Image

അച്ഛാ ദിന്‍ അഥവാ അഛന്റെ ദിനം (സുധീര്‍ പണിക്കവീട്ടില്‍)

Published on 17 June, 2018
അച്ഛാ ദിന്‍ അഥവാ അഛന്റെ ദിനം (സുധീര്‍ പണിക്കവീട്ടില്‍)
ഭാരതീയ ജനതയെ ആകര്‍ഷിപ്പിക്കാന്‍ പ്രധാനമന്ത്രി മോദി പറഞ്ഞ പരസ്യ വാചകമല്ലിത്. ഇതൊരു മണിപ്രവാള വാക്ക് ഞാന്‍ സൃഷ്ടിക്കയാണ്. അച്ഛാ എന്ന മലയാള പദവും ദിന്‍ എന്ന സംസ്‌കൃത പദവും. അച്ഛന്റെ ദിവസം അഥവാ പിതൃദിനം. അച്ഛന്റെ ദിവസം എന്ന് പറയുമ്പോള്‍ നല്ല ദിവസം എന്നും കരുതാമല്ലോ. അച്ഛനെ മക്കള്‍ എപ്പോഴും സംരക്ഷകനായി കാണുന്നു. അതുകൊണ്ട് അച്ഛനോട് കൂടിയുള്ള ദിവസങ്ങള്‍ സന്തോഷകരമാകുന്നു പലര്‍ക്കും.

അച്ഛന് ഒരു ദിവസം എന്ന ആശയം ഉടലെടുത്തത് അമേരിക്കന്‍ ഐക്യനാടുകളിലാണ്. അനാദി കാലം മുതല്‍ ഭാരതം പിതാക്കളെ വന്ദിക്കയും ആദരിക്കയും ചെയ്തിരുന്നു. അതിനായി ഒരു ദിവസം എന്ന സങ്കല്പം അവര്‍ക്കുണ്ടായിരുന്നില്ല. വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും കുട്ടികള്‍ ഉണ്ടാകുകയും ചെയ്തില്ലെങ്കില്‍ സ്വര്‍ഗ്ഗം ലഭിക്കയില്ലെന്നു അന്നത്തെ ജനങ്ങള്‍ വിശ്വസിച്ചിരുന്നു. ആണ്‍കുട്ടികള്‍ ഉണ്ടാകുകയെന്നതായിരുന്നു പരമ പുണ്യമായി കരുതിയിരുന്നത്. പിതൃപുത്ര ബന്ധത്തിന്റെ നല്ല ഉദാഹരണങ്ങള്‍ വേദങ്ങളും ഉപനിഷത്തുക്കളും പരിശോധിച്ചാല്‍ കാണാം. അതിലൊന്നാണ് ഛാന്ദോഗ്യ ഉപനിഷത്തില്‍ ഉദ്ദാലക മഹര്‍ഷി സ്വേതകേതു എന്ന മകന് 'തത്ത്വമസി'എന്ന തത്വം പഠിപ്പിക്കുന്നത്. പുത്രന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ പുത് എന്ന നരകത്തില്‍ നിന്നും പിതാവിനെ ത്രയണം (മോചിപ്പിക്ക) ചെയ്യുന്നവന്‍ പുത്രന്‍ എന്നാണു. പുത്രിയും അതേപോലെ മാതാപിതാക്കളെ പുത് എന്ന നരകത്തില്‍ നിന്നും മോചിപ്പിക്കുന്നു.

ഹൈന്ദവ വേദവാക്യങ്ങള്‍ അനുസരിച്ച് ഒരു മനുഷ്യന് നാല് അവസ്ഥകള്‍ പറഞ്ഞിരിക്കുന്നു. അതാണ് ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം, സന്യാസം. ഗാര്‍ഹത്യാശ്രമത്തിലാണ് വിവാഹം നടക്കുന്നത്. വിവാഹ ജീവിതത്തിന്റെ മാധുര്യം വര്‍ധിപ്പിക്കാന്‍ സന്താനങ്ങള്‍ ജനിക്കുന്നു. വാസ്തവത്തില്‍ പിതൃ ദിനം കൊണ്ടാടേണ്ടത് പിതാക്കന്മാരാണ്. അവരല്ലേ ഓര്‍മ്മകളുടെ പാലാഴിയില്‍ അനന്ത ശയനം ചെയ്യുന്നവര്‍. മക്കളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എപ്പോഴും ഉണ്ടാകുമെങ്കിലും ഒരു ദിവസം അതെല്ലാം അയവിറക്കാന്‍ നീക്കിവയ്ക്കാം. ഭാര്യയുടെ പ്രസവം കാണാന്‍ ഡോക്ടേഴ്‌സ് അനുമതി തന്നെങ്കിലും അത് കാണണ്ടെന്ന് കരുതി പുറത്ത് നില്‍ക്കുമ്പോള്‍ ഒരു സ്പാനിഷ് കാരന്‍ വളരെ അസ്വസ്ഥതതയോടെ പറഞ്ഞു. മൂന്നു പെണ്‍കുട്ടികള്‍ ഉണ്ട്. ജനിക്കാന്‍ പോകുന്നതും പെണ്ണാണെന്ന് പറയുന്നു. ശാസ്ത്രത്തെക്കാള്‍ ദൈവമല്ലേ വലുത്. ഒരു പക്ഷെ പ്രസവിക്കുമ്പോള്‍ കുട്ടി ആണാകുമോ? പാവം മനുഷ്യന്‍. ഞാന്‍ പറഞ്ഞു എല്ലാ മായാജാലം. പ്രാര്‍ത്ഥിക്കു, അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട്. അപ്പോഴേക്കും എന്റെ കുട്ടിയെ കാണിക്കാന്‍ നേഴ്‌സ് കൊണ്ടുവന്നു, ഞാന്‍ നോക്കിയപ്പോള്‍ കുട്ടി എന്നെ നോക്കുന്നു. സന്തോഷമായി. പക്ഷെ ഭാര്യ പറഞ്ഞു കുട്ടി അച്ഛനാണെന്നു അറിഞ്ഞിട്ടു നോക്കിയതല്ല. പെറ്റു വീണയുടനെ അവര്‍ എവിടെക്കോ നോക്കുന്നു. അത്ര തന്നെ. എന്നാലും ഞാന്‍ പറഞ്ഞു അല്ല, കുട്ടി എന്നെ തന്നെ നോക്കിയതാണ്. അത് ഒരു അച്ഛന്റെ അപ്പോഴത്തെ വ്യാമോഹം. അതേപോലെ സ്വന്തം രക്തത്തിന്റെ ആദ്യത്തെ കരച്ചില്‍ ആരെയാണ് ആഹ്‌ളാദിപ്പിക്കാത്തത്. സ്പാനിഷ് കാരന്റെ ഭാര്യയില്‍ ദൈവം അത്ഭുതം ഒന്നും പ്രവര്‍ത്തിച്ചില്ല. കുട്ടി പെണ്ണായിരുന്നു. അപ്പോഴാണ് പിതൃഹൃദയത്തിന്റെ സ്‌നേഹ വാത്സല്യഭാവങ്ങള്‍ കണ്ടത്. അയാള്‍ക്ക് കുട്ടിയെ കാണാന്‍ ഇഷ്ടമില്ല എന്നാലും നോക്കുന്നു. നേഴ്‌സ് കുട്ടിയെ കാണിച്ച് കൊണ്ടുപോയപ്പോള്‍ അയാള്‍ പറഞ്ഞു 'കുട്ടിക്ക് എന്റെ അമ്മയുടെ ഛായ. അവള്‍ക്ക് അമ്മയുടെ പേരിടണം.' എത്ര വേഗമാണ് ഹൃദയ സപന്ദനങ്ങളുടെ ഗതി മാറിയത്.

വടക്കേ ഇന്ത്യയിലായിരുന്നപ്പോള്‍ കുട്ടികളുടെ ജനനം പ്രമാണിച്ച് ഓഫിസില്‍ അച്ചന്മാരുടെ വക മിഠായി വിതരണം ഉണ്ടാകും. ചിലര്‍ക്ക് ആദ്യത്തെ കണ്മണിമാരാകും, ചിലര്‍ക്ക് രണ്ടാമത്തെയോ , മൂന്നാമത്തെയോ. ആദ്യം പിതാക്കന്മാരാകുന്നത് മിഠായി നീട്ടി പറയും. ' സാല മേ തോ ബാപ് ബെന്‍ ഗയ'.ആ വാക്കുകളില്‍ അവരുടെ ആത്മവീര്യവും അഭിമാനവും പതയുന്നുണ്ടായിരിക്കും. ഉത്തരവാദിത്വത്തിന്റെയും അംഗീകാരത്തിന്റെയും ആ പദവി അവരെ ആനന്ദം കൊള്ളിക്കുന്നു. ഇവിടെ ന്യുയോര്‍ക്കില്‍ വച്ച് രാവിലെ ഓഫിസില്‍ ചെന്നപ്പോള്‍ ഒരു സഹപ്രവര്‍ത്തകന്‍ ഉച്ചത്തില്‍ വളരെ ഉച്ചത്തില്‍ ഘോഷിക്കുന്നു, ഞാന്‍ ഒരു മുത്തച്ഛനായി. അയാള്‍ അത് ഇടവിട്ട് ആവര്‍ത്തിച്ച്‌കൊണ്ടിരുന്നു. ഏകദേശം ഉച്ചയായപ്പോള്‍ ആ സന്തോഷപ്രകടനം പലര്‍ക്കും അരോചകമായി തുടങ്ങി. ഒരാള്‍ തുറന്നു പറഞ്ഞു. നിങ്ങളെ വളരെ സന്തോഷിപ്പിക്കുന്ന കാര്യമാണ് എങ്കിലും എന്തിനു ഇങ്ങനെ ഉറക്കെ ആവര്‍ത്തിക്കുന്നു. അപ്പോള്‍ അയാളുടെ മറുപടി 'ആര്‍ക്കും ഒരു അച്ഛനാകാന്‍ കഴിയും പക്ഷെ മുത്തച്ഛനാകുകയെന്നത് അഭിമാനകാരവും ആനന്ദകരവുമാണ്.

പിതാവാകുക എന്ന അവസ്ഥ സ്വര്‍ഗ്ഗ സമാനമാണ്. മക്കളുടെ കാര്യത്തില്‍ അമ്മയുടെ സ്ഥാനം വലുതെങ്കിലും പിതാവ് ഒപ്പം നില്‍ക്കുന്നത് ആരും ശ്രദ്ധിക്കുന്നില്ലെന്നതാണ് പരമാര്‍ത്ഥം. മഹാഭാരതത്തില്‍ വാന പര്‍വ്വത്തില്‍ ബക പ്രശ്‌നം അല്ലെങ്കില്‍ യക്ഷ പ്രശ്‌നം എന്ന പേരില്‍ ചില ചോദ്യങ്ങളുണ്ട്. പാണ്ഡവര്‍ പന്ത്രണ്ട് വര്ഷം വനവാസം കഴിച്ചതിനു ശേഷം ഒരു വര്‍ഷത്തെ അജ്ഞാതവാസത്തിനു പോകുന്നതിനു മുമ്പ് ഒരു ദിവസം ദാഹ ശമനത്തിനായി ജലം കൊണ്ട് വരാന്‍ പോയ സഹോദരരെ കാണാതെ ധര്‍മ്മപുത്രര്‍ അവരെ തേടി പോയി. ഒരു തടാക കരയില്‍ സഹോദരര്‍ എല്ലാവരും മരിച്ച് കിടക്കുന്നത് അദ്ദേഹം കണ്ടു. അവരെ കൊന്നത് ആരെന്നു കണ്ടുപിടിക്കുന്നതിനു മുമ്പ് കുറച്ച് വെള്ളം കുടിക്കാന്‍ തുനിഞ്ഞ അദ്ദേഹത്തോട് ഒരു യക്ഷന്‍ ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. അതില്‍ ഒന്നാണ് : ആകാശത്തത്തെക്കാള്‍ ഉയരമുള്ളത് എന്ത് എന്ന.ചോദ്യം. അതിനു ധര്‍മ്മപുത്രര്‍ പറയുന്ന ഉത്തരം: അച്ഛന്‍ എന്നാണു. ധര്‍മ്മശാസ്ത്രങ്ങള്‍ അനുശാസിക്കുന്ന ധര്‍മ്മമാര്‍ഗങ്ങളിലൂടെ മാത്രമേ പിതാക്കള്‍ സഞ്ചരിക്കാവൂ എന്ന് വേദ ഗ്രന്‍ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. പിതാവാകുക എന്നത് ഉത്തരവാദിത്വങ്ങള്‍ ഏല്‍ക്കുക എന്നാണു. പലപ്പോഴും ആദി പിതാവ് ആദാമിന്റെ ചില ദൗര്‍ബല്യങ്ങള്‍ പുരുഷന്മാരില്‍ ഉള്ളതുകൊണ്ട് അവര്‍ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഉദാഹരണമായി പറയുകയാണെങ്കില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് 'നിങ്ങളുടെ 'അമ്മ പറഞ്ഞപോലെ ചെയ്തു' എന്ന് അവര്‍ പ്രതികരിക്കുന്നു. ഇതിനോടനുബന്ധിച്ച് പിതാക്കന്മാരെ ഫലിത രൂപേണ പരിഹസിക്കുന്ന ഒരു നേരംപോക്ക് കേട്ടിട്ടുള്ളത് ഇങ്ങനെയാണ്. ഒരു മകന്‍ അദ്ദേഹത്തിന്റെ പിതാവിന് കുറെ പണം കൊടുത്തിട്ട് പറഞ്ഞു ' അച്ഛന്റെ മനസ്സിന് സന്തോഷം തരുന്ന എന്തെങ്കിലും വാങ്ങിക്കുക' അയാള്‍ ആ പണം കൊണ്ട് ഭാര്യക്ക് ഒരു സമ്മാനം വാങ്ങി കൊടുത്തുവത്രെ.

എല്ലാ പിതാക്കള്‍ക്കും സന്തോഷകരവും ഐശ്വര്യപൂര്‍ണ്ണവുമായ ഒരു പിതൃദിനം ആശംസിക്കുന്നു.

ശുഭം

Join WhatsApp News
സരസമ്മ,കുന്നംകുളം 2018-06-17 15:34:47
സുദീര്‍ പണിക്കര വീട്ടില്‍ എന്ന് കണ്ടപ്പോള്‍ വായിക്കാന്‍ തുടങ്ങി അപ്പോള്‍ ആണ് കാണുന്നത് അച്ഛാ ദിന്‍ -
എനിക്ക് അങ്ങ് ചൊറിഞ്ഞു കേറുന്നു, ന്യെറ്റി പറിച്ചു കളഞ്ഞു ചൊറിഞ്ഞാല്‍ എന്ന് തോന്നുന്നു. അ ചായ അടി വീരന്‍ ലോകം നിരങ്ങി, വടക്കേ ഇന്ത്യന്‍ തീവ്രവാദികള്‍ നാട് ഭരിച്ചു കുട്ടി ചോറാക്കി. ഇറാന്‍ പോലെ ഇന്ത്യയും തീവ്രവാദി രാജ്യം എന്ന് ലോക രാജ്യങ്ങള്‍.
 എതായാലും നല്ല ഒരു വിവരണം. എന്‍റെ കെട്ടിയവന്‍ വരുമ്പോള്‍ വായിച്ചു കേള്‍പ്പിക്കാന്‍ കാത്തിരിക്കുന്നു.
നിങ്ങള്‍ ഇ മലയാളിയില്‍ എഴുതുന്നു എന്ന് അറിഞ്ഞപോള്‍ പെരുത്ത സന്തോഷം തോന്നുന്നു. ഞാനും നിങ്ങടെ നാട്ടുകാരി തന്നെ 
Bill Clinton 2018-06-17 16:12:30
Bill Clinton
On this Father’s Day I’m thinking of the thousands of children separated from their parents at the border. These children should not be a negotiating tool. And reuniting them with their families would reaffirm America’s belief in & support for all parents who love their children.
[copy-Twiter Posting}
Wake up America 2018-06-17 16:16:16
How can this be happening in America? Do not stop screaming until this stops! "Hundreds of children are waiting away from their parents inside a Border Patrol holding facility in South Texas, with groups of 20 or more children to a single cage."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക