Image

'മറ്റൊരാളുടെ ഓഫീസില്‍ സമരം ചെയ്യാന്‍ നിങ്ങള്‍ക്ക്‌ ആരാണ്‌ അനുവാദം തന്നത്‌': കെജ്‌രിവാളിന്റെ സമരത്തിനെതിരെ ഡല്‍ഹി ഹൈക്കോടതി

Published on 18 June, 2018
 'മറ്റൊരാളുടെ ഓഫീസില്‍ സമരം ചെയ്യാന്‍ നിങ്ങള്‍ക്ക്‌ ആരാണ്‌ അനുവാദം തന്നത്‌': കെജ്‌രിവാളിന്റെ സമരത്തിനെതിരെ ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ ലഫ്‌റ്റന്റ്‌ ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ കഴിഞ്ഞ എട്ട്‌ ദിവസമായി നടത്തി വരുന്ന സമരത്തിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഡല്‍ഹി ഹൈക്കോടതി. ഗവര്‍ണറുടെ വസതിയില്‍ ധര്‍ണ നടത്താന്‍ കെജ്‌രിവാളിന്‌ ആരാണ്‌ അനുവാദം നല്‍കിയതെന്നും, കെജ്‌രിവാളിന്റെ പ്രതിഷേധത്തെ സമരമെന്ന്‌ വിളിക്കാന്‍ കഴിയില്ലെന്നും കോടതി. കേസില്‍ ഐഎഎസ്‌ അസോസിയേഷനെകൂടി കക്ഷി ചേര്‍ത്തു. കേസ്‌ ബുധനാഴ്‌ച വാദം തുടരും.

കെജ്‌രിവാളിന്റെ ധര്‍ണയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി എംഎല്‍എ വിജേന്ദ്ര ഗുപ്‌തയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ്‌ കോടതി കെജ്‌രിവാളിനെ വിമര്‍ശിച്ചത്‌. 'ഇങ്ങനെ ഇരിക്കുന്നത്‌ സമരമാണോ? സമരമാണെങ്കില്‍ അതിന്‌ നിങ്ങള്‍ക്ക്‌ ആരാണ്‌ അനുവാദം നല്‍കിയത്‌? മറ്റൊരാളുടെ ഓഫീസിലോ, വസതിയിലോ കയറി എങ്ങിനെ സമരം ചെയ്യാന്‍ കഴിയും'  കോടതി ചോദിച്ചു.

സര്‍ക്കാരിനെ പ്രവര്‍ത്തക്കാനനുവദിക്കാതെ സമരം തുടരുന്ന ഐ എ എസുകാരെ നിലക്ക്‌ നിര്‍ത്തണമെന്നാവശ്യപ്പെട്ട്‌ ഡല്‍ഹിയില്‍ സമരം തുടരുന്ന മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌ രിവാളിന്റെയും മുതിര്‍ന്ന നേതാക്കളുടേയും നിരാഹാരം എട്ടാം ദിവസത്തിലേക്ക്‌ കടക്കവെ, ആരോഗ്യനില വഴളായതിനെ തുടര്‍ന്ന്‌ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നിനെ ഞായറാഴ്‌ച രാത്രി ആശുപത്രിയിലേക്ക്‌ മാറ്റിയിരുന്നു.

സമരം ഏട്ടാം ദിവസത്തിലേക്ക്‌ കടന്നിട്ടും ഗവര്‍ണര്‍ ഇതുവരെ ചര്‍ച്ചയ്‌ക്ക്‌ തയ്യാറായിട്ടില്ല. ഔദ്യോഗിക കാര്യങ്ങള്‍ മന്ത്രിമാര്‍ സമരസ്ഥലത്ത്‌ നിന്നാണ്‌ ചെയ്യുന്നത്‌.ഡല്‍ഹി ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിയിലെ സ്വീകരണ മുറിയിലാണ്‌ കേജ്രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ, വികസനകാര്യ മന്ത്രി ഗോപാല്‍ റായി എന്നിവര്‍ കുത്തിയിരിപ്പ്‌ സമരം നടത്തുന്നത്‌. സിസോദിയയും നിരഹാരസമരമാണ്‌ നടത്തുന്നത്‌. അദ്ദേഹത്തേയും ഇന്ന്‌ തന്നെ ആശുപത്രിയിലേക്ക്‌ മാറ്റിയേക്കും.

ഐ.എ.എസ്‌ ഉദ്യോഗസ്ഥരുടെ സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ ഉടനടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ജൂണ്‍ 12നാണ്‌ ലഫ്‌റ്റനന്റ്‌ ഗവര്‍ണറുടെ ഓഫീസില്‍ എ.എ.പി നേതാക്കള്‍ കുത്തിയിരിപ്പ്‌ സമരം ആരംഭിച്ചത്‌. ലഫ്‌റ്റനന്റ്‌ ഗവര്‍ണറുമായുള്ള കൂടിക്കാഴ്‌ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ്‌ അരവിന്ദ്‌ കെജ്രിവാള്‍, മനീഷ്‌ സിസോഡിയ, ഗോപാല്‍ റായ്‌ എന്നിവര്‍ക്കൊപ്പം സത്യേന്ദര്‍ ജെയ്‌ന്‍ ധര്‍ണ തുടങ്ങിയത്‌.

എ.എ.പി അംഗങ്ങളുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന്‌ അംഗങ്ങള്‍ പങ്കെടുത്ത പ്രതിഷേധ സമരവും ദല്‍ഹിയില്‍ നടന്നിരുന്നു. ഇതിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി,കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ ഡി കുമാര സ്വാമി തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ നേരിട്ട്‌ കണ്ട്‌ വിഷയത്തില്‍ ഇടപെടണമെന്ന്‌ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സി പി എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ ആം ആദ്‌മി പ്രവര്‍ത്തകരുടെ സമരത്തില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത്‌ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക