Image

ഗവര്‍ണര്‍ ഭരണം കശ്മീരിലെ സൈനിക നടപടികളെ ബാധിക്കില്ലെന്ന് ബിപിന്‍ റാവത്ത്

Published on 20 June, 2018
ഗവര്‍ണര്‍ ഭരണം കശ്മീരിലെ സൈനിക നടപടികളെ ബാധിക്കില്ലെന്ന് ബിപിന്‍ റാവത്ത്
ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത് സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കി. കശ്മീരില്‍ ഭീകരവാദ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ പഴയതുപോലെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'റംസാന്‍ സമയത്ത് മാത്രമാണ് താഴ്‌വരയില്‍ ഞങ്ങള്‍ സൈനിക നടപടികള്‍ നിര്‍ത്തിവെച്ചത്. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത് ഞങ്ങളുടെ നീക്കങ്ങളെ ബാധിക്കില്ല. ഞങ്ങള്‍ സൈനിക ഓപ്പറേഷന്‍ തുടരും. യാതൊരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളും നേരിടുന്നില്ല,' ബിപിന്‍ റാവത്ത് വ്യക്തമാക്കി. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് കശ്മീരില്‍ റംസാനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ കേന്ദ്രം പിന്‍വലിച്ചത്.

ബിജെപി പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ മെഹബൂബ മുഫ്തിയുടെ നേൃത്വത്തിലുള്ള പിഡിപി സര്‍ക്കാര്‍ ന്യൂനപക്ഷമായതോടെയാണ് ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പുവച്ചത്. ഇന്നലെയാണ് പിഡിപി സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് ബിജെപി അറിയിച്ചത്. ഇതോടെ ന്യൂനപക്ഷമായ മെഹബൂബ സര്‍ക്കാരിന് പിന്തുണ നല്‍കില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു.

പിഡിപിയുടെ എതിരാളികളായ നാഷണല്‍ കോണ്‍ഫറന്‍സുമായാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് സഖ്യത്തിലുള്ളത്. സര്‍ക്കാരില്‍ തുടരാനുള്ള ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായതോടെ മെഹ്ബുബ മുഫ്തി രാജിക്കത്ത് നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ ഒരുകക്ഷിക്കും സര്‍ക്കാരുണ്ടാക്കാനാകില്ലെന്ന് ഗവണര്‍ എന്‍എന്‍ വോറ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. ഇത് പരിഗണിച്ച കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍ ഭരണമേര്‍പ്പെടുത്താന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക