Image

നെഞ്ചിലെ നൊമ്പരപ്പൊട്ട് (സുദീപ്കുമാര്‍, ഗായകന്‍) മീട്ടു റഹ്മത് കലാം

Published on 19 June, 2018
നെഞ്ചിലെ നൊമ്പരപ്പൊട്ട് (സുദീപ്കുമാര്‍, ഗായകന്‍) മീട്ടു റഹ്മത് കലാം
തൊണ്ണൂറുകളുടെ തുടക്കം. വനിതാ ക്ഷേമ ഓഫീസറായി അമ്മയ്ക്ക് ട്രാന്‍സ്ഫര്‍ കിട്ടിയതോടെയാണ് ആലപ്പുഴ എസ്.ഡി. കോളേജില്‍ എന്റെയൊപ്പം ജയറാം ബി.എയ്ക്ക് ചേര്‍ന്നത്. ഇടത്തരം കുടുംബങ്ങളില്‍ നിന്നെത്തിയ ഞങ്ങളൊക്കെ കൗതുകത്തോടെയാണ് അവനെ നോക്കിയിരുന്നത്. ഫിലിം സ്റ്റാര്‍സ് മാത്രം ഇട്ട് കണ്ടിട്ടുള്ള ബ്ലൂമെന്‍ ബ്രാന്‍ഡിന്റെ ഷര്‍ട്ടും ജീന്‍സും ഹീറോ ഹോണ്ട ബൈക്കും ഒക്കെയായി അടിമുടി ട്രെന്‍ഡി. അവന്റെ കൂട്ടുകാരനാകുന്നത് ഭാഗ്യമായി കണ്ടിരുന്ന സമയത്ത് നിയോഗം പോലെ അതിനുമപ്പുറമൊരു ബന്ധം ഞങ്ങള്‍ക്കിടയില്‍ ഉടലെടുത്തു.

എത്ര ദൂരെയുള്ള ഗാനമേളകള്‍ക്കും ഉത്സവ പരിപാടികള്‍ക്കും ഏതു പാതിരാത്രി വേണമെങ്കിലും ജയറാം ബൈക്കിന്റെ പിന്നിലിരുത്തി സമയത്ത് എന്നെ എത്തിച്ചിരുന്നത് ആ സമയത്ത് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്. കോളേജ് ഇലക്ഷന് എനിക്കുവേണ്ടി ഏറ്റവും കൂടുതല്‍ വോട്ട് പിടിച്ചുതന്നതും അവനാണ്. എസ്.എഫ്. ഐ യുടെ പാനലില്‍ മത്സരിച്ചു എന്നല്ലാതെ പോസ്റ്റര്‍ ഒട്ടിക്കല്‍ മുതല്‍ എല്ലാക്കാര്യങ്ങളും ജയറാമിന്റെ മേല്‍നോട്ടത്തിലായിരുന്നു.

സംസ്ഥാന വ്യാപകമായി വിദ്യാര്‍ത്ഥി സമരം നടക്കുമ്പോള്‍ ഞാന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനാണ്. ഗാനമേള കഴിഞ്ഞ് വൈകിയെത്തിയതുകൊണ്ട് സമരമാണല്ലോ എന്ന് കരുതി കോളേജില്‍ പോകാതെ ജയറാമിനൊപ്പമിരുന്ന് ടിവിയില്‍ ഇന്ത്യപാക് ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരുന്നപ്പോള്‍ ആരോ വാതിലില്‍ മുട്ടി. സമരം കഴിഞ്ഞ് പ്രകടനം നടത്തിയ കുറച്ച് വിദ്യാര്‍ത്ഥികള്‍ കോളേജിന്റെ മുന്‍ ഗെയ്റ്റില്‍ കിടന്ന ജീപ്പ് കത്തിച്ചത്രേ. അന്നത്തെ വിദ്യാര്‍ത്ഥിനേതാക്കളെ പ്രതിചേര്‍ത്ത് പോലീസ് കേസ് എടുത്തു. പ്രതിപ്പട്ടികയില്‍ എന്റെ പേരും ഉണ്ടെന്ന് അറിയിക്കാന്‍ ഡിപ്പാര്‍ട്ടമെന്റ് ഹെഡ് പറഞ്ഞുവിട്ടതാണ് അവരെ. എല്ലാം ഒന്ന് കെട്ടടങ്ങും വരെ മാറിനില്‍ക്കുന്നതാണ് ബുദ്ധിയെന്നും ഉപദേശിച്ചു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ കേസെന്ന് കേട്ട് ഞാനൊന്ന് പതറി. ജയറാം പറഞ്ഞു: ''വലിയഴീക്കലേക്ക് വിട്ടാലോ... ഒരു കുഞ്ഞും അങ്ങോട്ടേക്ക് വരില്ല. '' അതവന്റെ ജന്മസ്ഥലമാണ്. കായംകുളം കായലിനക്കരെ. ഒളിവുജീവിതത്തിനു പേരുകേട്ട സ്ഥലമാണ്. വലിയ നേതാക്കളൊക്കെ അവിടെ അങ്ങനെ താമസിച്ചിട്ടുണ്ട്. കായലിനടുത്ത് പോലീസ് എത്തുമ്പോള്‍ ആരെങ്കിലും അക്കരെ ചെന്ന് ദൂതറിയിച്ച് രക്ഷപ്പെട്ട കഥകള്‍ കൂടി കേട്ടപ്പോള്‍ രണ്ടാമതൊന്നു ചിന്തിച്ചില്ല. വീട്ടില്‍ നിന്ന് രണ്ടുമൂന്ന് ജോഡി ഡ്രസ്സ് പായ്ക്ക് ചെയ്ത് ജയറാമിന്റെ ബൈക്കില്‍ ഞങ്ങള്‍ പുറപ്പെട്ടു. അവന്‍ തൊപ്പി കൊണ്ടും ഞാന്‍ ഹെല്‍മെറ്റ് കൊണ്ടും മുഖം മറച്ചു. പന്ത്രണ്ട് ദിവസം ഞങ്ങളവിടെ ഒളിവില്‍ കഴിഞ്ഞു. കുളളന്‍തെങ്ങില്‍ നിന്ന് കരിക്കിട്ടു കുടിച്ചും പുഴമീന്‍ പിടിച്ചുമൊക്കെ അക്ഷരാര്‍ത്ഥത്തില്‍ ആ ദിവസങ്ങള്‍ ആസ്വദിച്ചു. കരുനാഗപ്പള്ളിയിലെ തിയറ്ററില്‍ പോയി സിനിമയും കണ്ടു ജോളി ലൈഫ്! ആ സമയം മറ്റുപ്രതികളെ കൂടി അറസ്റ്റ് ചെയ്ത് പോലീസ് കേസ് €ോസ് ചെയ്തു.

ചെറുപ്പത്തിലേ ബിസിനസ് ചെയ്ത് സെറ്റില്‍ഡായതോടെ അവനെ പെണ്ണ് കെട്ടിച്ചാല്‍ കൊള്ളാമെന്ന് അവന്റെ അമ്മ ആദ്യം സൂചിപ്പിച്ചത് എന്നോടാണ്. നല്ലൊരു ആലോചന വന്നപ്പോള്‍ ഞങ്ങള്‍ രണ്ടുംകൂടി ചെന്ന് കണ്ടു, ഇഷ്ടപ്പെട്ടു, പെട്ടെന്ന് തന്നെ വിവാഹവും നടന്നു.

ഇടയ്ക്ക് ഭാര്യയുമായി വീട്ടില്‍ വന്ന് ഞാന്‍ അടുത്ത് പാടിയ കാസറ്റ് ഏതാണെന്നൊക്കെ ചോദിച്ച് എന്റെ കൈയില്‍നിന്നത് വാങ്ങിക്കൊണ്ടുപോയി. ഒരാഴ്ചയ്ക്ക് ശേഷം മറ്റൊരു സുഹൃത്തിനൊപ്പം നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ ആലപ്പുഴയില്‍ വന്നപ്പോള്‍ എന്റെയൊപ്പമിരുന്ന് പ്രാതല്‍ കഴിച്ചു പിരിഞ്ഞതാണ്. എനിക്കന്ന് എറണാകുളത്തൊരു പരിപാടി ഉണ്ടായിരുന്നതുകൊണ്ട് ഒപ്പം പോയില്ല.

ബോട്ടിന്റെ പുറത്തിരുന്ന് ഫോട്ടോ എടുത്ത് അടിച്ചുപൊളിച്ച് ഭാര്യവീട്ടിലേക്ക് പോയതാണ് ജയറാം. അവന് ആക്‌സിഡന്റ് ആയെന്ന വാര്‍ത്തയാണ് പിറ്റേന്ന് രാവിലെ കേട്ടത്. വിവരം അറിഞ്ഞയുടന്‍ തന്നെ ഞാന്‍, കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെട്ടു. അപ്പോഴേക്കും എല്ലാം കഴിഞ്ഞു. അവസാനമായി ഞാനവന്റെ കാലില്‍ തൊട്ടുനോക്കിയപ്പോള്‍ ചെറിയ ചൂട് അനുഭവപ്പെട്ടു. ജീവന്‍ ആ ശരീരം വിട്ടുപോയിട്ട് അധികനേരം ആയില്ലെന്നെനിക്ക് മനസിലായി. അവനില്‍ അവശേഷിച്ച ചൂടില്‍ എന്റെ നെഞ്ചകം പൊള്ളി.

ജയറാമിന്റെ മരണാനന്തരകര്‍മ്മങ്ങളില്‍ സജീവമായി നിന്നപ്പോള്‍ കല്ല്യാണച്ചടങ്ങുകള്‍ക്ക് ഓടിനടന്നതൊക്കെ സിനിമയിലെ രംഗങ്ങള്‍പോലെ ഓര്‍മ്മയുടെ ക്യാന്‍വാസില്‍ തെളിഞ്ഞു നിന്നെന്നെ കുത്തിനോവിച്ചു.

സഞ്ജയനത്തിന്റെ അന്ന് ഞാന്‍ വീട്ടില്‍ച്ചെന്ന് അവന്റെ അമ്മയെ കണ്ടു. മരണശേഷം, ആരും കയറാതിരുന്ന മുറിയില്‍ ഞാന്‍ കാലെടുത്തുവെച്ചതും അവന്റെ ആത്മാവ് അവിടെ ഉള്ളതായി തോന്നി. എന്റെ പാട്ടുകളാണ് അവസാനമായി അവന്‍ കേട്ടിരുന്നതെന്നു പറഞ്ഞ് അമ്മ വിതുമ്പി. ടേപ്പ് റെക്കോര്‍ഡറിന്റെ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ എന്റെ പാട്ട്. അത് കേട്ടതും മനസ്സൊന്നു വിങ്ങി. ഇപ്പോഴും ഉള്ളിലൊരു നൊമ്പരപ്പൊട്ടാണ് ആ കൂട്ടുകാരന്‍.

കടപ്പാട്: മംഗളം
നെഞ്ചിലെ നൊമ്പരപ്പൊട്ട് (സുദീപ്കുമാര്‍, ഗായകന്‍) മീട്ടു റഹ്മത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക