Image

ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ സമരം ഏഴാം ദിനത്തില്‍

Published on 17 June, 2018
ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ സമരം ഏഴാം ദിനത്തില്‍

ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ സമരം ഏഴാം ദിവസത്തിലേക്ക്‌. ലഫ്‌. ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഓഫിസ്‌ വെയ്‌റ്റിങ്‌ റൂമില്‍ അരവിന്ദ്‌ കെജ്‌രിവാളും മൂന്നു മന്ത്രിമാരും നടത്തുന്ന കുത്തിയിരിപ്പു സമരത്തിനുനേരെ ഇതുവരെ കേന്ദ്രം കണ്ണടച്ചുനില്‍ക്കുകയായിരുന്നു. ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി ഇത്തരമൊരു സമരം നടത്തുന്നത്‌ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യം. പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക്‌ മാര്‍ച്ച്‌ നടത്തുമെന്ന്‌ എഎപി നേതാക്കള്‍ അറിയിച്ചു.

ലഫ്‌റ്റനന്റ്‌ ഗവര്‍ണറുടെ വസതിയിലെ സ്വീകരണമുറിയിലാണു കേജരിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍, വികസനകാര്യ മന്ത്രി ഗോപാല്‍ റായി എന്നിവര്‍ കുത്തിയിരിപ്പു സമരം നടത്തുന്നത്‌. വൈദ്യുതി-കുടിവെള്ള ക്ഷാമം, അന്തരീക്ഷ മലിനീകരണം തുടങ്ങി ഗുരുതര പ്രശ്‌നങ്ങളില്‍ ഡല്‍ഹി ജനത വീര്‍പ്പുമുട്ടുന്നതിനിടെയാണു അധികാരത്തര്‍ക്കത്തിന്റെ പിടിവാശികളില്‍ സംസ്ഥാനത്ത്‌ ഭരണ പ്രതിസന്ധി തുടരുന്നത്‌.

കഴിഞ്ഞ തിങ്കളാഴ്‌ച വൈകീട്ടാണ്‌ മുഖ്യമന്ത്രി കെജ്‌രിവാളും മൂന്നു മന്ത്രിമാരും ഗവര്‍ണറുടെ ഓഫിസിലെത്തിയത്‌. എന്നാല്‍, ചര്‍ച്ചക്കുപോലും അവസരം നല്‍കാതെ വന്നതോടെയാണ്‌ നാലു പേരും വെയ്‌റ്റിങ്‌ റൂമില്‍ സമരം തുടങ്ങിയത്‌. ഇതോടെ ഗവര്‍ണര്‍ പ്രവര്‍ത്തനം സ്വന്തം വസതിയിലേക്കു മാറ്റി. ആം ആദ്‌മി പാര്‍ട്ടി സമരം പുറത്തേക്ക്‌ വ്യാപിപ്പിക്കുകയാണ്‌. ഗവര്‍ണറുടെ ഓഫിസിനു ചുറ്റും വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്‌.

ഡല്‍ഹിയിലെ പ്രതിസന്ധി തിങ്കളാഴ്‌ച ഹൈകോടതി പരിഗണിക്കുന്നുണ്ട്‌. ഐ.എ.എസുകാരുടെ ശീതസമരം അവസാനിപ്പിക്കാന്‍ ലഫ്‌. ഗവര്‍ണര്‍ നിര്‍ദേശിക്കണമെന്നാണ്‌ കോടതിക്കു മുമ്പാകെ എത്തിയിട്ടുള്ള ഒരു ഹരജി. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറുടെ ഓഫിസില്‍ നടത്തുന്ന സമരം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെടുന്നതാണ്‌ മറ്റൊന്ന്‌.

സമരം നടത്തുന്ന കേജ്രിവാളിനു പിന്തുണയുമായി പിണറായി വിജയന്‍ ഉള്‍പ്പെടെ നാലു മുഖ്യമന്ത്രിമാര്‍ കേജ്രിവാളിന്റെ വസതിയിലെത്തി പിന്തുണ അറിയിച്ചിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക