Image

കൊച്ചി മെട്രോയ്ക്ക് ഒരു വയസ്സ്, നഷ്ടത്തില്‍ നിന്നും കരകയറാന്‍ കിതക്കുന്നു

Published on 17 June, 2018
കൊച്ചി മെട്രോയ്ക്ക് ഒരു വയസ്സ്, നഷ്ടത്തില്‍ നിന്നും കരകയറാന്‍ കിതക്കുന്നു
കൊട്ടിഘോഷിച്ച് തുടക്കമിട്ട കൊച്ചി മെട്രോയ്ക്ക് ഇന്ന് ഒരു വയസ്സ്. നഷ്ടത്തിന്റെ ഭീമന്‍ കണക്കാണ് ഇതിനു പറയാനുള്ളത്. കൊച്ചി മെട്രോയ്ക്ക് ഇന്ന് ഒരു വയസ്സ്. തുടക്കത്തില്‍ പ്രതിമാസം ആറുകോടി രൂപയായിരുന്നു നഷ്ടം. ഇപ്പോള്‍, നഷ്ടം മൂന്നുകോടിയായി കുറഞ്ഞിട്ടുണ്ടെങ്കിലും ലാഭത്തിലേക്ക് ഓടിയെത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. കാറുകള്‍ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്താന്‍ കൊച്ചിക്കാരെല്ലാം തയ്യാറാകാത്തതാണ് നഷ്ടത്തിന് കാരണം. 

36 ലക്ഷം രൂപയാണ് മെട്രോയുടെ ഒരു ദിവസത്തെ നടത്തിപ്പ് ചെലവ്. ടിക്കറ്റ് ഇതര വരുമാനം ഇല്ലാതിരുന്നപ്പോള്‍ ടിക്കറ്റ് കളക്ഷന്‍ 12 ലക്ഷം രൂപയായിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും വലിയ മാറ്റമൊന്നുണ്ടായില്ല. മെട്രോ തുടങ്ങിയ സമയത്ത് ടൂര്‍ കൗതുകത്തിനായി ഒട്ടേറെ യാത്രക്കാര്‍ വന്നിരുന്നു. 80,000 ആളുകള്‍ വരെ യാത്ര ചെയ്തിരുന്നു. ഇപ്പോള്‍ യാത്രക്കാരുടെ എണ്ണം ശരാശരി 45000 ആയി നില്‍ക്കുകയാണ്. 

പ്രതിദിനം 70000 യാത്രക്കാരെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ കൊച്ചി മെട്രോയ്ക്ക് വരവും ചെലവും ഒത്തു പോകൂ. കൊച്ചി വണ്‍ യാത്രാകാര്‍ഡ് കൂടുതലായി ഇറക്കാനും സ്ഥിരം യാത്രക്കാര്‍ക്ക് ഇളവുകള്‍ നല്‍കാനുമുള്ള പദ്ധതിയും വിജയം കണ്ടില്ല. മെട്രോ തൃപ്പൂണിത്തുറ വരെ എത്താതെ യാത്രക്കാരുടെ എണ്ണം 70000 എത്തിക്കാനാകില്ല. എന്നാല്‍ അതിനുള്ള പണിതീരാന്‍ അടുത്ത ജൂണ്‍ വരെ കാത്തിരിക്കണം. 

നഷ്ടത്തില്‍ നിന്ന് കരകേറിയെന്ന് അധികൃതര്‍ പറയുമ്പോഴും മെട്രോ ഓടുന്നത് നഷ്ടത്തില്‍ തന്നെയാണ്. ടിക്കറ്റ് വരുമാനത്തിലൂടെ ഇന്ത്യയില്‍ ഒരു മെട്രോയ്ക്കും ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്നും നാലും വര്‍ഷം കഴിഞ്ഞാണ് മറ്റു മെട്രോകള്‍ക്ക് പിടിച്ചു നില്‍ക്കാനായത്. മെട്രോ സ്‌റ്റേഷനുകളും ട്രെയിനും ഷൂട്ടിംഗിന് വിട്ടുനല്‍കി വരുമാനം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും അതും വിജയം കണ്ടിട്ടില്ല. ആദ്യം ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു സര്‍വീസെങ്കിലും പിന്നീട് മഹാരാജാസ് കോളേജ് വരെ നീട്ടി. 

2017 ജൂണ് 17ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചത്. 19 മുതലാണ് യാത്രാ സര്‍വീസ് ആരംഭിച്ചത്. സര്‍വീസ് ആരംഭിച്ചതിന്റെ വാര്‍ഷികാഘോഷഭാഗമായി ഈ 19ന് എല്ലാവര്‍ക്കും മെട്രോയില്‍ സൗജന്യ യാത്ര കെഎംആര്‍എല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക