Image

ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സെന്‍കുമാര്‍

Published on 17 June, 2018
ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സെന്‍കുമാര്‍
ചാരക്കേസില്‍ പുതിയ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാര്‍. തിരുവനന്തപുരത്ത് 1994ല്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ഋഷിരാജ് സിങ്ങിന് പോലീസ് ക്വാര്‍ട്ടേഴ്സ് ലഭിക്കാതെ വന്നതിന്‍റെ ബാക്കിപത്രമാണ് ഐ.എസ്.ആര്‍.ഓ ചാരക്കേസ് എന്നാണ് സെന്‍കുമാറിന്‍റെ വെളിപ്പെടുത്തല്‍. ചാരക്കേസില്‍ സിഐഎയും ക്രയോജനിക്ക് എന്‍ജിനുമെല്ലാം വെറും കഥകള്‍ മാത്രമാണെന്നും സെന്‍കുമാര്‍ വെളിപ്പെടുത്തുന്നു. കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച പി.കെ തമ്പി അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് 'ഭരണം, പോലീസ്, മാധ്യമങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍. 
94 കാലഘട്ടത്തില്‍ തിരുവനന്തപുരത്ത് കൊള്ളാവുന്ന വീടൊക്കെ മാലിക്കാര്‍ വാടകയ്ക്ക് എടുത്തിരിക്കുകയാണെന്ന് ഋഷിരാജ് സിങിന് മനസിലായി. അദ്ദേഹം താമസിക്കാന്‍ വീട് അന്വോഷിച്ചു നടന്നപ്പോഴാണ് ഇങ്ങനെയൊരു വിവരം ലഭിച്ചത്. തുടര്‍ന്ന് ഇത് അന്വേഷിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. അങ്ങനെ മറിയം റഷീദ താമസിച്ച സ്ഥലത്ത് എത്തുകയും പാസ്പോര്‍ട്ടില്‍ ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. അങ്ങനെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 
അമേരിക്കയും സിഐഎയും പിന്നീട് വന്നു പെട്ട സംഭവങ്ങളാണ്. ഇതിനെ സംബന്ധിച്ച് താന്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകം എഴുതുന്നുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു. 
1996 ജൂണ്‍ 4ന് മുഖ്യമന്ത്രി ഇ.കെ നായര്‍ കൊച്ചി കമ്മീഷണറായിരുന്ന തന്നെ വിളിച്ച് ചാരക്കേസ് അന്വേഷിക്കാന്‍ സിബിഐയ്ക്ക് നല്‍കിയ അനുമതി റദ്ദാക്കി സംസ്ഥാനം പുനരന്വേഷിക്കാന്‍ പോകുകയാണെന്നും സെന്‍കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥനെന്നും പറഞ്ഞു. നിയമപരമായി സാധ്യതയില്ലെന്ന് പറഞ്ഞപ്പോള്‍ ഉണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും സെന്‍കുമാര്‍ പ്രസംഗത്തില്‍ പറഞ്ഞു. 
തിരുവന്തപുരം ഐ.എസ്.ആര്‍.ഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ.ശശികുമാരനും ഡോ.നമ്പി നാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹരീകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തി നല്‍കി എന്നതായിരുന്നു ചാരക്കേസിലെ ആരോപണം. എന്നാല്‍ റഷ്യന്‍ സാങ്കേതിക വിദ്യ ഇന്ത്യക്ക് ലഭിക്കാതിരിക്കാന്‍ അമേരിക്ക നടത്തിയ ഗൂഡാലോചനയാണ് ഇങ്ങനെയൊരു കഥയ്ക്ക് പിന്നില്‍ എന്ന് വിശ്വസിക്കപ്പെടുന്നു. സിബിഐ അന്വേഷണത്തില്‍ കുറ്റാരോപിതരായവര്‍ക്കെതിരെ തെളിവുകള്‍ ലഭ്യമല്ലെന്ന് കണ്ടെത്തി കേസ് എഴുതി തള്ളി. നമ്പി നാരായണന് ഹൈക്കോടതി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും അനുവദിച്ചു. 
സെന്‍കുമാറിന്‍റെ പുസ്തകത്തില്‍ ചാരക്കേസിനെ സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് എന്തായാലും  ഉറപ്പായിരിക്കുന്നു. അത് എന്തായിരിക്കുമെന്ന കാത്തിരിപ്പിലാണ് ഇനി രാഷ്ട്രീയ കേരളം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക