Image

നാട്ടുവൈദ്യന്മാരും ഒറ്റമൂലിക്കാരും വീട്ടില്‍ കാവല്‍ കിടന്നു, രോഗം മാറ്റാന്‍ ദിവ്യന്മാര്‍ അവതരിച്ചു, ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നായി: സലീം കുമാര്‍

Published on 18 June, 2018
നാട്ടുവൈദ്യന്മാരും ഒറ്റമൂലിക്കാരും വീട്ടില്‍ കാവല്‍ കിടന്നു, രോഗം മാറ്റാന്‍ ദിവ്യന്മാര്‍ അവതരിച്ചു, ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നായി: സലീം കുമാര്‍

കഴിഞ്ഞു പോയ പ്രതിസന്ധി കാലത്തെ കുറിച്ച് ഓര്‍മ്മിക്കുകയാണ് നടന്‍ സലിം കുമാര്‍. ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുക എന്നത് അനുഭവിച്ചതില്‍ വെച്ച് ഏറ്റവും വലിയ സങ്കടങ്ങളായിരുന്നു ആ കാലത്ത്. മേലാസകലം ചൊറിച്ചിലും ഉറക്കമില്ലായ്മയും 'ക്രോണിക് ലിവര്‍ ഡിസീസി'ന്റെ ഭാഗമായിരുന്നു. ഉറങ്ങാത്ത രാവുകളില്‍ എന്തുകൊണ്ടോ ചിന്തകള്‍ മുഴുവന്‍ നെഗറ്റീവ് ആയിരുന്നു.

ഉപദേശങ്ങളാണ് ചില സന്ദര്‍ഭങ്ങളില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. അവിടെ പോണം, ഇവിടെ പോണം എന്നിങ്ങനെ ഉപദേശങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കാലമായിരുന്നു അത്. ഒരു പശുവിനെക്കാള്‍ കൂടുതല്‍ പച്ചിലയും പുല്ലും മറ്റും തിന്നു! നാട്ടുവൈദ്യന്മാരുടെയും ഒറ്റമൂലിക്കാരുടെയും ഏജന്റുമാര്‍ വീട്ടുപടിക്കല്‍ കാവല്‍ കിടന്നു. രോഗം മാറ്റാന്‍ ദിവ്യന്മാര്‍ അവതരിച്ചു. ഇലകളും പൊടികളും കഷായങ്ങളും അകത്താക്കിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയിലായി. ആദ്യം ചികിത്സിച്ച ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക്. അവിടെ ഡോ. സുചീന്ദ്രന്‍, ഡോ. ഷൈന്‍ എന്നിവര്‍ ചികിത്സ ഏറ്റെടുത്തു.

വലിയ ശസ്ത്രക്രിയകള്‍ക്ക് മുമ്പേയുള്ള പ്രീ ഓപ്പറേഷന്‍ കൗണ്‍സലിങ്ങിലും രോഗിയുടെ തമാശകള്‍ കേട്ട് ഡോക്ടര്‍മാര്‍ ചിരിച്ചു. തിയേറ്ററും ഐ.സി.യുവും ഒക്കെ ഒന്ന് കാണണം എന്നായിരുന്നു ആവശ്യം. ആത്മവിശ്വാസത്തോടെ മഞ്ഞുമൂടിയപോലുള്ള ജനല്‍ ചില്ലുകളുള്ള ഓപ്പറേഷന്‍ തിയേറ്ററും ഐ.സി.യു.വും ഒക്കെ കണ്ടു. ഡോക്ടറോട് പറഞ്ഞു, ''എന്റെ കരള്‍ എനിക്ക് കാണാന്‍ പറ്റാത്തതിനാല്‍ അതിന്റെ ഒരു ഫോട്ടോ എടുത്ത് എനിക്ക് വാട്‌സാപ്പില്‍ അയച്ചുതരണം'' എന്ന്!

ശരീരത്തില്‍ എവിടെയും സൂചികുത്താന്‍ ബാക്കി ഇല്ലാത്തതിനാല്‍ ഭൂമിയിലെ മാലാഖമാര്‍ ഞരമ്പ് തിരയുന്നതിനിടയില്‍ പറഞ്ഞു: ''ഞങ്ങളും ഭാഗ്യവതികളാണ്... സാറിനെയും ഞങ്ങള്‍ക്ക് ചികിത്സിക്കാന്‍ സാധിച്ചല്ലോ...' 'ഇതിനുമുമ്പ് ഞങ്ങള്‍ കുറെ നടന്മാരെ ചികിത്സിച്ചിട്ടുണ്ട്...' ഞെട്ടിയത് അവര്‍ ആരൊക്കെ എന്ന് കേട്ടപ്പോള്‍. എം.ജി. സോമന്‍, രാജന്‍ പി. ദേവ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നരേന്ദ്രപ്രസാദ്, കൊച്ചിന്‍ ഹനീഫ... അടുത്തത് ഞാനാകുമോ എന്ന ചോദ്യം അവരെയും അമ്പരപ്പിച്ചുകാണും. ഓപ്പറേഷന്‍ കഴിഞ്ഞു, മൂന്നാംദിവസം മുറിയിലേക്ക്. ആത്മവിശ്വാസം വിജയിച്ചു. സലിം കുമാര്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക