Image

പഠന വീസ; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു ഇളവില്ല

Published on 18 June, 2018
പഠന വീസ; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു ഇളവില്ല
  
ലണ്ടന്‍: വിദ്യാര്‍ഥികള്‍ക്കു വീസ നല്‍കുന്നതിനുള്ള ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍നിന്നു ഇന്ത്യയെ ഒഴിവാക്കി. വെള്ളിയാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച പുതുക്കിയ കുടിയേറ്റ നയത്തിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിവാക്കികൊണ്ടുള്ള പ്രഖ്യാപനമുള്ളത്.

ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നതിനായി ടയര്‍ 4 വീസ വിഭാഗത്തില്‍ 25 രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. 'ലോ റിസ്‌ക്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഈ രാജ്യങ്ങള്‍ക്ക് ബ്രിട്ടന്‍ ഇളവ് നല്‍കുന്നതെന്ന് യുകെ ഹോം ഓഫീസ് അറിയിച്ചു.

യുഎസ്, കാനഡ, ന്യൂസിലന്‍ഡ്, ചൈന, ബഹറിന്‍, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം ലഭിക്കാന്‍ വിദ്യാഭ്യാസ, സാന്പത്തിക, ഇംഗ്ലീഷ് ഭാഷാ പരിശോധനകള്‍ക്ക് ഇളവു ലഭിക്കും. ജൂലൈ ആറു മുതല്‍ പുതുക്കിയ നയം പ്രാബല്യത്തില്‍ വരും.

രാജ്യത്തിനു പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് കുടിയേറ്റ നയങ്ങളില്‍ രാജ്യം ഇളവ് വരുത്തുന്നത്. ബ്രിട്ടന്റെ പ്രധാനപ്പെട്ട വ്യാപാര പങ്കാളിത്തരാജ്യമായ ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഇളവ് അനുവദിക്കാത്തതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക