Image

ഉത്തര്‍പ്രദേശില്‍ വീണ്ടും പശുക്കടത്ത്‌ ആരോപിച്ച്‌ ഒരാളെ തല്ലിക്കൊന്നു

Published on 20 June, 2018
ഉത്തര്‍പ്രദേശില്‍ വീണ്ടും  പശുക്കടത്ത്‌ ആരോപിച്ച്‌ ഒരാളെ തല്ലിക്കൊന്നു
പശുക്കടത്തുകാരനെന്ന്‌ ആരോപിച്ച്‌ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. മറ്റൊരാള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശില ഹാപൂരിലെ പിലഖുവയില്‍ തിങ്കളാഴ്‌ചയാണ്‌ സംഭവമെന്ന്‌ റിപ്പോര്‍ട്ടുകള്‍. 45കാരനായ കാസിം, 65 കാരനായ സമായുദ്ധീന്‍ എന്നിവരാണ്‌ ആക്രമണത്തിനിരയായത്‌. കാസിം ആശുപത്രിയില്‍ വെച്ച്‌ മരിച്ചു. സമായുദ്ധീന്‍ ചികിത്സയിലാണുള്ളത്‌.

ഈ കൊലപാതകം പശു വിഷയമല്ലെന്നും, അയല്‍ ഗ്രാമത്തിലെ ചിലരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണെന്നുമാണ്‌ പൊലീസ്‌ നിലപാട്‌. എന്നാല്‍ പശുക്കടത്ത്‌ ആരോപിച്ചാണ്‌ ഇവരെ മര്‍ദിച്ചതെന്ന്‌ മരിച്ചയാളുടെ കുടുംബത്തെയും പ്രതികളേയും ഉദ്ധരിച്ച്‌ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

മര്‍ദ്ദനത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്‌. വീഡിയോ എടുക്കുന്നയാള്‍ ആക്രമണം നിര്‍ത്താനും ഖാസിമിന്‌ വെള്ളം കൊടുക്കാനും ആവശ്യപ്പെടുന്നുണ്ട്‌. `അവനെ ആക്രമിച്ചത്‌ മതിയാക്കൂ. ഇതിന്‍െറ പരിണതഫലങ്ങള്‍ മനസ്സിലാക്കൂ' എന്ന്‌ ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാള്‍ പറയുന്നുണ്ട്‌.

`ഞങ്ങള്‍ രണ്ടു മിനുട്ടിനുള്ളില്‍ എത്തിയില്ലായിരുന്നെങ്കില്‍ ആ പശുവിനെ അറുത്തു കൊല്ലുമായിരുന്നു', `അവന്‍ കശാപ്പുകാരനാണ്‌. അവന്‍ കാലികളെ കൊല്ലുന്നതെന്തിനാണെന്ന്‌ ചോദിക്കണം' എന്നിങ്ങനെയുള്ള സംഭാഷണങ്ങള്‍ വീഡിയോയില്‍ ഉണ്ട്‌. ആക്രമണത്തിനിടെ ഖാസിം നിലത്ത്‌ വീഴുന്നതും. ഖാസിമിന്‌ വെള്ളം നല്‍കാന്‍ ആരും തയ്യാറാകുന്നില്ലയെന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക