Image

ആലീസിന്റെ ലോകസഞ്ചാരങ്ങള്‍ (ഉഷ .എസ്)

Published on 20 June, 2018
ആലീസിന്റെ ലോകസഞ്ചാരങ്ങള്‍ (ഉഷ .എസ്)
ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ല എന്ന വിധിവാചകം കണ്ടപ്പോള്‍ എന്തുകൊണ്ടോ എന്റെ മനസ്സിലേക്കോടി വന്നത് ആലീസിന്റെ മുഖമാണ്. ഞങ്ങള്‍ സ്ത്രീകളുടെ പ്രതിമാസചര്‍ച്ചയ്ക്കിടയിലാണ് അവള്‍ ആദ്യമായി എന്നെ തേടിയെത്തിയത്. ചര്‍ച്ച തീരുവോളം എല്ലാം കേട്ടും അഭിപ്രായം പറഞ്ഞ് ചര്‍ച്ചയെ കൊഴുപ്പിച്ചും അവളിരുന്നു.

പതിവു പരാതി തന്നെയാണ് അവള്‍ക്കുമുണ്ടായിരുന്നത്. മദ്യപാനവും ശാരീരിക മാനസിക പീഡനങ്ങളും. ശരീരത്തിലെ പീഡനാടയാളങ്ങളില്‍ ചിലത് കാട്ടുകയും ചെയ്തു. എന്നാല്‍ പീഡനമേറ്റു വാങ്ങുന്ന സാധാരണ സ്ത്രീകളുടെ ശരീരഭാഷ അവള്‍ക്കുണ്ടായിരുന്നില്ല. വൃത്തിയായ വസ്ത്രധാരണം. ചീകിയൊതുക്കിക്കെട്ടിയ മുടി. മുഖത്ത് ദു:ഖമോ നിസ്സംഗതയോ ഒന്നുമില്ല. ഒരു കൂസലില്ലായ്മ മാത്രം. താന്‍ നേരിടുന്ന മദ്യപാനിയും സംശയരോഗിയുമായ ഭര്‍ത്താവിന്റെ പീഡനങ്ങള്‍ വിവരിക്കുന്നത് മറ്റാരുടെയോ അനുഭവങ്ങള്‍ വിവരിക്കുന്ന മാതിരി. ഇപ്പോള്‍ വീട് വിട്ട് പോന്നിരിക്കുകയാണ്. അന്ന് ഷോര്‍ട്ട് സ്‌റ്റേ ഹോം ഇല്ല. എവിടെ ഇവരെ താമസിക്കും എന്ന ആശങ്കയില്‍ ഞാന്‍.

"ചേച്ചി അതോര്‍ത്ത് വിഷമിക്കേണ്ട. ഞാന്‍ ധ്യാനഭവനില്‍ നിന്നോളാം. രണ്ടുദിവസത്തിനകം എവിടെയെങ്കിലും അയാളറിയാതെ താമസിക്കുവാനുളള അവസരം ഉണ്ടാക്കി തന്നാല്‍ മതി." കിടപ്പുരോഗികളെ നോക്കി പരിചയമുണ്ടത്രേ. അടുത്ത ദിവസം വരാമെന്നു പറഞ്ഞ് ആലീസ് യാത്രയായി.

അവളെ നേരത്തെ വിഷമഘട്ടങ്ങളില്‍ സഹായിച്ചുവെന്നു പറഞ്ഞ ആള്‍ ഞങ്ങളുടെ പ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തെ വിളിച്ച് വിവരം തെരക്കി. സാധാരണ ഒരു കേസ്സല്ലെന്നും ഏറ്റെടുക്കുന്നത് റിസ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. ദേഹോപദ്രവം സഹായിക്കാതുളള ഇറങ്ങിപ്പോകലിന് അവരെ സഹായിച്ചുവെന്ന പേരില്‍ ആ
വന്ദ്യവയോധികന്‍ ഇപ്പോഴും അവരുടെ ഭര്‍ത്താവിന്റെ നോട്ടപ്പുളളിയാണത്രേ!ആലീസിനെ സഹായിക്കുന്നവരെയെല്ലാം നാണം കെടുത്തുന്ന വിധം ആക്ഷേപിക്കലാണത്രേ അയാളുടെ രീതി. സഹായിക്കുന്നത് പുരുഷന്മാരാണെങ്കില്‍ അവിഹിത കഥകള്‍ കൊണ്ട് തേജോവധം ചെയ്തു കളയും. ഇപ്പോള്‍ തന്നെ അവരെ കാണാനില്ലെന്ന് അയാള്‍ പരാതി കൊടുത്തു കഴിഞ്ഞു. പോലീസ് സ്‌റ്റേഷനില്‍ വിളിച്ചപ്പോള്‍ അവരെ കൊണ്ടുവന്ന് ഹാജരാക്കിയിട്ട് കൊണ്ടു പൊക്കോളാന്‍.

അങ്ങനെ പിറ്റേ ദിവസം തന്നെ അവളെ സ്‌റ്റേഷനില്‍ ഹാജരാക്കി രേഖകളില്‍ ഒപ്പിടുവിച്ച് കൊണ്ടു പോന്നു. ഡൊമിസ്റ്റിക്ക് വയലന്‍സ് ആക്ടനുസരിച്ച് നിലവില്‍ അയാള്‍ക്കെതിരേ കേസ്സുണ്ട്. പോലീസുകാരും ഇവരെക്കൊണ്ട് മടുത്തിരുന്നു. കാര്യമായി തീരുമാനം എടുക്കുന്ന സമയത്ത് ആലീസ് ആരു പറയുന്നതും കേള്‍ക്കാതെ അയാളുടെ കൂടെ വീണ്ടും പോവും. പിന്നെ വീണ്ടും അടുത്ത വഴക്ക്.

ഇതിനിടെ ഹോംനഴ്‌സിങ് സ്ഥാപനം നടത്തുന്ന എന്റെ ഒരു കൂട്ടുകാരിയെ വിളിച്ച് അവളെ ഏല്‍പ്പിച്ചിരുന്നു. അവള്‍ നേരത്തെ വര്‍ക്കു ചെയ്ത സ്ഥാപനത്തില്‍ വിളിച്ചപ്പോള്‍ അവര്‍ക്ക് നല്ല അഭിപ്രായം തന്നെ. കൂട്ടുകാരിയ്ക്കും രണ്ടു ദിവസം കൊണ്ട് അവളെ പിടിച്ചു. പിന്നെ രോഗീപരിചരണത്തിനായി പുതിയ വീട്ടിലേയ്ക്ക്. അവിടെയും നല്ല അഭിപ്രായം തന്നെ. ഇതിനിടയില്‍ ഒത്തുതീര്‍പ്പിനായുളള പോലീസ് സമ്മര്‍ദ്ദം. ഇനി ഭര്‍ത്താവിന്റെ കൂടെ ഒരു വീട്ടില്‍ കഴിയാന്‍ പറ്റില്ല. സ്വര്‍ണ്ണം വിറ്റ് അവളുടെ പേരില്‍ വാങ്ങിച്ച സ്ഥലത്ത് പഞ്ചായത്തിന്റെ വീടിനപേക്ഷ കൊടുത്തിട്ടുണ്ട്. അതിന് തടസ്സം നില്‍ക്കാന്‍ പറ്റില്ല. അവളെ ഉപദ്രവിക്കാനും പറ്റില്ല. ഇപ്രാവശ്യം പോലീസുകാര്‍, അയല്‍ക്കാര്‍, സ്ഥാപനങ്ങള്‍ എല്ലായിടത്തു നിന്നും വിശദവിവരങ്ങള്‍. വര്‍ഷങ്ങളായി എന്നും വീട്ടില്‍ വഴക്കും മര്‍ദ്ദനവും തന്നെ. അയല്‍ക്കാര്‍ക്ക് വലിയ ശല്യം.

മെലിഞ്ഞ ചെറിയ മനുഷ്യന്‍. അതിരു കവിഞ്ഞ വിനയം. കരയാനും കാലുപിടിക്കാനുമൊന്നും മടിയില്ല. അതുപോലെ തൊട്ടടുത്ത നിമിഷം വഴക്കും ശാപവും തെറിവിളിയും. ദേഷ്യം വരുമ്പോള്‍ അയാളുടെ ചെറുശരീരം വലുപ്പം വയ്ക്കുന്നതും മുഖം രാക്കഷസഭാവം കൈക്കൊള്ളുന്നതും ഞാന്‍ കണ്ടു. അപ്പോള്‍ ആലീസിന്റെ മുഖത്ത് വല്ലാത്ത ഭീതി നിറയുന്നതും. അതായിരിക്കാം കൈയ്യാങ്കളിയുടെ തുടക്കം.

വഴക്കു വലുതാകുമ്പോള്‍ ഒരു ബിഗ്‌ഷോപ്പറില്‍ വസ്ത്രങ്ങളും സ്ഥലത്തിന്റെ ആധാരവും റേഷന്‍കാര്‍ഡും എടുത്ത് നേരത്തെ പറഞ്ഞ സ്ഥാപനത്തില്‍ കൊണ്ടു വെച്ചിരിക്കും. പിന്നെ പെട്ടെന്ന് എല്ലാവരുടേയും കണ്ണു വെട്ടിച്ചൊരു മുങ്ങല്‍. ഏതെങ്കിലും കോണ്‍വെന്റിലോ ധ്യാന ഭവനിലോ തല്ക്കാലവാസം. സുരക്ഷിതസ്ഥാനം കിട്ടിക്കഴിഞ്ഞാല്‍ ബിഗ്‌ഷോപ്പര്‍ വന്നെടുക്കും. ഇതാണ് ആലീസിന്റെ രീതിഏതാണ്ട് ഇരുപത്തിയഞ്ചു വര്‍ഷത്തെ ദാമ്പത്യകാലത്തിനുളളില്‍ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും സഞ്ചരിച്ചു കഴിഞ്ഞിരുന്നു. ഇടയ്ക്ക് കോണ്‍വെന്റൂ വഴി കേരളത്തിനു പുറത്തും. പോലീസ് സ്‌റ്റേഷന്‍, വനിതാ സെല്‍, വനിതാ കമ്മീഷന്‍ അങ്ങനെ കേസ്സുകളനവധി. എല്ലാ ലോപോയ്ന്റും കാണാപാഠം. കേസ്സുകെട്ടടങ്ങിയ ഫയല്‍ രണ്ടൂപേരും വല്യ നിധി പോലെ സൂക്ഷിക്കുന്നു.

ഈ വഴക്കിനിടയില്‍ എങ്ങനെയോ വളര്‍ന്ന രണ്ടു മക്കള്‍. കോണ്‍വെന്റിലായിരുന്ന മോള്‍ വീട്ടിലുണ്ട്. അവളുടെ വിവാഹക്കാര്യത്തില്‍ മാത്രം ഏതായാലും രണ്ടുപേരും യോജിപ്പ്. അവള്‍ സ്‌നേഹിക്കുന്ന ആള്‍ മതം മാറി വന്നാല്‍ കല്യാണം നടത്താമത്രേ. അപ്പോഴും അന്യ നാട്ടുകാരനായ അയാളുടെ വീടോ ജീവിതസാഹചര്യമോ സ്വഭാവമോ ഒന്നും അവര്‍ക്കറിയേണ്ട. മതം മാത്രമാണ് പ്രശ്‌നം. മകന്‍ പഠനമൊക്കെ നിര്‍ത്തി അച്ഛന്റെ പാതയില്‍.

അച്ഛന്റേയും അമ്മയുടേയും വഴക്കില്‍ മനം മടുത്ത പാവം കുട്ടികള്‍. പരസ്പരമുളള ആരോപണങ്ങളും കേസ്സുകളും കൊണ്ട് അവര്‍ ആകെ അപമാനിതരായിരിക്കുന്നു. അമ്മ അടുത്ത പറമ്പില്‍ വീടു വയ്ക്കുന്നതിന് അവര്‍ക്കും സമ്മതം.

ഇതിനിടെ മോള്‍ കൊണ്ടുവന്ന ചായയെടുത്ത് ഭര്‍ത്താവ് ഭാര്യയ്ക്ക് കൊടുക്കുന്നു. ഭാര്യയുടെ കണ്‍കോണുകളില്‍ നാണം എത്തി നോക്കുന്നോ? നീ എവിടെയാണെന്ന് പറഞ്ഞിട്ടെങ്കിലും പോടീ എന്നു കെഞ്ചി അയാള്‍ ഞങ്ങളുടെ പിന്നാലെ ബസ്സ് സ്‌റ്റോപ്പു വരെ.

ഏതാണ്ട് ആറുമാസത്തോളം എന്റെ ദിനങ്ങള്‍ ആലീസിനു പിന്നാലെയായിരുന്നു. അവള്‍ ജോലി ചെയ്ത് പൈസയുണ്ടാക്കുകയും ഇടയ്ക്കിടെ കൂടുതല്‍ സുന്ദരിയായി എന്നെ സന്ദര്‍ശിക്കാനായി വരികയും ചെയ്തു. പക്ഷേ എന്റെ ദിനങ്ങള്‍ അയാളെക്കൊണ്ട് ശല്യം നിറഞ്ഞതായി. എല്ലാ ദിവസവും പല പ്രാവശ്യം ഫോണ്‍കോളുകള്‍. ഇടയ്ക്ക് സന്ദര്‍ശനം. ആദ്യം കരച്ചില്‍. പിന്നെ ശാപം. അവസാനം എന്റെ ഭര്‍ത്താവിന്റെ നമ്പരെടുത്ത് അങ്ങോട്ടായി ശല്യം. അയാളുടെ കുടുംബം ഞാന്‍ തകര്‍ത്തുവെന്നായി ആരോപണം. ഇതിനിടെ അവരുടെ മകനൈ തുടര്‍ പഠനത്തിന് സ്ക്കൂളിലെത്തിക്കാനും ഒന്നിച്ചു താമസിച്ചു തുടങ്ങിയ മകള്‍ക്കും കൂട്ടുകാരനും സ്‌പെഷ്യല്‍ മാര്യേജ്
ആക്ടു പ്രകാരം വിവാഹിതരാകാനുളള സഹായം ചെയ്യാനും കഴിഞ്ഞു.

അപ്പോഴേയ്ക്കും ലോകസഞ്ചാരം കഴിഞ്ഞു ആലീസ് വീട്ടിലെത്തുകയായി. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയാണ് ഓരോ മാറിത്താമസവും. പിന്നെ വീണ്ടും അടുത്ത വഴക്ക്. വീണ്ടും ബിഗ്‌ഷോപ്പറുമായി..........
അപ്പോഴേയ്ക്കും അവരെ തപ്പി
അയാളിറങ്ങുകയായി. അങ്ങനെ ഒരു കളളനും പോലീസും കളി.

സാധാരണ വീടു വിട്ടിറങ്ങാന്‍ മടിയുളളവരാണ് സ്ത്രീകള്‍. അതില്‍ നിന്നു വ്യത്യസ്തമായി വീടു വിട്ടിറങ്ങുകയും ആ സ്വാതന്ത്ര്യം ആഘോഷിക്കുകയും അവള്‍ ചെയ്യുന്നുണ്ട്. പക്ഷേ തിരിച്ച് വീണ്ടും....
വിവാഹജീവിതം
ചക്കിന്‍മേല്‍ കെട്ടിയ കാളയെ മാതിരിയെങ്കിലും അത് ആകര്‍ഷിക്ക തക്കവിധം പെണ്ണിനെ രൂപപ്പെടുത്തിയെടുക്കുന്നുണ്ടോ? ഏതായാലും കാടാറുമാസം എന്നു പറഞ്ഞ പോലെ കൂടുതല്‍ ഊര്‍ജ്ജം നേടി അടുത്ത അടിതട ശീലം കൊണ്ട് അവള്‍ ആസ്വദിച്ചു തുടങ്ങിയിരിക്കുമോ?അല്ലെങ്കിലും ജീവിതം തന്നെ ഒരു കളളനും പോലീസും കളിയല്ലേ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക