Image

സഖറിയ പറഞ്ഞ സത്യങ്ങള്‍

Published on 01 July, 2011
സഖറിയ പറഞ്ഞ സത്യങ്ങള്‍

ന്യൂയോര്‍ക്ക്‌: കേരളത്തിലിപ്പോള്‍ കലര്‍പ്പില്ലാത്ത സത്യങ്ങള്‍ വിളിച്ചുപറയുവാന്‍ സഖറിയയോ, സുകുമാര്‍ അഴീക്കോടോ മാത്രമേയുള്ളൂ. അവര്‍ പറയുന്നത്‌ സത്യമാണെങ്കിലും അപ്രിയമായതിനാല്‍ കേരളം മുഖംപൊത്തി നില്‍ക്കുന്നു. എങ്കിലും അവരുടെ വായടപ്പിക്കാന്‍ പ്രബുദ്ധതയില്‍ നിന്ന്‌ പിന്തിരിപ്പിലേക്ക്‌ കൂപ്പുകുത്തിയ കേരളത്തിനാകുന്നില്ല.

സര്‍ഗ്ഗവേദി കേരളാ സെന്ററില്‍ അവതരിപ്പിച്ച സാഹിത്യ ശില്‍പ്പശാലയില്‍ കേരളത്തിലെ മാധ്യമങ്ങള്‍ ആരുടെ പക്ഷത്ത്‌ എന്ന്‌ വിശകലനം ചെയ്‌ത്‌ കുറെ സത്യങ്ങള്‍കൂടി സഖറിയ പറഞ്ഞപ്പോള്‍ ഭയാനകമായ അന്ധതയിലേക്ക്‌ നീങ്ങുന്ന സംസ്ഥാനത്തിന്റെ ചിത്രം കുറെക്കൂടി വ്യക്തമായി. മാധ്യമങ്ങള്‍ വില്ലനായെങ്കിലും അവര്‍ ജയിച്ചു. ജനം തോറ്റു.

ശ്രീനാരായഗുരുവും, കുമാരനാശാനുമൊക്കെ പ്രതിനിധാനം ചെയ്‌ത ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തളിരിട്ട നവോത്ഥാനം 1940-50 കാലഘട്ടത്തില്‍ പുരോഗമന ചിന്തയിലൂടെ പൂവണിഞ്ഞു. വാഗ്‌ദത്ത ഭൂമിയില്‍ എത്തുമെന്ന പ്രതീക്ഷാനിര്‍ഭരമായ കാലം മതേതരത്വം അന്ന്‌ പ്രവര്‍ത്തിയില്‍ ആണ്‌ കണ്ടത്‌. ജാതിയോ മതമോ ആരും അന്വേഷിക്കാതിരുന്ന കാലം.

ഈ നവോത്ഥാനം ഉച്ചസ്ഥായിയിലെത്തുന്നതിനുമുമ്പ്‌ തകരുന്ന കാഴ്‌ചയാണ്‌ 1960-കള്‍ മുതല്‍ കാണുന്നത്‌. നാരകീയശക്തികള്‍ തലപൊക്കി. മലയാളികളെ ഇപ്പോള്‍ തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതി വന്നിരിക്കുന്നു.

എരുമേലിയില്‍ കന്യകാ മാതാവിന്റെ രൂപത്തില്‍ നിന്ന്‌ കണ്ണുനീര്‍ വരുന്നെന്നു കേട്ടപ്പോഴും, നട്ടുച്ചയ്‌ക്ക്‌ സൂര്യനില്‍ മാതാവിന്റെ മുഖം കണ്ടുവെന്നു പറഞ്ഞപ്പോഴും അത്‌ വിശ്വസിച്ച്‌ തടിച്ചുകൂടിയവര്‍ ഒട്ടും കുറവായിരുന്നില്ല. സൂര്യനില്‍ നോക്കി കണ്ണുപോയവരും ഏറെ.

ഏന്നാല്‍ കാര്യങ്ങളെ വസ്‌തുനിഷ്‌ടമായി അപഗ്രഥനം ചെയ്യുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. എസ്‌.കെ. പൊറ്റക്കാടും മറ്റും തുറന്നുതന്ന കാലം. അവര്‍ തുറന്നുതന്ന അകക്കണ്ണുകള്‍ ആരെക്കെയോ ചേര്‍ന്ന്‌ പിന്നീട്‌ അടപ്പിക്കുന്ന കാഴ്‌ചയാണ്‌ കണ്ടത്‌.

നാരായണ ഗുരുവില്‍ നിന്നുയര്‍ന്ന നവോത്ഥാന കാഹളം തന്റെ കാലത്തുതന്നെ പരാജയപ്പെടുന്നത്‌ അദ്ദേഹത്തിനുതന്നെ കണേണ്ടിവന്നു. മതാതീയ ആത്മീയത ആയിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ശിവഗിരി വര്‍ഗ്ഗീയവാദികളുടെ കൈയിലേക്ക്‌ പോകുന്നത്‌ അദ്ദേഹത്തിന്‌ കാണേണ്ടിവന്നു.

വിശ്വ വിജ്ഞാനകോശവും ശാസ്‌ത്രപരിഷത്തും പുരോഗമനത്തിന്റെ മറ്റൊരു പാതയിലായിരുന്നു. ശാസ്‌ത്രപരിഷത്തിന്റെ ശില്‍പിയായ പി.ടി. ഭാസ്‌കര പണിക്കര്‍ 1997-ല്‍ മരിച്ചപ്പോള്‍ ശാസ്‌ത്രബോധത്തിന്റെ സ്ഥാനത്ത്‌ മൂര്‍ഖനെപ്പോലെ ഫണമുയര്‍ത്തി നില്‍ക്കുന്ന പാരമ്പര്യവാദങ്ങള്‍ ശക്തിപ്പെട്ട കാഴ്‌ചയാണ്‌ കേരളം കണ്ടത്‌. 90-കളില്‍ പടര്‍ന്നു പന്തലിച്ച ആള്‍ദൈവങ്ങളുടെ വരവ്‌ അത്ഭുതാവഹമായി ഒരു സ്‌ത്രീ ആള്‍ദൈവം ഇപ്പോള്‍ പടര്‍ന്നു പന്തലിച്ച്‌ നില്‍ക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും വരും മറ്റൊരാള്‍. കേരളത്തിലെ സാമൂഹിക നേതൃത്വം അവരുടെയെല്ലാം കൈയില്‍ അവരോധിക്കപ്പെട്ടു. പത്രങ്ങളുടെ ഒന്നാംപേജില്‍ അവര്‍ ഒഴിയുന്ന സമയം കുറഞ്ഞു.

അമൃതാനന്ദമയിയുടെ അമ്പതാം ജന്മദിനം ആഘോഷിച്ചപ്പോള്‍ 15 ദിവസം അത്‌ പത്രങ്ങള്‍ ഒന്നാം പേജില്‍ ആഘോഷിച്ചു. എല്ലാ സാമൂഹിക-രാഷ്‌ട്രീയ നേതാക്കളും അതിനെത്തി. പിണക്കംകൊണ്ടോ അവജ്ഞകൊണ്ടോ അല്ല താനിതു പറയുന്നത്‌.പക്ഷെ ഇതൊക്കെയാണോ മലയാളിയുടെ അന്തസത്ത?

പുരോഗമന-മാനവിക-സാംസ്‌കാരിക പ്രസ്ഥാനമായിരുന്നു കമ്യൂണിസം. അവര്‍ അധികാരം തേടുന്ന പാര്‍ട്ടിയായിരുന്നില്ല. നവോത്ഥാനത്തിനൊപ്പം കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമുണ്ടായിരുന്നു.

ആ കമ്യൂണിസം ഇന്നിപ്പോള്‍ അധ:പ്പതിച്ചു. കമ്യൂണിസത്തിന്റെ ജീര്‍ണ്ണതയാണ്‌ നവോത്ഥാനത്തിന്റെ തകര്‍ച്ചയ്‌ക്ക്‌ കാരണം. അധസ്ഥിതര്‍ക്കുവേണ്ടി അവര്‍ നിന്നപ്പോള്‍ കോണ്‍ഗ്രസില്‍ പോലും കമ്യൂണിസ്റ്റ്‌ ആശയങ്ങള്‍ക്ക്‌ വേരോട്ടമുണ്ടായി. പക്ഷെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയായി മാറിയപ്പോള്‍ നവോത്ഥാനം അവര്‍ക്കുതന്നെ വിനയായി. സ്വതന്ത്രചിന്തയെ അവര്‍ ഒറ്റെപ്പെടുത്തി.

പ്രതിലോമകാരികളായ പാര്‍ട്ടികള്‍ പോലും ഇക്കാലഘട്ടത്തില്‍ ധൈഷിണികമായി കേരളത്തെ പിന്നോട്ടടിക്കാന്‍ ശ്രമിച്ചില്ല. അവര്‍ക്കും വോട്ടു മതിയായിരുന്നു. അക്കാലത്ത്‌ മതങ്ങളും ജാതികളും അവരുടെ തട്ടകങ്ങളില്‍ ഒതുങ്ങിക്കൂടി. ഒരു മതനേതാവിനോ മെത്രാനോ എല്ലാവര്‍ക്കുംവേണ്ടി പറയാന്‍ പറ്റാത്ത സ്ഥിതി. പറഞ്ഞാലാവട്ടെ ആരും കേള്‍ക്കാത്ത അവസ്ഥ.

ഇക്കാലമൊക്കെ നവോത്ഥാനം വളര്‍ത്താന്‍ മാധ്യമങ്ങള്‍ പങ്കുവഹച്ചു. പക്ഷെ വളര്‍ത്തിയവര്‍ തന്നെ അത്‌ തകര്‍ന്ന കാഴ്‌ചയാണ്‌ പിന്നീട്‌ കണ്ടത്‌.

എന്‍.എന്‍. പിള്ളയെപ്പോലെ വിപ്ലവകരമായ ആശങ്ങള്‍ പ്രചരിപ്പിച്ച നാടകാചാര്യന്‍ ഇന്ന്‌ കേരളത്തില്‍ ഓര്‍മിക്കപ്പെടുന്നുപോലുമില്ലെന്നതാണ്‌ ദുഖസത്യം. ഗൃഹാതുരത്വമൊന്നും എനിക്കില്ല. നാരായണഗുരുവും ഇടമറുകുമൊക്കെ ജീവിച്ച നാട്ടിലാണ്‌ ആള്‍ദൈവത്തിന്റെ പിറന്നാള്‍ ആഘോഷമായി ഒന്നാം പേജിനെ നിറയ്‌ക്കുന്നത്‌. മനോരമ കേരളത്തിന്റെ അറുപതാം വര്‍ഷം പ്രമാണിച്ച്‌ ആറുപത്‌ വ്യക്തികളെ തെരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ്‌ നടത്തിയപ്പോള്‍ അമൃതാനന്ദമയിയുടെ പേര്‌ 15 തവണയാണ്‌ വന്നത്‌. മോഹന്‍ലാലിനെപ്പോലുള്ളവരായിരുന്നു അവരെ നോമിനേറ്റ്‌ ചെയ്‌തത്‌.

ഏതുവിധത്തിലാണ്‌ അവര്‍ കേരളം കണ്ട ഏറ്റവും വലിയ വ്യക്തിയായത്‌? അങ്ങനെയെങ്കില്‍ അത്‌ എങ്ങനെ സംഭവിച്ചു.

ബുദ്ധിജീവികള്‍ പാരമ്പര്യത്തിന്റേയും പ്രതിലോമതകളുടേയും വക്താക്കളായി. വര്‍ഗ്ഗീയവാദിയാകുന്നതില്‍ ചിലര്‍ പരസ്യമായി അഭിമാനംകൊള്ളുന്നു. ആര്‍.എസ്‌.എസുകാരനെന്നു പറഞ്ഞതില്‍ അഭിമാനംകൊണ്ടു മഹാകവി അക്കിത്തം. മഹാ കവിക്ക്‌ അഭിമാനംകൊള്ളാമെങ്കില്‍ തനിക്കെന്തുകൊണ്ട്‌ പറ്റില്ലെന്ന്‌ പുതുതലമുറ ചിന്തിക്കും. അത്‌ അവരുടെ വിശ്വാസം എന്നു പറയാം. പക്ഷെ അവര്‍ മഹാപര്‍വ്വതം പോലെ നില്‍ക്കുന്നവരാണ്‌. ഗാന്ധിജിയെ ഒരു വര്‍ഗ്ഗീയവാദിയായി ചിന്തിച്ചു നോക്കൂ?

സമൂഹ മനസാക്ഷിയായി നിന്ന പത്രങ്ങള്‍ സങ്കുചിതത്വത്തെ പ്രോത്സാഹിപ്പിക്കുകയും മുതലെടുക്കുകയും ചെയ്‌തു. മാധ്യമങ്ങള്‍ വിട്ടുകൊടുത്ത വഴിയെ ജനങ്ങളും മുന്നേറിയ ഉദാഹരണമാണ്‌ അജ്ഞാതമായിക്കിടന്ന ആറ്റുകാല്‍ പൊങ്കാല ഇന്ന്‌ മഹാസംഭവമായി മാറിയത്‌. മാതൃഭൂമി തിരുവനന്തപുരത്ത്‌ എഡിഷന്‍ തുടങ്ങിയപ്പോള്‍ മൂന്നു സ്ഥാപനങ്ങളെ വളര്‍ത്തിവിടാനാണ്‌ ശ്രമിച്ചത്‌. ഭീമാപള്ളി, വെട്ടുകാട്‌ പള്ളി, ആറ്റുകാല്‍ പൊങ്കാല. അതില്‍ പൊങ്കാല വിശ്വസിക്കാനാകാത്ത രീതിയില്‍ ശക്തിപ്പെട്ടു. ദൈവങ്ങളുടെ വളര്‍ച്ചയ്‌ക്കുവരെ മാധ്യമം വഴിവെച്ചു.

പത്രം വിറ്റഴിക്കാനുള്ള തന്ത്രങ്ങള്‍ അധ:പതനത്തിലേക്കാണ്‌ കേരളത്തെ നയിച്ചത്‌. രാഷ്‌ട്രീയക്കാരേക്കാള്‍ മാധ്യമങ്ങളാണ്‌ അതിനു കാരണം. ഇന്നലെവരെ നമ്മോടുകൂടി നടന്ന, നമ്മോട്‌ വോട്ട്‌ വാങ്ങി ജയിച്ച വ്യക്തി മന്ത്രിയായാല്‍ എന്തോ പ്രത്യേക ആളായി മാറിയെന്ന രീതിയിലാണ്‌ പത്രങ്ങള്‍ എഴുതുന്നത്‌. മന്ത്രി ട്രാന്‍സ്‌പോര്‍ട്ട്‌ ബസില്‍ കയറിയാല്‍ ഒരപൂര്‍വ്വ കാഴ്‌ചയായി ജനം തടിച്ചുകൂടുന്നത്‌ ഉദാഹരണം. ഇത്തരം കാഴ്‌ചപ്പാട്‌ ജനത്തിന്‌ മാധ്യമങ്ങള്‍ പകര്‍ന്ന്‌ നല്‍കിയതിനാലാണിത്‌. ചുരുക്കത്തില്‍ മാധ്യമങ്ങള്‍ ജയിച്ചു. ജനം തോറ്റു.

പത്രങ്ങള്‍ ചെയ്‌ത ചില നന്മകളുമുണ്ട്‌. സജീവമായ വായന പ്രോത്സാഹിപ്പിക്കുന്നതാണ്‌ ഒന്ന്‌. സ്‌ത്രീകളെപ്പറ്റിയുള്ള പ്രസിദ്ധീകരണങ്ങള്‍ ഉപരിപ്ലവമെങ്കില്‍ കൂടി അവരില്‍ പ്രത്യേക അവബോധമുണര്‍ത്തി.

പക്ഷെ, പത്രക്കാര്‍ക്ക്‌ രാഷ്‌ട്രീയക്കാരേയും മതനേതാക്കളേയുമൊക്കെ ചോദ്യംചെയ്യാമായിരുന്നു. അതവര്‍ ചെയ്‌തില്ല. മണ്ണുണ്ണികളെപ്പോലും അവര്‍ മഹാപുരുഷന്മാരാക്കി.

മാധ്യമങ്ങള്‍ വേട്ടനായ്‌ക്കളെപ്പോലെ വേട്ടയാടുകയും മുയലിനൊപ്പം ഓടുകയും ചെയ്യുന്നവരായി. നമ്മിലൊരാളാകേണ്ടവര്‍ നമ്മുടെ ശത്രുക്കളായി.

മാധ്യമരംഗത്തേക്ക്‌ വരുന്നവരാകട്ടെ വെറും ഭാഗ്യാന്വേഷികളായി മാറി. ആരുടെ കഴുത്തുവെട്ടിയാലും വാര്‍ത്ത കിട്ടണമെന്നു മാത്രമായി അവരുടെ ചിന്ത.

മാധ്യമങ്ങളുടെ ഈ പോക്കിന്‌ കാരണം മാര്‍ക്കറ്റ്‌ ഫോര്‍ഴ്‌സ്‌ ആണെന്ന്‌ മറ്റൊരു പ്രാസംഗികനായ ഡോ. എം.വി. പിള്ള ചൂണ്ടിക്കാട്ടി. നിലനില്‍പ്പിനുവേണ്ടിയുള്ള നെട്ടോട്ടത്തില്‍ മൂല്യങ്ങള്‍ക്ക്‌ പ്രാധാന്യം കുറഞ്ഞു.

സംഘാടനകനായ മനോഹര്‍ തോമസ്‌ മോഡറേറ്ററായിരുന്നു. മാധ്യമ പ്രവര്‍ത്തകരായ ജോസ്‌ തയ്യില്‍, ജോസ്‌ കാടാപ്പുറം, ടാജ്‌ മാത്യു, ജോര്‍ജ്‌ ജോസഫ്‌, എഴുത്തുകാരായ നിര്‍മല, ത്രേസ്യാമ്മ നടാവള്ളി., ഷീല ടീച്ചര്‍, പീറ്റര്‍ നീണ്ടൂര്‍, ജോണ്‍ ഇളമത, ജയന്‍ കാമിച്ചേരില്‍ തുടങ്ങി ഒട്ടേറെപ്പേര്‍ സംസാരിച്ചു.

see also:

http://emalayalee.us/varthaFull.php?newsId=1618

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക