Image

മനോരമ കുടുംബം അനധികൃതമായി കൈവശം വെച്ച 400 ഏക്കര്‍ ഭൂമി തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്

Published on 21 June, 2018
മനോരമ കുടുംബം അനധികൃതമായി കൈവശം വെച്ച 400 ഏക്കര്‍ ഭൂമി തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്
മനോരമ കുടുംബം അനധികൃതമായി കൈവശം വെച്ചിരുന്ന മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ക്ഷേത്രത്തിന്‍റെ 400 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ കേരളാ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ്. മാത്രമല്ല വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള അനുമതിയും നിരാകരിച്ചു. ഇതോടെ വിവാദ ഭൂമി മനോരമയുടെ കൈയ്യില്‍ നിന്നും ക്ഷേത്രത്തിന് തിരികെ ലഭിക്കും. 
ബലനൂര്‍ പ്ലാന്‍റേഷന്‍ എന്ന കടലാസ് സ്ഥാപനത്തിന്‍റെ പേരിലാണ് മനോരമ കുടുംബം ക്ഷേത്രഭൂമി പാട്ടക്കാലാവധി കഴിഞ്ഞും കൈവശം വെച്ചിരുന്നത്. എന്നാല്‍ 2001-06 കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദനായിരുന്നു വിഷയം പുറത്തുകൊണ്ടു വന്നത്. തുടര്‍ന്ന് പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ ഉത്തരവിട്ടു. അങ്ങനെയാണ് വിഷയം കോടതിയുടെ മുമ്പിലെത്തിയത്. 
സാമൂതിരി രാജാവിന്‍റെ കാലത്ത് കോട്ടയത്തെ തയ്യില്‍ കുടുംബത്തിലെ ചെറിയാന് പാട്ടത്തിന് നല്‍കി. കോഴിക്കോട് സാമുതിരി മാനവിക്രമ രാജ 1943ലാണ് പാട്ടത്തിന് ഭൂമി നല്‍കിയത്. പന്തല്ലൂര്‍ ക്ഷേത്രഭൂമിയായിരുന്നു ഇത്. ഫോറസ്റ്റ് ആക്ട് അനുസരിച്ച് 60 വര്‍ഷത്തെ കാലാവധി നിശ്ചയിച്ചാണ് പാട്ടം അനുവദിച്ചത്. എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ അട്ടിമറിക്കുകയും 1974 മുതല്‍ പാട്ടത്തുക അടയ്ക്കുകയും ചെയ്തിട്ടില്ല. 2003ല്‍ ഭൂമിയുടെ കരാര്‍ കാലവധി അവസാനിച്ചു. എന്നാല്‍ ഭൂമി തിരികെ നല്‍കാന്‍ പാട്ടക്കാരന്‍ തയാറായില്ല. മാത്രമല്ല ഭൂമി സ്വന്തമാക്കാന്‍ വ്യാജപട്ടയം സംഘടിപ്പിക്കാന്‍ നീക്കമുണ്ടായി.   എന്നാല്‍ പാട്ടക്കരാര്‍ ലംഘനത്തിനെതിരെ ക്ഷേത്രം ഭാരവാഹികള്‍ കോടതിയിലെത്തി. ഇപ്പോള്‍ അനധികൃത കൈയ്യേറ്റം കണ്ടെത്തിയ ഹൈക്കോടതി ഭൂമി തിരിച്ചു പിടിക്കാന്‍ ഉത്തരവിട്ടു. 
ഈ കേസിലെ ഏറ്റവും രസകരമായ സംഗതിയെന്തെന്നാല്‍ ഈ വിഷയം ജനശ്രദ്ധയിലേക്ക് കൊണ്ടു വരുന്നത് മറ്റൊരു മാധ്യമസ്ഥാപനമായിരുന്നു എന്നതാണ്. ഇന്ത്യാവിഷന്‍ ചാനലാണ് മനോരമ കുടുംബത്തിനെതിരെയുള്ള ഈ വാര്‍ത്ത ശ്രദ്ധയില്‍ കൊണ്ടു വരുന്നത്. എന്നാല്‍ വാര്‍ത്തയുടെ പരിസമാപ്തി കാണാന്‍ ഇന്ന് ഇന്ത്യാ വിഷന്‍ എന്ന സ്ഥാപനം നിലവിലില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക