Image

കടലിനഗാധമാം നീലിമയില്‍ കാമറൂണ്‍; അഫ്ഗാനിസ്താനിലെ കൂട്ടക്കൊല രണ്ടു ഘട്ടങ്ങളിലായി

Published on 26 March, 2012
കടലിനഗാധമാം നീലിമയില്‍ കാമറൂണ്‍; അഫ്ഗാനിസ്താനിലെ കൂട്ടക്കൊല രണ്ടു ഘട്ടങ്ങളിലായി
ന്യൂയോര്‍ക്ക്: മനുഷ്യന്‍ ചന്ദ്രനില്‍ 12 തവണ പോയിട്ടുണ്ട്. എന്നാല്‍, ഭൂമുഖത്ത് ഏറ്റവും ആഴമേറിയ സമുദ്രഭാഗത്ത് അടിത്തട്ടില്‍ മനുഷ്യന്‍ എത്തിയിട്ടുള്ളത് ഇതിനുമുമ്പ് ഒരുതവണ മാത്രം. 1960 ലായിരുന്നു അത്. അരനൂറ്റാണ്ടിനു ശേഷം ഒരാള്‍ വീണ്ടും കടലിന്റെ കീഴറ്റം താണ്ടി ചരിത്രം കുറിച്ചിരിക്കുന്നു. ശാന്തസമുദ്രത്തിലെ മറീന ട്രെഞ്ചിന്റെ അടിത്തട്ടില്‍ പോയി ഇത്തവണ വിജയഗാഥ രചിച്ചത് ടൈറ്റാനിക്, അവതാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേഷകരെ വിസ്മയിപ്പിച്ച ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍. പതിനൊന്ന് കിലോമീറ്റര്‍ താണ്ടാന്‍ ടൈറ്റാനിക്കിന്റെ സംവിധായകന്‍ എടുത്തത് രണ്ടു മണിക്കൂര്‍. പശ്ചിമ ശാന്തസമുദ്രത്തിലെ മറീന ട്രെഞ്ചിന്റെ ആഴമാണ് ആ സമയംകൊണ്ട് ജെയിംസ് കാമറൂണ്‍ താണ്ടിയത്. ഒരുപക്ഷേ, തന്റെ 'അവതാറി'ലെ മറ്റൊരു ലോകം പോലെ അവിടം കാമറൂണിന് തോന്നിയിരിക്കും. സമുദ്രത്തിന്റെ ആ കീഴറ്റത്ത് മൂന്നു മണിക്കൂറിലേറെ അദ്ദേഹം ചെലവിട്ടു. പിന്നീട് സമുദ്രോപരിതലത്തിലേക്ക് സുരക്ഷിതനായി മടങ്ങി.

ഭൂമുഖത്തെ ഏറ്റവും ആഴമേറിയ ആ സമുദ്രമേഖലയില്‍ അടിത്തട്ടിലെത്താന്‍ ഇതിനുമുമ്പ് ഒരിക്കലേ മനുഷ്യന് സാധിച്ചിട്ടുള്ളു എന്നറിയുമ്പോള്‍, കാമറൂണ്‍ രചിച്ച വിജയഗാഥയുടെ തിളക്കമെത്രയെന്ന് ബോധ്യമാകും. 'ഡീപ്‌സീ ചലഞ്ചര്‍' (ഉലലുലെമ ഇവമഹഹലിഴലൃ) എന്ന അത്യന്താധുനിക സബ്മറൈനിലാണ് അഗാധനീലിമ താണ്ടി കാമറൂണ്‍ തിരിച്ചെത്തിയത്. 1960 ലാണ് യു.എസ്.നാവിക ലഫ്ടണന്റ് ഡോണ്‍ വാല്‍ഷ്, സ്വിസ്സ് ഓഷ്യാനോഗ്രാഫര്‍ ജാക്വെസ് പിക്കാര്‍ഡ് എന്നിവര്‍ ആദ്യമായി മറീന ട്രെഞ്ചിന്റെ അടത്തിട്ടിലെത്തി റിക്കോര്‍ഡ് സ്ഥാപിച്ചത്. 20 മിനിറ്റ് നേരം ഇരുവരും അടിത്തട്ടില്‍ കഴിഞ്ഞു. അരനൂറ്റാണ്ടിന് ശേഷം ഇപ്പോള്‍ വീണ്ടും മനുഷ്യന്‍ കയറിയ ഒരു വാഹനം മറീന ട്രെഞ്ചിന്റെ അടിത്തട്ടിലെത്തുന്നു.

'ഒരു സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരം' എന്നാണ് കടലിലേക്ക് മുങ്ങുന്നതിന് മുമ്പ് തന്റെ ദൗത്യത്തെക്കുറിച്ച് കാമറൂണ്‍ ബി.ബി.സി.യോട് പറഞ്ഞത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒരുസംഘം എന്‍ജിയര്‍മാരുടെ സഹായത്തോടെ ഡീപ്‌സീ ചലഞ്ചര്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു അദ്ദേഹം. 11 ടണ്‍ ഭാരവും ഏഴ് മീറ്റര്‍ നീളവുമുള്ള ആ സബ്മറൈനുള്ളില്‍ കാമറൂണ്‍ ഇരിക്കുന്ന ഭാഗം കട്ടിയേറിയ സ്റ്റീല്‍ കൊണ്ടാണ് രൂപപ്പെടുത്തിയിട്ടുള്ളത്. സമുദ്രത്തില്‍ 11 കിലോമീറ്റര്‍ ആഴത്തില്‍ അനുഭവപ്പെടുക അന്തരീക്ഷമര്‍ദത്തിന്റെ ആയിരം മടങ്ങാണ്. അത്രയും മര്‍ദം താങ്ങാന്‍ പാകത്തിലാണ് ഡീപ്‌സീ ചലഞ്ചര്‍ രൂപകല്‍പ്പന ചെയ്തത്. സബ്മറൈനില്‍ ഒട്ടേറെ ലൈറ്റുകളും ക്യാമറകളുമുണ്ട്. ശരിക്കുമൊരു അണ്ടര്‍വാട്ടര്‍ ടിവി സ്റ്റുഡിയോ പോലെയുള്ള ഒന്നാണത്. വാഹനത്തിനുള്ളിലിരുന്നുകൊണ്ട് ക്യാമറകളെ നിയന്ത്രിക്കാനും ദൃശ്യങ്ങള്‍ പകര്‍ത്താനും കാമറൂണിന് സാധിക്കും. തന്റെ പര്യടനത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി പുറത്തിറക്കാനാണ് കാമറൂണിന്റെ പദ്ധതി.

കടലിന്റെ അടിത്തട്ടില്‍നിന്ന് കല്ലും മണ്ണുമൊക്കെ ശേഖരിക്കാന്‍ പാകത്തില്‍ യന്ത്രക്കരങ്ങളും സബ്മറൈനിലുണ്ടായിരുന്നു. ആ സാമ്പിളുകളെ ഒരുസംഘം ഗവേഷകര്‍ പുതിയ സൂക്ഷ്മജീവികള്‍ക്കായി പരിശോധിക്കും. 1960 ന് ശേഷം ഇപ്പോഴാണ് മനുഷ്യന്‍ മറീന ട്രെഞ്ചിന്റെ അടിത്തട്ടിലെത്തുന്നതെങ്കിലും, ഇതിനിടെ രണ്ടുതവണ ആളില്ലാ വാഹനങ്ങള്‍ ആ സമുദ്രഭാഗത്തിന്റെ അടിത്തട്ടില്‍ പര്യവേഷണം നടത്തുകയുണ്ടായി1995 ല്‍ ജപ്പാന്റെ 'കെയ്‌ക്കോ' 2008 ല്‍ യുഎസ് കേന്ദ്രമായുള്ള വുഡ്‌സ് ഹോള്‍ ഓഷ്യാനോഗ്രാഫിക് ഇന്‍സ്റ്റിട്ട്യൂഷന്റെ' നെറിയുസ്' എന്നിവ.

പത്രം കിട്ടിയില്ല: വായനക്കാരരന്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ബഹുനില മന്ദിരത്തില്‍ വലിഞ്ഞു കയറി

വാഷിംഗ്ടണ്‍: വായിക്കാന്‍ പത്രം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് അമേരിക്കയിലെ പ്രശസ്ത പത്രമായ ന്യൂയോര്‍ക്ക് ടൈംസിന്റെ 54 നില കെട്ടിടത്തിനു മുകളില്‍ കയറിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. അഞ്ചാം നില വരെ കയറിയ ഇയാളെ പൊലീസ് അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. ഇയാളുടെ പേരു വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല.ഇയാള്‍ മാനസിക രോഗിയാണെന്നാണ് പൊലീസിന്റെ നിഗമനം.

ശനിയാഴ്ചയാണ് (മാര്‍ച്ച് 24) സംഭവം നടന്നത്. പത്രം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് രാവിലെ ഏഴു മണിയോടെ ഇയാള്‍ ടൈംസ് സ്ക്വയറിന്റെ ആസ്ഥാന മന്ദിരത്തിലേക്ക് സ്‌പൈഡര്‍മാന്‍ സ്‌റ്റൈലില്‍ കയറുകയായിരുന്നു. 2008ലും സമാനമായ മൂന്ന് സംഭവങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. രണ്ടു പേര്‍ മേല്‍ക്കൂരയ്ക്ക് മുകളിലും ഒരാള്‍ 11-ാം നിലയിലുമാണ് കയറിയത്.

അഫ്ഗാനിസ്താനിലെ കൂട്ടക്കൊല രണ്ടു ഘട്ടങ്ങളിലായി

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ അമേരിക്കന്‍ സൈനികന്‍ 17 ഗ്രാമീണരെ വെടിവെച്ചുകൊന്നത് രണ്ടുഘട്ടങ്ങളിലായാണെന്ന് റിപ്പോര്‍ട്ട്. ആദ്യവെടിവെപ്പിനു ശേഷം സൈനിക ക്യാമ്പിലേക്കു മടങ്ങിയ സ്റ്റാഫ് സര്‍ജന്റ് റോബര്‍ട്ട് ബെയില്‍സ് പിന്നീട് പുറത്തെത്തി വീണ്ടും ഗ്രാമീണരെ കൂട്ടക്കൊലയ്ക്കിരയാക്കുകയായിരുന്നുവെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യു.എസ്. സൈനികന്റെ കൂട്ടക്കൊല പെട്ടെന്നുള്ള മാനസികവിക്ഷോഭത്താല്‍ സംഭവിച്ചതല്ലെന്നാണ് യു.എസ്. ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കാണ്ഡഹാര്‍ പ്രവിശ്യയിലെ രണ്ട് ഗ്രാമങ്ങളിലാണ് മാര്‍ച്ച് 11ന് രാത്രി ബെയില്‍സ് കൂട്ടക്കൊല നടത്തിയത്. ബെയില്‍സിനെതിരെ 17 കൊലക്കുറ്റങ്ങള്‍ ചുമത്താന്‍ അമേരിക്കന്‍ സൈനിക കോടതി വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു. കൊലപാതകശ്രമത്തിനുള്ള ആറ് വകുപ്പുകളനുസരിച്ചും ബെയില്‍സിനെ വിചാരണചെയ്യും. ഇപ്പോള്‍, കന്‍സാസിലെ ഫോര്‍ട്ട് ലെവന്‍വോര്‍ത്തിലെ ജയിലില്‍ തടങ്കലില്‍ കഴിയുകയാണ് 38കാരനായ ബെയില്‍സ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക