Image

അറബ്‌ ലീഗ്‌ ഉച്ചകോടിക്ക്‌ ചൊവ്വാഴ്‌ച കുവൈറ്റില്‍ തുടക്കം

Published on 26 March, 2012
അറബ്‌ ലീഗ്‌ ഉച്ചകോടിക്ക്‌ ചൊവ്വാഴ്‌ച കുവൈറ്റില്‍ തുടക്കം
കുവൈറ്റ്‌ സിറ്റി: അധിനിവേശത്തിനുശേഷം ആദ്യമായി വിരുന്നെത്തിയ അറബ്‌ ലീഗ്‌ ഉച്ചകോടി ചൊവ്വാഴ്‌ച തുടങ്ങാനിരിക്കെ ഇറാഖ്‌ തലസ്ഥാനമായ ബഗ്‌ദാദ്‌ കനത്ത സുരക്ഷയില്‍. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയ ശേഷം അക്രമ സംഭവങ്ങള്‍ ഒട്ടൊന്ന്‌ കുറഞ്ഞിട്ടുണ്ടെങ്കിലും ഉച്ചകോടിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പല രാജ്യങ്ങളും ഇനിയും ഉറപ്പുനല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ പഴുതില്ലാത്ത സുരക്ഷ ഒരുക്കണം എന്നുറപ്പിച്ച നൂരി അല്‍ മാലികിയുടെ നേതൃത്വത്തിലുള്ള ഇറാഖ്‌ സര്‍ക്കാര്‍ അതിനുള്ള ഭഗീരഥ യത്‌നത്തിലാണ്‌.

നാളെ മുതല്‍ വ്യാഴം വരെയാണ്‌ ഉച്ചകോടി നടക്കുന്നത്‌. സിറിയന്‍ വിഷയത്തിലടക്കം നിര്‍ണായക തീരുമാനങ്ങളുണ്ടായേക്കുമെന്ന്‌ പ്രതീക്ഷയൊന്നുമില്ലാത്ത ഉച്ചകോടിയാണെങ്കിലും സദ്ദാം ഹുസൈന്‍െറ കുവൈത്ത്‌ അധിനിവേശത്തിനുശേഷം മേഖലാ തലത്തിലുള്ള ഒരു കൂടിച്ചേരലിനും വേദിയാവാന്‍ അവസരം ലഭിച്ചിട്ടില്ലെന്നതിനാല്‍ തന്നെ ഇറാഖ്‌ സര്‍ക്കാര്‍ ഏറെ ഗൗരവത്തോടെയാണ്‌ ഉച്ചകോടിയെ കാണുന്നത്‌.

സദ്ദാം ഹുസൈന്‍െറ കൊട്ടാരമായിരുന്ന റിപ്പബ്‌ളിക്കന്‍ പാലസ്‌ ആണ്‌ ഉച്ചകോടിക്ക്‌ ആതിഥ്യം വഹിക്കുന്നത്‌. രാഷ്ട്രനേതാക്കളുടെ ഉച്ചകോടിക്കുപുറമെ വിദേശമന്ത്രിമാരുടെയും ധനമന്ത്രിമാരുടെയും സമ്മേളനവും നടക്കുന്നുണ്ട്‌. സമീപകാലത്തായി താരതമ്യേന അക്രമ സംഭവങ്ങള്‍ കുറവാണെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ബോംബ്‌ സ്‌ഫോടനങ്ങള്‍ കൂടിയിട്ടുണ്ട്‌. ചൊവ്വാഴ്‌ച വിവിധയിടങ്ങിലുണ്ടായ സ്‌ഫോടനങ്ങളില്‍ 52 പേരാണ്‌ കൊല്ലപ്പെട്ടത്‌. ഇതുകൊണ്ടുതന്നെ വന്‍ സുരക്ഷാ സംവിധാനങ്ങളാണ്‌ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്‌. ഇന്നലെയോടെ ബഗ്‌ദാദ്‌ നഗരം പുറത്തുനിന്നുള്ളവര്‍ക്ക്‌ കടക്കാനാവാത്ത വിധം സുരക്ഷാ വലയത്തിലാക്കിക്കഴിഞ്ഞു. നഗരത്തിലെ എല്ലാ റോഡുകളും അടച്ചു. അഞ്ചു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്‌ സര്‍ക്കാര്‍. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള നൂറു കണക്കിന്‌ ചെക്‌പോസ്റ്റുകളിലേക്ക്‌ ഒരു ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ്‌ പ്രത്യേകമായി നിയോഗിച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക