Image

വരാപ്പുഴ കൊലപാതകം: എ. വി ജോര്‍ജിനെ പ്രതിയാക്കില്ല, വകുപ്പുതല നടപടികള്‍ മാത്രം

Published on 17 June, 2018
വരാപ്പുഴ കൊലപാതകം: എ. വി ജോര്‍ജിനെ പ്രതിയാക്കില്ല, വകുപ്പുതല നടപടികള്‍ മാത്രം
ആലുവ മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജിന് ആശ്വസിക്കാം. കസ്റ്റഡി മരണക്കേസില്‍ പ്രതി ചേര്‍ക്കില്ല. കേസില്‍ ജോര്‍ജിനെ പ്രതിയാക്കേണ്ടതില്ലെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസിലാണ് ജോര്‍ജിന് താത്കാലിക ആശ്വാസം ലഭിച്ചിരിക്കുന്നത്.

നിയമോപദേശം ഡിജിപിയുടെ ഓഫീസ് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. എവി ജോര്‍ജിനെ പ്രതിയാക്കാനുതകുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ വകുപ്പുതല നടപടികളുമായി മുന്നോട്ട് പോകാമെന്നും നിയമോപദേശത്തില്‍ പറയുന്നു. 

വരാപ്പുഴ വീടാക്രമണക്കേസില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് എവി ജോര്‍ജ് രൂപം നല്‍കിയ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് ആയിരുന്നു. ഇവര്‍ ശ്രീജിത്തിനെ മര്‍ദിച്ചതായി തെളിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആര്‍ടിഎഫിനെ പിരിച്ചുവിട്ടു. ഈ സാഹചര്യത്തിലാണ് എവി ജോര്‍ജിനെ പ്രതിയാക്കാനാകുമോ എന്നതില്‍ നിയമോപദേശം തേടിയത്. സംഭവത്തില്‍ എവി ജോര്‍ജിനെ മെയ് 11 ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

നിയമസഭിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയും എവി ജോര്‍ജിനെ സംരക്ഷിക്കുന്നതായിരുന്നു. കേസില്‍ എവി ജോര്‍ജിനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു സഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്. ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ ഇതുവരെ ഒന്‍പത് പോലീസുകാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക