Image

`മേരിക്കുട്ടി'യെ കാണാന്‍ തലസ്ഥാനത്ത്‌ ജയസൂര്യയ്‌ക്കൊപ്പം ജനപ്രതിനിധികളും

Published on 21 June, 2018
 `മേരിക്കുട്ടി'യെ കാണാന്‍ തലസ്ഥാനത്ത്‌ ജയസൂര്യയ്‌ക്കൊപ്പം ജനപ്രതിനിധികളും


രഞ്‌ജിത്‌ ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഞാന്‍ മേരിക്കുട്ടി കാണാന്‍ ഇരുവര്‍ക്കുമൊപ്പം തിയേറ്ററില്‍ ജനപ്രതിനിധികളും. മന്ത്രിമാരും എം.എല്‍.എമാരും സിനിമകാണാന്‍ എത്തിയതോടെ ഏരീസ്‌ പ്‌ളക്‌സില്‍ ഇന്നലെ നടന്ന ഫസ്റ്റ്‌ ഷോ വി.ഐ.പി പ്രദര്‍ശനമായി.

വൈകിട്ട്‌ ആറു മണിക്കാണ്‌ ജയസൂര്യയും രഞ്‌ജിത്തും തിയേറ്ററിലെത്തിയത്‌. മേരിക്കുട്ടിയെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതിലുള്ള നന്ദിയും ഇരുവരും പങ്കു വച്ചു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്‌ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളും സമൂഹത്തിന്‌ അവരോടുള്ള മനോഭാവവും പ്രമേയമാക്കിയ ചിത്രം ജനപ്രതിനിധികള്‍ക്കുക്കും പൊതു സമൂഹത്തിനും മുന്നില്‍ അവതരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.

മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ടി.പി രാമകൃഷ്‌ണന്‍, വി.എസ്‌ സുനില്‍ കുമാര്‍, എ.കെ.ശശീന്ദ്രന്‍, സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ഡോ.എം.കെ.മുനീര്‍, ശബരീനാഥ്‌, കെ.ബി.ഗണേഷ്‌ കുമാര്‍, കെ.പി.സി.സി പ്രസിഡന്റ്‌ എം.എം.ഹസന്‍, പന്തളം സുധാകരന്‍, ദിവ്യ എസ്‌.അയ്യര്‍ എന്നിവര്‍ സിനിമ കാണാന്‍ എത്തി. സിനിമ കണ്ട ശേഷം ഈ ചിത്രത്തിന്റെ പ്രസക്തിയെ കുറിച്ചും ജയസൂര്യയുടെ അഭിനയമികവിനെ കുറിച്ചും എല്ലാവരും മികച്ച അഭിപ്രായം രേഖപ്പെടുത്തി.

മലയാള സിനിമയിലെ ശ്രദ്ധേയമായ വഴിത്തിരിവായിരിക്കും ഈ ചിത്രമെന്ന്‌ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞു. കാരണം കലാസൃഷ്‌ടി എന്നു പറയുന്നത്‌ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരലാണെങ്കില്‍ ഈ ചിത്രം വന്‍ വിജയമാണ്‌. മലയാള സിനിമയില്‍ ശ്രദ്ധേയമായ ഒരുധ്യായമാണ്‌ ഈ ചിത്രം. ഞാന്‍ മേരിക്കുട്ടി എന്ന ഈ ചിത്രം സമൂഹത്തിനു നല്‍കുന്നത്‌ മികച്ചൊരു സന്ദേശമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നല്ല സന്ദേശം നല്‍കുന്ന സിനിമകള്‍ക്ക്‌ നല്ല പ്രാധാന്യം നാം കൊടുക്കാറുണ്ട്‌. ഇതു നല്ല കഥ. അല്‍പം പോലും ബോറടിപ്പിക്കാതെ അവസാനം വരെയും കണ്ടിരിക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനം. അതില്‍ ഏറ്റവും മികച്ചത്‌ ജയസൂര്യയുടെ അഭിനയമാണ്‌. മേരിക്കുട്ടിയായി അദ്ദേഹം തകര്‍ത്തഭിനയിക്കുമ്പോള്‍ അഭിനയപാടവത്തിന്റെ കൊടുമുടിയില്‍ എത്തി എന്നതാണ്‌ കാണാന്‍ കഴിയുക എന്നും ഹസന്‍ പറഞ്ഞു.


































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക