പറഞ്ഞു. കൂടാതെ പ്രവീണിന്റെ ശരീരത്തില്‍ ആഴമുള്ള മുറിവുകളോ ഒടിവുകളോ ആന്തരിക രക്തസ്രാവമോ ഉണ്ടായിരുന്നില്ലെന്നും തലയിലെ തൊലിയുരിഞ്ഞു മുറിവ് പറ്റിയതൊഴികെ തലയോട്ടിയില്‍ പൊട്ടലുകള്‍ ഇല്ലെന്നും ജേക്കബി വ്യക്തമാക്കി.ബെന്‍ മാര്‍ഗോലിസ് സമര്‍പ്പിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രവീണിന്റെ തലയില്‍ ആഴമുള്ള മുറിവ് പറ്റിയിരുന്നെന്നും അത് മരണത്തിനു കാരണമായെന്നും പറയുന്നുണ്ട്. മാര്‍ഗോലിസിന്റെ ഈ വാദങ്ങളെ പ്രതിഭാഗം വക്കീല്‍ മൈക്കല്‍ വെപ്‌സിക് ശക്തമായി എതിര്‍ക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനുള്ള മാര്‍ഗോലിസിന്റെ യോഗ്യതയെ ചോദ്യം ചെയ്യുകയും കൂടാതെ മാര്‍ഗോലിസിന്റെ ഈ റിപ്പോര്‍ട്ട് തെറ്റാണെന്നു വാദിക്കുകയും ചെയ്തു. കോടതിയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ പ്രവീണിന്റെ മൃതദേഹം കാണുന്നതിന് പോലും മാര്‍ഗോലിസിനു ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവന്നിരുന്നു.

പിന്നീട് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ആദ്യത്തെ റിപ്പോര്‍ട്ടില്‍ നിന്നും വ്യത്യാസം കണ്ടതിനാലാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
രണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളിലും കണ്ടെത്തിയ വൈരുധ്യം പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടു. കോടതിയുടെ തീരുമാനപ്രകാരം ഡോ. സ്‌കോട്ട് ടെന്റണ്‍ രണ്ട് റിപ്പോര്‍ട്ടുകളും പരിശോധിച്ചു. പ്രവീണിന്റെ നെറ്റിയില്‍ മുറിവുകള്‍ ഉണ്ടായിരുന്നെന്നും അത് ചികിത്സിച്ചു ഭേദമാക്കാവുന്നതായിരുന്നെന്നും ടെന്റണ്‍ പറഞ്ഞു.

അതുപോലെ പ്രവീണിന്റെ മരണകാരണം ഹൈപോതെര്‍മിയ അല്ലെന്നും ടെന്റണ്‍ വ്യക്തമാക്കി. പ്രവീണിന്റെ രക്തത്തില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ലെന്നും എന്നാല്‍ മൂത്രത്തില്‍ ആല്‍ക്കഹോളിന്റെ അംശം ഉള്ളതായി കണ്ടെത്തിയെന്നും ഡോ. കൂട്ടിച്ചേര്‍ത്തു.

പ്രവീണ്‍ വധക്കേസ് വിചാരണയില്‍ പ്രതിയായ ഗേയ്ജ് ബത്തൂണിനെ കോടതി വിസ്തരിച്ചതും പ്രത്യേക അനുഭവം ആയിരുന്നു. പ്രതിഭാഗം വക്കീല്‍, മൈക്കല്‍ വെപ്‌സിക് 10 സാക്ഷികളുടെ സാന്നിധ്യത്തില്‍ വിചാരണ തുടങ്ങി വെച്ചു.ഹെറിനില്‍ 3 വയസ്സുള്ള കുഞ്ഞിനോടൊപ്പം ഗേള്‍ ഫ്രണ്ടിനോടൊപ്പം താമസിക്കുന്ന ബത്തൂണ്‍ പ്രവീണ്‍ വധക്കേസില്‍ നിരപരാധിയാണെന്ന് തെളിയിക്കാനായിരുന്നു വെപിസിക്കിന്റെ ശ്രമം.സംഭവദിവസം രാത്രി പ്രവീണിനൊപ്പം കാട്ടിലൂടെ യാത്ര നടത്തിയ ബത്തൂണ്‍ ഇടക്ക് കാറില്‍ വെച്ച് പ്രവീണുമായി കലഹത്തില്‍ ഏര്‍പ്പെട്ടുവെന്നും തുടര്‍ന്ന് പ്രവീണ്‍ കാറില്‍ നിന്നും ഇറങ്ങി ഓടിപ്പോയെന്നും ഹൈപോതെര്‍മിയ ബാധിച്ചു മരണപ്പെട്ടുവെന്നുമാണ് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൂടാതെ പ്രവീണിന്റെ മുഖത്തും തലയിലും ശക്തിയായ അടിയേറ്റതിനാല്‍ ശരീരം പകുതിയോളം തളര്‍ന്നിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ബത്തൂണുമായുള്ള സംഘര്‍ഷമല്ല പ്രവീണിന്റെ മരണകാരണം, മറിച്ചു ഹൈപോതെര്‍മിയ ബാധിച്ചുള്ള സാധാരണമരണമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.പക്ഷെ പ്രവീണിനെ മരണത്തിലേക്ക് എത്തിക്കാന്‍ സാഹചര്യം ഒരുക്കിയതിലും പ്രവീണിനെ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും പണം മോഷ്ടിക്കാന്‍ ശ്രമിച്ചതിലും ബത്തൂണ്‍ കുറ്റക്കാരനാണ്.
സ്‌റ്റേറ്റ് ട്രൂപ്പറിനോട് കള്ളം പറഞ്ഞതിന്റെ വിശദീകരണവുമായാണ് വെപ്‌സിക് മുന്നോട്ട് വന്നത്.

പ്രവീണ്‍ വധക്കേസിലെ പ്രധാന സാക്ഷിയാണ് സ്‌റ്റേറ്റ് ട്രൂപ്പര്‍ ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍. താന്‍ ഒരു കറുമ്പന് ലിഫ്റ്റ് കൊടുത്തെന്നും അയാള്‍ തന്നെ ഉപദ്രവിച്ചു കാറില്‍ നിന്നിറങ്ങി ഓടിപ്പോയെന്നും ബത്തൂണ്‍ മാര്‍ട്ടിനോട് നുണ പറഞ്ഞിരുന്നു. സ്‌റ്റേറ്റ് ട്രൂപ്പറിന്റെ ചോദ്യം ചെയ്യലില്‍ ഭയന്നുവെന്നും അതിനാല്‍ കള്ളം പറഞ്ഞുവെന്നുമാണ് ബത്തൂണ്‍ കോടതിക്ക് നല്‍കിയ മറുപടി. മാത്രവുമല്ല മാര്‍ട്ടിനോട് സംസാരിക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നെന്നും ബത്തൂണ്‍ കോടതിയില്‍ പറഞ്ഞു. സ്‌റ്റേറ്റ് ട്രൂപ്പറിന്റെ അനാവശ്യമായ ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടുത്തി ഒരു ചെറുപ്പക്കാരിക്ക് ബത്തൂണ്‍ ലിഫ്റ്റ് കൊടുത്തകാര്യം വെപ്‌സിക് കോടതിയില്‍ സൂചിപ്പിച്ചു.

ബത്തൂണിന്റെ സത്യസന്ധതയെ കാണിക്കാനാണ് വെപ്‌സിക് ഈ കാര്യത്തെക്കുറിച്ചു പറഞ്ഞത്. ഈ കേസിലേക്ക് ആ സ്ത്രീയെ വലിച്ചിഴക്കാന്‍ താല്‍പ്പര്യം ഇല്ലാത്തതിനാലാണ് ഇക്കാര്യം പോലീസ് ചോദ്യം ചെയ്തപ്പോള്‍ പറയാതിരുന്നതെന്ന് ബത്തൂണ്‍ കോടതിയില്‍ വ്യക്തമാക്കി.പ്രവീണുമായി പണമിടപാടിനെക്കുറിച്ചു സംസാരിച്ചിട്ടില്ലെന്നും പ്രവീണ്‍ കാറില്‍ നിന്നും ഇറങ്ങി ഓടിയ കാര്യം അറിയുമ്പോള്‍ ട്രൂപ്പര്‍ വേണ്ട നടപടി എടുക്കുമെന്നു താന്‍ കരുതിയെന്നും ബത്തൂണ്‍ പറഞ്ഞു. സംഭവസ്ഥലത്തുനിന്നും ട്രൂപ്പര്‍ പറഞ്ഞതനുസരിച്ചാണ് താന്‍ വീട്ടിലേക്കു പോയതെന്നും ബത്തൂണ്‍ കൂട്ടിച്ചേര്‍ത്തു.

പ്രോസിക്യൂട്ടര്‍ ഡേവിഡ് റോബിന്‍സണ്‍ കോടതിയുടെ അനുമതിയോടെ ബത്തൂണിനെ ചോദ്യം ചെയ്തു. ബത്തൂണ്‍ കോടതിയോടും പോലീസിനോടും പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നു തെളിയിക്കുകയായിരുന്നു റോബിന്‍സണ്‍. കാര്‍ബോണ്‍ഡലിലെ വനപ്രദേശത്ത് മനപ്പൂര്‍വം കാര്‍ നിര്‍ത്തിയ ശേഷം താക്കോല്‍ പോക്കറ്റില്‍ ഇട്ട് പ്രവീണിനെ ആക്രമിക്കുകയാണുണ്ടായതെന്നും റോബിന്‍സണ്‍ കോടതിയില്‍ പറഞ്ഞു. കൂടാതെ സംഭവസ്ഥലത്തു നിന്നും നേരെ വീട്ടിലേക്കു പോയെന്നു ബത്തൂണ്‍ പറഞ്ഞത് കളവാണെന്നും റോബിന്‍സണ്‍ വാദിച്ചു. എന്നാല്‍ കാറില്‍ ആയിരുന്ന സമയത്ത് പ്രവീണ്‍ ഫോണ്‍ സംഭാഷണത്തില്‍ ആയിരുന്നെന്നും ബത്തൂണുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടില്ലെന്നും പ്രതിഭാഗം വക്കീല്‍ പറഞ്ഞു. പ്രവീണിന്റെ കോള്‍റേക്കോര്‍ഡ്‌സ് പരിശോധിച്ചപ്പോള്‍ പ്രവീണ്‍ ആ സമയത്തു കോളുകളൊന്നും ചെയ്തില്ലെന്ന് കോടതിക്ക് ബോധ്യമായി.

പ്രവീണുമായി യാത്ര നടത്തിയ സമയത്തു പ്രവീണ്‍ തനിക്കു കൊക്കയ്ന്‍ ഓഫര്‍ ചെയ്‌തെന്നു ബത്തൂണ്‍ കോടതിയില്‍ ആവര്‍ത്തിച്ചു പറഞ്ഞു. പ്രവീണിനെ ശക്തിയില്‍ അടിച്ചില്ലെന്നും സ്‌റ്റേറ്റ് ട്രൂപ്പറിനോട് പ്രവീണുമായുള്ള കലഹത്തെക്കുറിച്ചു പറയാന്‍ പേടിയായിരുന്നെന്നും ബത്തൂണ്‍ വ്യക്തമാക്കി.
പോലീസ് നടത്തിയ ആദ്യത്തെ അഭിമുഖത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും റോബിന്‍സണിന്റെ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കികൊണ്ട് പല തെറ്റിദ്ധാരണകളും മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്നും ബത്തൂണ്‍ പറഞ്ഞു. എന്നാല്‍ പോലീസിന്റെ ചോദ്യങ്ങളെ ആവര്‍ത്തിക്കുന്നതില്‍ വെപ്‌സിക് എതിര്‍പ്പ് പ്രകടിപ്പിച്ചു. കൂടാതെ റോബിന്‍സണ്‍ പരിമിതികള്‍ മറികടക്കാന്‍ ശ്രമിക്കുന്നെന്നും വെപ്‌സിക് ചൂണ്ടിക്കാട്ടി.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ തന്റെ ഫോണ്‍ ഓഫ് ആയിരുന്നെന്ന് ബത്തൂണ്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ മൊബൈല്‍ പരിശോധനയില്‍ നിന്നും പ്രവീണുമായുള്ള തര്‍ക്കത്തിന് ശേഷം ബത്തൂണ്‍ അച്ഛനു ഫോണ്‍ ചെയ്തിരുന്നതായി കണ്ടെത്തി പെട്രോള്‍ പമ്പില്‍ നിന്നും ഫോണ്‍ ചാര്‍ജ് ചെയ്‌തെന്നും ശേഷമാണ് അച്ഛനു ഫോണ്‍ ചെയ്തതെന്നുമാണ് ബത്തൂണ്‍ കോടതിയില്‍ ഇതിനു നല്‍കിയ വിശദീകരണം. ശക്തമായി നടന്ന വിചാരണയ്‌ക്കൊടുവില്‍ ബത്തൂണിന്റെ എല്ലാ തന്ത്രങ്ങളും പൊളിയുന്ന കാഴ്ചയാണ് മാധ്യമങ്ങളും പ്രവീണിന്റെ കുടുംബവും,അഭ്യുദയകാംക്ഷികളും കണ്ടത് .ഒടുവില്‍ പ്രവീണിന് ,അനുകൂലമായി ,സത്യത്തിനു അനുകൂലമായി വിധി വരുന്നു .അതിനായി ഒരു കുടുംബവും ,ഒരു സമൂഹവും കാത്തിരിക്കുന്നു

.ഇതോടെ പ്രവീണിന് വേണ്ടിയുള്ള വര്‍ഗീസ് കുടുംബത്തിന്റെ പോരാട്ടത്തിന് അവസാനം ആവുകയാണ് . പ്രവീണ്‍ വധക്കേസില്‍ ബത്തൂണ്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ നീതിക്ക് വേണ്ടിയുള്ള അനേകം പേരുടെ പോരാട്ടം അവസാനിച്ചു. കാത്തിരിപ്പിന്റെയും കഠിനപ്രയത്‌നത്തിന്റെയും ഒടുവില്‍ പ്രവീണ്‍ വധക്കേസ് നല്ല രീതിയില്‍ പര്യവസാനിച്ചു.പ്രവീണിന് നീതിലഭിച്ചതിലുള്ള വര്‍ഗീസ് ക്യടുംബത്തിന്റെ സന്തോഷത്തില്‍ ലോകം മുഴുവന്‍ പങ്കു ചേരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക